Big stories

റിസോര്‍ട്ടിലെ കൊലപാതകം: ഉത്തരാഖണ്ഡില്‍ എംഎല്‍എയുടെ കാറ് കത്തിച്ചു; മന്ത്രിയെ പുറത്താക്കാന്‍ നിര്‍ബന്ധിതരായി ബിജെപി നേതൃത്വം

റിസോര്‍ട്ടിലെ കൊലപാതകം: ഉത്തരാഖണ്ഡില്‍ എംഎല്‍എയുടെ കാറ് കത്തിച്ചു; മന്ത്രിയെ പുറത്താക്കാന്‍ നിര്‍ബന്ധിതരായി ബിജെപി നേതൃത്വം
X

ഹരിദ്വാര്‍: ഉത്തരാഖണ്ഡില്‍ പൗരി ജില്ലയിലെ ഋഷികേശിനടുത്തുള്ള റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന 19 കാരിയെ ബിജെപി മന്ത്രിയുടെ മകന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കനത്ത പ്രതിഷേധം. റിസോര്‍ട്ടില്‍ പ്രവേശിച്ച ജനങ്ങള്‍ സ്ഥാപനം കത്തിച്ചു. സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിലും പ്രതിഷേധം പുകയുകയാണ്.

ജനരോഷം നിയന്ത്രണം വിട്ടതോടെ റിസോര്‍ട്ട് ഉടമയുടെ പിതാവും ബിജെപി നേതാവും കാബിനറ്റില്‍ വകുപ്പില്ലാ മന്ത്രിയുമായ വിനോദ് ആര്യയെ പുറത്താക്കാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ബന്ധിതരായി. മകന്‍ അന്‍കിത് ആര്യയെയും പുറത്താക്കി. പ്രതി പുല്‍കിത് ആര്യയുടെ അറസ്റ്റിനു പിന്നാലെയാണ് ജനരോഷം നിയന്ത്രണം വിട്ടത്.

രണ്ട് ജീവനക്കാരുടെ സഹായത്തോടെയാണ് കൊലപാതകം നടന്നതെന്ന് പോലിസ് പറഞ്ഞു. കൊലപാതകത്തിനു സാഹയിച്ച രണ്ട്‌പേരും അറസ്റ്റിലായിട്ടുണ്ട്. പുല്‍കിത് ആര്യയുടെ പങ്കിനെക്കുറിച്ച് കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബം നേരത്തെത്തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു.

വിനോദ് ആര്യ ഇപ്പോള്‍ ഉത്തരാഖണ്ഡ് മതി കലാ ബോര്‍ഡ് ചെയര്‍മാനാണ്. അന്‍കിത് ആര്യ ഒബിസി കമ്മീഷന്റെ വൈസ് പ്രസിഡന്റാണ്. രണ്ട് പേരും തല്‍സ്ഥാനങ്ങള്‍ രാജിവച്ചു.

പുല്‍കിത് ആര്യയുടെ കൊലപാതകവാര്‍ത്ത പുറത്തുവന്നതോടെ പ്രദേശവാസികള്‍ റിസോര്‍ട്ട് കെട്ടിടത്തിന് തീ കൊളുത്തി. ബിജെപി എംഎല്‍എ രേണു ബിഷ്തിന്റെ കാറും കത്തിച്ചു.

റിസോര്‍ട്ടിന്റെ ഉടമ പുല്‍കിത് ആര്യയുടെ അധീനതയിലുള്ള റിസോര്‍ട്ടിലാണ് 20കാരിയായ റിസപ്ഷനിസ്റ്റ് കൊലചെയ്യപ്പെട്ടത്. പെണ്‍കുട്ടിയെ ലൈംഗികതൊഴിലിന് നിര്‍ബന്ധിച്ചിരുന്നുവെന്നും പെണ്‍കുട്ടി അത് ചെറുത്തിരുന്നുവെന്നും അതാണ് കൊലപാതകത്തിനു കാരണമെന്നും റിപോര്‍ട്ടുണ്ട്.

ഇന്ന് രാവിലെ തൊട്ടടുത്ത കനാലില്‍നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

തിങ്കളാഴ്ച മുതലാണ് റിസപ്ഷനിസ്റ്റിനെ കാണായത്. ഇതുസംബന്ധിച്ച ഒരു പരാതി പ്രതിയും പെണ്‍കുട്ടിയുടെ കുടുംബവും നല്‍കിയിരുന്നു.

പുല്‍കിത് ആര്യയെ കൂടാതെ റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അസിസ്റ്റന്റ് മാനേജര്‍ അങ്കിത് ഗുപ്ത എന്നിവരും അറസ്റ്റിലായിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിച്ചതായി പോലിസ് പറഞ്ഞു.

ഭരണകക്ഷി നേതാവിന്റെ മകന്‍ പ്രതിയായതിനാല്‍ പോലിസ് അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ വാര്‍ത്ത ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലിസ് അന്വേഷണത്തിന്റെ വേഗം വര്‍ധിപ്പിച്ചു.

വനന്ത്ര എന്ന ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന പ്രദേശം റവന്യുവകുപ്പിന്റെ പരിധിയിലാണ്. ഇത്തരം പ്രദേശങ്ങളില്‍ ലാന്‍ഡ് റവന്യൂ ഉദ്യോഗസ്ഥരുടെ മുന്‍കയ്യിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. കാണാതായ ആളുടെ എഫ്‌ഐആര്‍, റിസോര്‍ട്ട് ഉടമ തന്നെയാണ് ഫയല്‍ ചെയ്തത്. ഋഷികേശില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെയാണ് റിസോര്‍ട്ട്.

Next Story

RELATED STORIES

Share it