Big stories

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വംശഹത്യയ്ക്ക് 74 വയസ്സ്

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വംശഹത്യയ്ക്ക് 74 വയസ്സ്
X

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വംശഹത്യയെക്കുറിച്ച് എത്ര പേര്‍ക്കറിയാം. മുസ്‌ലിം വംശഹത്യയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന അവസരങ്ങളില്‍ ഓര്‍മകളില്‍ നിറയുന്നത് 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചാണ്. ആധുനിക ഇന്ത്യന്‍ ചരിത്രത്തിലൊന്നും ചര്‍ച്ച ചെയ്യപ്പെടാതെ പോയ സംഭവമായി മാറിയിരിക്കുകയാണ് 1948ല്‍ ഹൈദരാബാദില്‍ നടന്ന മുസ്‌ലിം വംശഹത്യ. ലക്ഷക്കണക്കിന് മുസ്‌ലിംകളെ കൂട്ടക്കുരുതി നടത്തിയ ഭീകരത അരങ്ങേറിയിട്ടും ചരിത്രത്താളുകളിലൊന്നും ഇതിന് വേണ്ടത്ര പ്രാധാന്യം ലഭിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

ഇന്ത്യ സ്വതന്ത്രയായി ഒരുവര്‍ഷം കഴിഞ്ഞ് 1948 സപ്തംബര്‍ 17, 18 തിയ്യതികളിലായാണ് ഹൈദരാബാദ് നാട്ടുരാജ്യത്ത് നടന്ന കൂട്ടക്കൊലയെ വിമോചന ദിനമായാണ് ശത്രുപാളയത്തുണ്ടായിരുന്നവരുടെ പിന്‍മുറക്കാര്‍ ഇന്നും ആഘോഷിക്കുന്നത്. 'പോലിസ് ആക്ഷന്‍' എന്ന ഒമനപ്പേരിലാണ് 1948 സപ്തംബര്‍ 17, 18 തിയ്യതികളില്‍ ഹൈദരാബാദ് നാട്ടുരാജ്യത്ത് സൈന്യത്തിന്റെ നേതൃത്വത്തില്‍ കൊള്ളയും, തീവയ്പ്പും, കൊലപാതകവും, ബലാല്‍സംഗവും വലിയ തോതില്‍ അരങ്ങേറിയത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം വംശഹത്യയാണെന്ന് ലോകം അറിയാതെ ഇത് ദിവസങ്ങളോളം തുടര്‍ന്നു.

വംശഹത്യയില്‍ രണ്ടുലക്ഷത്തിലധികം മുസ്‌ലിംകള്‍ കൊല്ലപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. മുസ്‌ലിം നാട്ടുരാജാക്കന്‍മാര്‍ ഭരിച്ചിരുന്ന ഹൈദരാബാദിനെ ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കാനുള്ള സര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങളും വിഫലമായപ്പോഴാണ് 1948 ല്‍ ഇന്ത്യന്‍ സൈന്യം ഹൈദരാബാദില്‍ പ്രവേശിച്ചത്. ഹൈദരാബാദ് ഭരണാധികാരി നൈസാം ഉസ്മാന്‍ അലിക്കെതിരേയായിരുന്നു സൈനികനീക്കം. ഹൈദരാബാദ് ഭരണകൂടത്തിനെതിരായ മൂന്നുദിവസത്തെ പോലിസ് നടപടിയില്‍ ഏകദേശം 20 ശതമാനം മുസ്‌ലിം പുരുഷന്‍മാര്‍ക്ക് ജീവന്‍ നഷ്ടമായി.

