Big stories

രാമക്ഷേത്രത്തിനു സംഭാവന നല്‍കാത്തവരുടെ വീടുകള്‍ അടയാളപ്പെടുത്തി ആര്‍എസ്എസ്

ജര്‍മനിയില്‍ നാസികള്‍ ചെയ്തതിന് സമാനമെന്ന് എച്ച് ഡി കുമാരസ്വാമി

രാമക്ഷേത്രത്തിനു സംഭാവന നല്‍കാത്തവരുടെ വീടുകള്‍ അടയാളപ്പെടുത്തി ആര്‍എസ്എസ്
X

ബെംഗളൂരു: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തിനു വേണ്ടി സംഭാവന നല്‍കാത്തവരുടെ വീടുകള്‍ക്ക് ആര്‍എസ്എസ് പ്രത്യേകരീതിയില്‍ അടയാളം നല്‍കുന്നതായി ആരോപണം. കര്‍ണാടകയിലാണ് ഇത്തരം സംഭവങ്ങളുണ്ടായതെന്നും ജര്‍മനിയില്‍ നാസികള്‍ ചെയ്തതിന് സമാനമാണിതെന്നും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പറഞ്ഞു. എന്നാല്‍, ആരോപണം ആര്‍എസ്എസ് തള്ളി. ജര്‍മ്മനിയില്‍ നാസി പാര്‍ട്ടി സ്ഥാപിതമായ സമയത്താണ് ആര്‍എസ്എസ് ഇന്ത്യയില്‍ ജനിച്ചതെന്ന് തുടര്‍ച്ചയായ ട്വീറ്റുകളിലൂടെ ജെഡി (എസ്) നേതാവ് കുമാരസ്വാമി ആഞ്ഞടിച്ചു.

രാമക്ഷേത്ര നിര്‍മാണത്തിന് ഫണ്ട് നല്‍കിയവരുടെയും നല്‍കാത്തവരുടെയും വീടുകള്‍ പ്രത്യേകം അടയാളപ്പെടുത്തുന്നതായാണ് ആരോപണം. ഹിറ്റ്‌ലറുടെ ഭരണകാലത്ത് ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ നാസികള്‍ ജര്‍മനിയില്‍ ചെയ്തതിന് സമാനമാണിതെന്നും കുമാരസ്വാമി ട്വീറ്റ് ചെയ്തു. രാജ്യത്ത് എന്തും സംഭവിക്കാമെന്ന് ആശങ്കയുയര്‍ത്തുന്നതാണ് ഇത്തരം പ്രവണതകളില്‍ നിന്ന് വ്യക്തമാവുന്നത്. ഇതെല്ലാം രാജ്യത്തെ എവിടേക്ക് കൊണ്ടുപോവുമെന്ന് അദ്ദേഹം ചോദിച്ചു.

'നാസികള്‍ സ്വീകരിച്ചതിനു സമാനമായ നയങ്ങള്‍ നടപ്പാക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചാല്‍ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ആശങ്കയുണ്ട്. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ഇപ്പോള്‍ രാജ്യത്ത് തട്ടിയെടുക്കുകയാണ്. ആളുകള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ കഴിയാത്തതിനാല്‍ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ഈയിടെ കുമാരസ്വാമി ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, കുമാരസ്വാമിയുടെ അഭിപ്രായങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നായിരുന്നു ആര്‍എസ്എസ് മാധ്യമ വക്താവ് ഇ എസ് പ്രദീപിന്റെ മറുപടി. നേരത്തേ ഗുജറാത്ത് വംശഹത്യ കാലത്ത് മുസ് ലിം വീടുകളും സ്ഥാപനങ്ങളും പ്രത്യേക രീതിയില്‍ അടയാളപ്പെടുത്തിയ ശേഷമാണ് ആക്രമണം നടത്തിയതെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു.

രാമക്ഷേത്ര നിര്‍മാണത്തിനു വേണ്ടി ഇതുവരെ 1500 കോടിയിലേറെ രൂപ സംഭാവനയായി ലഭിച്ചതായി ശ്രീരാമക്ഷേത്ര തീര്‍ത്ഥ ട്രസ്റ്റ് അറിയിച്ചു.

RSS marking houses those not contributing to Ram Mandir donations

Next Story

RELATED STORIES

Share it