Big stories

ശബരിമല: ബിന്ദുവിനും കനകദുര്‍ഗയ്ക്കും സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയും ബിന്ദുവും സുരക്ഷ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ്. അതേസമയം, മതിയായ സുരക്ഷ ഇപ്പോള്‍തന്നെ നല്‍കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആ സംരക്ഷണം തുടരണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ച കോടതി ഹരജി തീര്‍പ്പാക്കി.

ശബരിമല: ബിന്ദുവിനും കനകദുര്‍ഗയ്ക്കും സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും പോലിസ് സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയും ബിന്ദുവും സുരക്ഷ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ്. അതേസമയം, മതിയായ സുരക്ഷ ഇപ്പോള്‍തന്നെ നല്‍കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആ സംരക്ഷണം തുടരണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ച കോടതി ഹരജി തീര്‍പ്പാക്കി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഇന്ന് ഹരജി പരിഗണിച്ചത്. ശബരിമലയില്‍ ദര്‍ശനം നടത്തിയതില്‍ സുരക്ഷ ആവശ്യപ്പെട്ട 51 യുവതികള്‍ക്ക് സുരക്ഷ നല്‍കിയിട്ടുണ്ടെന്ന് കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. അതിന്റെ പട്ടികയും സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ പട്ടികയില്‍ യുവതികളുടെ പേരും മേല്‍വിലാസവുമടക്കമുള്ള വിശദാംശങ്ങളുണ്ട്. ശബരിമലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ മൂന്നുപേരടങ്ങിയ നിരീക്ഷകസമിതിയെ കേരളാ ഹൈക്കോടതി നിയോഗിച്ചിട്ടുമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകനായ വിജയ് ഹന്‍സരിയയാണ് സംസ്ഥാനസര്‍ക്കാരിന് വേണ്ടി ഹാജരായത്.

പ്രസിദ്ധ അഭിഭാഷകയായ ഇന്ദിരാ ജയ്‌സിംഗാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും വേണ്ടി ഇന്ന് സുപ്രിംകോടതിയില്‍ ഹാജരായത്. പൗരന്‍മാരുടെ ജീവനും സ്വത്തും സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാനസര്‍ക്കാരാണെന്ന് നിരീക്ഷിച്ച സുപ്രിംകോടതി, അത് ഉറപ്പാക്കണമെന്ന് സംസ്ഥാനസര്‍ക്കാരിന് നിര്‍ദേശം നല്‍കുകയായിരുന്നു. ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ പുനപ്പരിശോധനാഹര്‍ജികള്‍ പരിഗണിക്കുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട് സുപ്രിംകോടതി പരിഗണിച്ച ആദ്യഹരജിയാണിത്. എന്നാല്‍, ഈ ഹരജിയെ 22ന് ശേഷം വാദം കേള്‍ക്കാനിരിക്കുന്ന പുനപ്പരിശോധനാ ഹരജികളുമായി ചേര്‍ക്കണമെന്ന ആവശ്യം സുപ്രിംകോടതി നിരസിച്ചു.

Next Story

RELATED STORIES

Share it