Big stories

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍; സുപ്രീംകോടതി കേന്ദ്രത്തോട് വിശദീകരണം തേടി

എന്‍പിആറിനായി ശേഖരിച്ച ഡാറ്റ ദേശീയ പൗരത്വ രജിസ്റ്ററിനായി (എന്‍ആര്‍സി) ഉപയോഗിക്കുന്നതിന് പൗരത്വ ഭേദഗതി നിയമം റൂള്‍ 4 അനുമതി നല്‍കുന്നുണ്ട്.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍; സുപ്രീംകോടതി കേന്ദ്രത്തോട് വിശദീകരണം തേടി
X

ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടിസയച്ചു. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) ഭരണഘടനാവിരുദ്ധവും അന്തസ്സിന്റെയും സമത്വത്തിന്റെയും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് സുപ്രീംകോടതിയുടെ നടപടി.

പശ്ചിമ ബംഗാളില്‍ നിന്നുള്ള ഇസ്രാഉല്‍ ഹഖ് മൊണ്ടാല്‍ എന്ന വ്യക്തി സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നേട്ടിസയച്ചിരിക്കുന്നത്. 2019 ജൂലൈ 31നാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയത്. 2020 ഏപ്രിലിലാണ് ഇതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. എന്‍പിആറിനായി ശേഖരിച്ച ഡാറ്റ ദേശീയ പൗരത്വ രജിസ്റ്ററിനായി (എന്‍ആര്‍സി) ഉപയോഗിക്കുന്നതിന് പൗരത്വ ഭേദഗതി നിയമം റൂള്‍ 4 അനുമതി നല്‍കുന്നുണ്ട്.

ദേശീയ ജനസംഖ്യാ രജിസ്റ്ററിലേക്കുള്ള കണക്കെടുപ്പിനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ കേരളവും പശ്ചിമബംഗാളും നേരത്തെ ഉത്തരവിട്ടിരുന്നു. ദേശീയ ജനസംഖ്യാ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗിച്ചേക്കുമെന്ന ആശങ്കയുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഇരുസംസ്ഥാനങ്ങളുടെയും അടിയന്തര ഇടപെടല്‍.

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാണെന്ന് വാദിച്ചുള്ള ഹരജി ജനുവരി 22 നാണ് സുപ്രിംകോടതി പരിഗണിക്കുന്നത്.

പ്രക്ഷോഭം ശക്തമായതോടെ രാജ്യവ്യാപകമായി എന്‍ആര്‍സി നടപടികള്‍ നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നയപരമായ തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവച്ചിട്ടില്ല. എന്‍പിആര്‍ നടപടികള്‍ക്കായി 3,941.35 കോടി രൂപ ചെലവാകുമെന്നും നടപടിക്രമങ്ങള്‍ 2020 സെപ്റ്റംബര്‍ വരെ തുടരുമെന്നും മാധ്യമ വാര്‍ത്തകളെ ഉദ്ധരിച്ച് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it