Big stories

ഹര്‍ത്താല്‍ അക്രമം: 1097 കേസുകളിലും ശശികല, സെന്‍കുമാര്‍ ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കുമെന്ന് സര്‍ക്കാര്‍

ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് ആര്‍എസ്എസ് ബിജെപി നേതാക്കളടക്കം 13 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടി തുടങ്ങിയതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഹര്‍ത്താല്‍ അക്രമം:  1097 കേസുകളിലും ശശികല, സെന്‍കുമാര്‍  ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കുമെന്ന് സര്‍ക്കാര്‍
X

കൊച്ചി: ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിട്ട സംഭവങ്ങളില്‍ കര്‍ശന നടപടികളുമായി മുന്നോട്ടുപോവുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഹര്‍ത്താല്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 1097 കേസുകളിലും ആര്‍എസ്എസ് ബിജെപി നേതാക്കളടക്കം 13 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടി തുടങ്ങിയതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കെ പി ശശികല, ടി പി സെന്‍കുമാര്‍, കെ എസ് രാധാകൃഷണന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും ഇതില്‍ ഉള്‍പ്പെടുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ജനുവരി മൂന്നിന് നടന്ന ശബരിമല ഹര്‍ത്താലിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കര്‍ശന നടപടികളുമായി മുന്നോട്ടുപോവുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള, ആര്‍എസ്എസ് സംസ്ഥാന നേതാവ് പിഇബി മേനോന്‍ അടക്കമുള്ളവര്‍ പ്രതികളാണ്. മുന്‍ കാലടി സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ കെ എസ് രാധാകൃഷണന്‍, മുന്‍ ഡിജിപി സെന്‍കുമാര്‍, കെ പി ശശികല, കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ക്കതെിരേയും കേസെടുത്ത് മുന്നോട്ടു പോവാനാണ് സര്‍ക്കാര്‍ തീരുമാനം.

പോലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി പി അശോക് കുമാര്‍ ഐപിഎസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചില കേസുകളില്‍ ഇവരെ പ്രതിയാക്കി കോടതിയില്‍ റിപോര്‍ട്ട് നല്‍കിക്കഴിഞ്ഞു. മറ്റു കേസുകളില്‍ പ്രതിയാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും സീനിയര്‍ ഗവ. പ്ലീഡര്‍ വി മനു മുഖേനെ സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നു.

ഹര്‍ത്താലില്‍ നേരിട്ട് ഇവര്‍ പങ്കെടുത്തിട്ടില്ലെങ്കിലും ഇവരുടെ ആഹ്വാനപ്രകാരമാണ് ഹര്‍ത്താല്‍ നടപ്പായത്. അതു കൊണ്ട് തന്നെ സുപ്രിം കോടതി ഉത്തരവനുസരിച്ച് ആഹ്വാനം ചെയ്തവര്‍ക്ക് ഹര്‍ത്താല്‍ ആക്രമണങ്ങളില്‍ ഉത്തരവാദിത്വമുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

Next Story

RELATED STORIES

Share it