Sub Lead

370ാം അനുച്ഛേദം എക്കാലത്തും നിലനിര്‍ത്തേണ്ടതല്ല; വിവാദപ്രസ്താവനയുമായി വീണ്ടും ശശി തരൂര്‍

ആര്‍ട്ടിക്കിള്‍ 370 നിലനില്‍ക്കേണ്ട കാലത്തോളം നിലനില്‍ക്കണമെന്നും എന്നാല്‍, അത് എപ്പോഴും നിലനില്‍ക്കേണ്ടതില്ലെന്നുമാണ് നെഹ്‌റു പോലും പറഞ്ഞത്. അതേസമയം, പ്രത്യേക പദവി റദ്ദാക്കുകയും ജമ്മു കശ്മീരില്‍ അത് നടപ്പാക്കുകയും ചെയ്ത രീതി ഭരണഘടനയുടെ സത്തയ്ക്ക് നിരക്കുന്നതല്ലായിരുന്നു എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്.

370ാം അനുച്ഛേദം എക്കാലത്തും നിലനിര്‍ത്തേണ്ടതല്ല; വിവാദപ്രസ്താവനയുമായി വീണ്ടും ശശി തരൂര്‍
X

ന്യൂഡല്‍ഹി: മോദി സ്തുതിക്ക് പിന്നാലെ വിവാദപ്രസ്താവനയുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്ത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം എക്കാലത്തും നിലനില്‍ക്കേണ്ടതാണെന്ന് വാദിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയത്. എല്ലാ കാലത്തും നിലനിര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നില്ല കശ്മീരിന്റെ പ്രത്യേക പദവി എന്നാണ് തന്റെ നിലപാട്. ഇന്ത്യന്‍ യൂനിയന്റെ ഭാഗമാണ് ജമ്മു കശ്മീര്‍ എന്ന കാര്യത്തില്‍ (കോണ്‍ഗ്രസില്‍) ആശയക്കുഴപ്പമില്ല. എന്നാല്‍, ആര്‍ട്ടിക്കിള്‍ 370നെ തങ്ങള്‍ എല്ലാ കാലത്തും പിന്തുണയ്ക്കുമോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. അതിന്റെ ഉത്തരം ഇല്ല എന്നാണ്.

ആര്‍ട്ടിക്കിള്‍ 370 നിലനില്‍ക്കേണ്ട കാലത്തോളം നിലനില്‍ക്കണമെന്നും എന്നാല്‍, അത് എപ്പോഴും നിലനില്‍ക്കേണ്ടതില്ലെന്നുമാണ് നെഹ്‌റു പോലും പറഞ്ഞത്. അതേസമയം, പ്രത്യേക പദവി റദ്ദാക്കുകയും ജമ്മു കശ്മീരില്‍ അത് നടപ്പാക്കുകയും ചെയ്ത രീതി ഭരണഘടനയുടെ സത്തയ്ക്ക് നിരക്കുന്നതല്ലായിരുന്നു എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനമെടുക്കണമെങ്കില്‍ കശ്മീരികളുടെ അഭിപ്രായം തേടേണ്ടതുണ്ട്. എന്നിട്ട് എന്തുകൊണ്ട് അത് നീക്കരുത് എന്നതുസംബന്ധിച്ച് നാഷനല്‍ കോണ്‍ഫറന്‍സ് പോലുള്ള രാഷ്ട്രീയപ്പാര്‍ട്ടികളെ കേള്‍ക്കേണ്ടതുണ്ട്. പക്ഷേ, ഇത് എന്നെന്നേക്കുമായി കല്ലില്‍ കൊത്തിവച്ചതുപോലെ നില്‍ക്കണമെന്ന നിലപാട് എനിക്കില്ല.

ഗില്‍ജിത് ബാള്‍ട്ടിസ്താനിലും പാക് അധീന കശ്മീരിലും മറ്റുമുള്ള പാകിസ്താന്റെ ചെയ്തികളോട് നമുക്ക് പ്രതിഷേധമുണ്ട്. എന്നാല്‍, അതേതരത്തിലുള്ള കാര്യങ്ങള്‍തന്നെയാണ് ഇപ്പോള്‍ ജമ്മു കശ്മരില്‍ ഇന്ത്യ ചെയ്തിരിക്കുന്നതെന്നും തരൂര്‍ വ്യക്തമാക്കി. ദശലക്ഷക്കണക്കിനാളുകളുടെ വിശ്വാസങ്ങള്‍ ബഹുമാനിക്കപ്പെടേണ്ടതാണ് എന്നാണ് എന്റെ എക്കാലത്തെയും കാഴ്ചപ്പാട്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, അയോധ്യയില്‍ യഥാര്‍ഥത്തില്‍ പണ്ടൊരു ക്ഷേത്രമുണ്ടായിരുന്നു എന്നതിന് തെളിവ് ലഭിച്ചാല്‍, അതൊരു രാമക്ഷേത്രമായിരുന്നു എന്ന ജനപ്രിയഗാഥയില്‍ കഴമ്പുണ്ടെങ്കില്‍ അത്രമേല്‍ ആഴത്തിലുള്ള ഒരു വിശ്വാസം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, മറ്റൊരു സമുദായത്തിന്റെ ആരാധനാലയത്തെ നശിപ്പിക്കാതെതന്നെ ഏതെങ്കിലും തരത്തിലുള്ള ഒരു ഉചിതമായ ക്ഷേത്രം അവിടെ ഉണ്ടാവേണ്ടതുണ്ടെന്ന വാദത്തില്‍ കഴമ്പുണ്ട്.

എന്നാല്‍, അത്തരമൊരു സമവായമുണ്ടാവാതെ അക്രമത്തിലെത്തുകയും പള്ളി തകര്‍ക്കപ്പെടുകയും ചെയ്തു. ഇന്ത്യയുടെ മനസ്സാക്ഷിക്കേറ്റ കളങ്കമാണത്. ഇപ്പോള്‍ കാര്യം കോടതികളുടെ മുമ്പിലാണെന്നും അതുകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ല. ഏകീകൃത സിവില്‍ കോഡ് മോശം ആശയമാണെന്ന അഭിപ്രായമില്ല. ചില സമുദായങ്ങള്‍ എതിര്‍ത്തതിനാല്‍ അനുനയനീക്കം അനിവാര്യമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. മോദി അനുകൂല പ്രസ്താവനയുടെ പേരില്‍ തരൂരിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയും കെപിസിസി അദ്ദേഹത്തോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. തരൂര്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് വിലയിരുത്തിയ കെപിസിസി അദ്ദേഹത്തിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. ഇതിന് പിന്നാലെ വിവാദപ്രസ്താവനയുമായി തരൂര്‍ വീണ്ടും രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് വെട്ടിലായിരിക്കുകയാണ്.

Next Story

RELATED STORIES

Share it