Big stories

ബംഗാളില്‍ കളി അവസാനിച്ചിട്ടില്ല; തൃണമൂലിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങി കാത്തിരിക്കുന്നത് നിരവധി നേതാക്കള്‍

ബംഗാളില്‍ കളി അവസാനിച്ചിട്ടില്ല; തൃണമൂലിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങി കാത്തിരിക്കുന്നത് നിരവധി നേതാക്കള്‍
X

കൊല്‍ക്കത്ത: മമതയുടെ വിജയത്തോടെ ബംഗാളിലെ രാഷ്ട്രീയക്കളികള്‍ അവസാനിക്കില്ലെന്ന് ഏകദേശം ഉറപ്പായി. ബിജെപിയുടെ വിജയസാധ്യതകള്‍ കണ്ട് അങ്ങോട്ട് പോയവരില്‍ ചിലരെങ്കിലും ഇപ്പോള്‍ മമതയുടെ അടുത്തേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്.

ബിജെപി അഖിലേന്ത്യാ നേതൃത്വം നേരിട്ട് പടനയിച്ച ബംഗാള്‍ തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിടത്തോളം പ്രത്യക്ഷത്തില്‍ വലിയ പരാജയമായിരുന്നു. തൃണമൂലിനെ മലര്‍ത്തിയടിച്ച് അധികാരത്തിലെത്താനാവുമെന്ന് തിരഞ്ഞെടുപ്പിന് മുന്‍പ് പ്രഖ്യാപിച്ച ബിജെപി അഖിലേന്ത്യാ നേതൃത്വത്തിന്റെ വാഗ്ദാനത്തില്‍ മുങ്ങി മുപ്പതോളം പ്രമുഖ നേതാക്കളാണ് തൃണമൂല്‍ വിട്ടത്. കളി തുടങ്ങിയെന്നായിരുന്നു ബിജെപിയുടെ മുദ്രാവാക്യം.

മമതയുടെ വിശ്വസ്തനായിരുന്ന മുന്‍ തൃണമൂല്‍ നേതാവ് സുവേന്ദു അധികാരിയും സംഘവും മമതയ്ക്കു നേരെ ഉയര്‍ത്തിയ വെല്ലുവിളി ചെറുതായിരുന്നില്ല. ഹിന്ദു ഐക്യത്തിന്റെ രൂപത്തിലും കേന്ദ്ര അധികാരം കയ്യിലെടുത്തുകൊണ്ടും തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ചുമാണ് ആ പട മുന്നോട്ട് പോയത്.

എന്നാല്‍ വേണ്ടിടത്ത് വര്‍ഗീയ, സവര്‍ണ കാര്‍ഡ് ചുഴറ്റിയും കയ്യൂക്കുകൊണ്ടും മമത കളം തിരിച്ചുപിടിച്ചതോടെ കാറ്റ് തിരിഞ്ഞുവീശുകയായി. നിരവധി നേതാക്കളാണ് ഘര്‍വാപ്പസിക്കായി കാത്തിരിക്കുന്നത്. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് മുകുള്‍ റോയിയാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്ന നേതാവ്.

എന്‍ഡിടിവിയാണ് ഇതുസംബന്ധിച്ച സ്‌കൂപ്പ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ മുകുള്‍ റോയി പ്രതികരിക്കാന്‍ തയ്യാറായില്ല.

തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കഴിഞ്ഞ ദിവസം മുകുളിനെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ കൊവിഡ് ബാധിച്ച്് ചികില്‍സയില്‍ കഴിയുകയാണ്. തുടര്‍ന്നാണ് മുകുള്‍ തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന സൂചന അഭിഷേത് പുറത്തുവിടുന്നത്. എംപി സൗഗധ റോയി അക്കാര്യം വാര്‍ത്താമാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.

''തൃണമൂലിലേക്ക് പോയ നിരവധി നേതാക്കള്‍ തിരിച്ചുവരുന്നതിനുവേണ്ടി അഭിഷേക് ബാനര്‍ജിയെ സമീപിച്ചിരുന്നു. സമയം വന്നപ്പോള്‍ പാര്‍ട്ടിയെ തങ്ങള്‍ വഞ്ചിച്ചുവെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അവസാന തീരുമാനം എടുക്കേണ്ടത് മമതയാണ്''- സൗഗുത പറഞ്ഞു.

മുകുള്‍ അവസാനത്തെ ആളല്ല, തിരിച്ചുവരവിനുള്ള കത്തിരിക്കുന്ന വേറെയും നേതാക്കളുണ്ട്.