മൗലാനാ അബുല്‍ കലാം ആസാദിനെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് മുസ്‌ലിംകളെ ക്രൂരമായി കൊലപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ സുന്ദര്‍ലാല്‍ കമ്മിറ്റി രൂപീകരിക്കാന്‍ പ്രധാനമന്ത്രി നെഹ്‌റുവിനെ നിര്‍ബന്ധിതരാക്കിയത്. ഗ്രാമങ്ങളിലെ മുസ്‌ലിംകള്‍ നിരായുധരായപ്പോള്‍ സൈന്യം ഹിന്ദുക്കളുടെ കൈവശം ആയുധങ്ങള്‍ നല്‍കിയെന്ന് സുന്ദര്‍ലാല്‍ കമ്മിറ്റിയുടെ റിപോര്‍ട്ടുകള്‍ പരാമര്‍ശിക്കുന്നു. സായുധ സേനാംഗങ്ങള്‍ ഗ്രാമങ്ങളില്‍ നിന്ന് പ്രായപൂര്‍ത്തിയായ മുസ്‌ലിം പുരുഷന്‍മാരെ കൊണ്ടുവന്ന് കൂട്ടക്കൊല ചെയ്തു.

അറിയപ്പെടുന്ന ഹിന്ദു വര്‍ഗീയ സംഘടനകളില്‍പ്പെട്ട സായുധരും പരിശീലനം ലഭിച്ചവരുമായ നിരവധി പേര്‍ മുസ്‌ലിം കൂട്ടക്കൊലയില്‍ പങ്കെടുത്തതായി കമ്മിറ്റി കണ്ടെത്തി. ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് മുസ്‌ലിമിന്റെ വീട് കാണിച്ചുകൊടുത്തത് ആര്യസമാജത്തിന്റെയും ഹിന്ദു മഹാസഭയുടെയും പ്രവര്‍ത്തകരായിരുന്നു. അവരുടെ സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്തു. വര്‍ഗീയ ആക്രമണത്തിനിടെ മുസ്‌ലിം സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാക്കപ്പെടുകയും ദശലക്ഷക്കണക്കിന് കുട്ടികള്‍ അനാഥരാവുകയും ചെയ്തു.

2002ല്‍ ഗുജറാത്ത് കലാപസമയത്ത് അഹമ്മദാബാദില്‍ സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിച്ചിരിക്കാം. 1948ല്‍ ഗുജറാത്ത് പോലിസ് കലാപകാരികളുടെ പക്ഷത്തായിരുന്നു എങ്കില്‍ ഹൈദരാബാദില്‍ കലാപകാരികളുടെ പക്ഷം ചേര്‍ന്നത് സൈന്യമായിരുന്നു. മുസ്‌ലിം രക്തമെടുത്ത് വംശഹത്യ ആഘോഷിക്കാനുള്ള ബിജെപിയുടെ മോഹമാണ് ഈ സംഭവത്തെ 'ഹൈദരാബാദ് വിമോചന ദിനം' എന്ന് വിളിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്.

മുസ്‌ലിംകളെ ഈ രാജ്യത്ത് അന്യരായി കണക്കാക്കപ്പെടുകയും അവരോടുള്ള വിദ്വേഷം ഒന്നുകൊണ്ടുമാത്രമാണ് ഒരു നാട്ടുരാജ്യത്തിന്റെ സംയോജനത്തെ ഇന്ത്യയില്‍ വിമോചന ദിനമെന്ന് വിളിക്കുകയും ചെയ്യുന്നത്. പല നാട്ടുരാജ്യങ്ങളും ഇന്ത്യയിലേക്ക് സംയോജിപ്പിക്കപ്പെട്ടു. എന്നാല്‍, ആ സംസ്ഥാനങ്ങളിലൊന്നും 'വിമോചന'ത്തിന് ആഘോഷമില്ല. കാരണം അവയുടെ സംയോജനത്തിന് ശേഷം വംശഹത്യ നടന്നിട്ടില്ല. 1948 ലേത് സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ആദ്യത്തെ മുസ്‌ലിം വംശഹത്യയാണ് എന്നതുകൊണ്ട് മാത്രമാണ് ഹിന്ദുത്വര്‍ അതിനെ 'വിമോചന ദിനം' എന്ന പേരില്‍ മുസ്‌ലിംകള്‍ക്കെതിരായ ഹിന്ദുക്കളുടെ വിജയമായി ആഘോഷിക്കാന്‍ തയ്യാറാവുന്നത്.

Next Story

RELATED STORIES

Share it