മുന്‍ എംഎല്‍എ ബിബേന്ദു ബിശ്വാസ് തിരിച്ചെടുക്കണമെന്നഭ്യര്‍ത്ഥിച്ച് മമതക്ക് കത്തെഴുതിയിട്ടുണ്ട്. തനിക്ക് മാപ്പുതരണമെന്നാണ് കത്തിലുള്ളത്. ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് ബിപേന്ദു പാര്‍ട്ടി വിട്ടത്. 24 നോര്‍ത്ത് പര്‍ഗാനയിലെ എംഎല്‍എയായിരുന്നു അദ്ദേഹം. തന്റെ നീക്കങ്ങള്‍ വൈകാരികവും തെറ്റായതുമായിരുന്നെന്ന് ബിശ്വാസ് കത്തിലെഴുതി.

തിരിച്ചുവരവിനൊരുങ്ങുന്ന അടുത്ത ആള്‍ സോണാലി ഗുഹയാണ്. അവരും പശ്ചാത്താപ വിവശയായി കത്തെഴുതിയിരുന്നു. മല്‍സ്യത്തിന് വെള്ളമില്ലാതെ ജീവിക്കാനാവാത്തപോലെ തനിക്കും മമതയില്ലാതെ ജീവിക്കാനാവില്ലെന്നായിരുന്നു കത്തിലെ വരികള്‍.

സര്‍ല മുര്‍മു ബിജെപിയിലേക്ക് പോയതും ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ്. തന്നെ തിരിച്ചെടുക്കുകയാണെങ്കില്‍ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് അവര്‍ പറഞ്ഞു. താന്‍ തെറ്റാണ് ചെയ്തതെന്നും അവര്‍ അംഗീകരിച്ചു.

നോര്‍ത്ത് ദിനാജ്പൂര്‍ എംഎല്‍എയായ അമോല്‍ ആചാര്യ പറയുന്നത് തൃണമൂല്‍ നേതാക്കള്‍ക്കെതിരേ ഉണ്ടായ സിബിഐ നടപടിയില്‍ പ്രതിഷേധിച്ച് താന്‍ പാര്‍ട്ടി വിടുമെന്നാണ്.

പാര്‍ട്ടി പുറത്തുപോയവരെ രണ്ട് രീതിയിലാണ് കണക്കാക്കുന്നത്. പാര്‍ട്ടിവിട്ട് മമതാ ബാനര്‍ജിയെ പരിഹസിക്കാത്തവരും പാര്‍ട്ടി വിട്ട് മമതാ ബാനര്‍ജിയെ അപമാനിച്ചവരും. ആദ്യ കൂട്ടരെ തിരിച്ചുകൊണ്ടുവരുന്നതില്‍ തെറ്റില്ലെന്നാണ് പാര്‍ട്ടി കരുതുന്നത്. പുറത്തുപോയ ശേഷം സുവേന്ദു അധികാരി മമതയെക്കുറിച്ച് ആക്ഷേപിച്ച് സംസാരിച്ചിരുന്നെങ്കിലും മുകള്‍ റോയി നിശ്ശബ്ദനായിരുന്നുവെന്ന് സൗഗത പറയുന്നു.

മമതയുടെ ഏറ്റവും ശക്തനായ വക്താക്കളിലൊരാളായിരുന്നു മുകുള്‍ റോയി. 2017ല്‍ പാര്‍ട്ടി വിട്ട ഏറ്റവും വലിയ നേതാവും മുകുള്‍ റോയി ആയിരുന്നു. പില്‍ക്കാലത്ത് തൃണമൂലില്‍ നിന്ന് ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്കിനു പിന്നിലും മുകുള്‍ ആയിരുന്നു. വിവിധ തലത്തിലുളള നിരവധി നേതാക്കളാണ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി വിട്ടത്. അതില്‍ എംഎല്‍എമാരും സംസ്ഥാന, ജില്ലാ നേതാക്കളും ഉള്‍പ്പെടുന്നു.

ആ കാറ്റാണ് ഇപ്പോള്‍ തിരിച്ചുവീശുന്നത്. അതേസമയം അധികാരത്തിലെത്താനായില്ലെങ്കിലും കേവലും മൂന്ന് സീറ്റില്‍ നിന്ന് എഴുപതോളം സീറ്റില്‍ ജയിക്കാന്‍ ബിജെപിയെ സഹായിച്ചത് ഇതേ നേതാക്കളാണെന്ന യാഥാര്‍ത്ഥ്യം ബാക്കിനില്‍ക്കുന്നു.

Next Story

RELATED STORIES

Share it