Big stories

കുറ്റം തെളിയുന്നതുവരെ അറസ്റ്റില്ലെങ്കില്‍ ഇന്ത്യയിലേക്ക് മടങ്ങിവരും: സാകിര്‍ നായിക്‌

'ഞങ്ങള്‍ ചരിത്രം കണ്ടതാണ്, 90 ശതമാനം ഭീകരവാദകേസുകളിലും 10-15 വര്‍ഷത്തിനുശേഷം മുസ്‌ലിംകള്‍ കുറ്റവിമുക്തരായി പുറത്തുവരുന്നത്. ഞാന്‍തന്നെ ഒരു ഉദാഹരണമാണ്, 10 വര്‍ഷത്തോളം തടവില്‍ കഴിയേണ്ടിവന്നു. ഞാന്‍ മുന്നോട്ടുവച്ച എന്റെ ദൗത്യങ്ങളെല്ലാം തടസ്സപ്പെട്ടു. ഞാന്‍ എന്തിന് വിഡ്ഢിയാവണം?. എന്‍ഐഎയ്ക്ക് വേണമെങ്കില്‍ എന്നെ മലേസ്യയില്‍ വന്ന് ചോദ്യം ചെയ്യാം'

കുറ്റം തെളിയുന്നതുവരെ അറസ്റ്റില്ലെങ്കില്‍ ഇന്ത്യയിലേക്ക് മടങ്ങിവരും: സാകിര്‍ നായിക്‌
X

ന്യൂഡല്‍ഹി: തന്റെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നതുവരെ അറസ്റ്റുണ്ടാവില്ലെന്ന ഉറപ്പ് സുപ്രിംകോടതിയില്‍നിന്ന് ലഭിക്കുമെങ്കില്‍ ഇന്ത്യയിലേക്ക് മടങ്ങിവരുമെന്ന് പ്രമുഖ ഇസ്‌ലാമിക പ്രഭാഷകനും ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍(ഐആര്‍എഫ്) സ്ഥാപകനുമായ ഡോ. സാകിര്‍ നായിക്. 'ദി വീക് മാഗസിന്' നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം വ്യക്തമാക്കിയത്.

2016 ലാണ് സാകിര്‍ നായിക് ഇന്ത്യയില്‍നിന്ന് മലേസ്യയിലേക്ക് പലായനം ചെയ്തത്. അദ്ദേഹത്തിന് മലേസ്യന്‍ സര്‍ക്കാര്‍ സ്ഥിരം സ്വദേശി പദവി നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്, പക്ഷെ, മുമ്പുള്ളതിനേക്കാള്‍ മോശപ്പെട്ട നിലയിലാണ് ഇന്ത്യയിലെ നീതിന്യായസംവിധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി സര്‍ക്കാര്‍ വരുന്നതിന് മുമ്പ് നിങ്ങള്‍ക്ക് സര്‍ക്കാരിനെതിരേ സംസാരിക്കാമായിരുന്നു, കുറഞ്ഞത് 80 ശതമാനമെങ്കിലും നിങ്ങള്‍ക്ക് നീതിലഭിക്കുമായിരുന്നു. ഇന്ന് പത്തോ ഇരുപതോ ശതമാനം മാത്രമായി മാറിയിരിക്കുന്നു.

'ഞങ്ങള്‍ ചരിത്രം കണ്ടതാണ്, 90 ശതമാനം ഭീകരവാദകേസുകളിലും 10-15 വര്‍ഷത്തിനുശേഷം മുസ്‌ലിംകള്‍ കുറ്റവിമുക്തരായി പുറത്തുവരുന്നത്. ഞാന്‍തന്നെ ഒരു ഉദാഹരണമാണ്, 10 വര്‍ഷത്തോളം തടവില്‍ കഴിയേണ്ടിവന്നു. ഞാന്‍ മുന്നോട്ടുവച്ച എന്റെ ദൗത്യങ്ങളെല്ലാം തടസ്സപ്പെട്ടു. ഞാന്‍ എന്തിന് വിഡ്ഢിയാവണം?. എന്‍ഐഎയ്ക്ക് വേണമെങ്കില്‍ എന്നെ മലേസ്യയില്‍ വന്ന് ചോദ്യം ചെയ്യാം'- സാകിര്‍ നായിക് വ്യക്തമാക്കി. യുഎപിഎ പ്രകാരമാണ് എന്‍ഐഎ സാകിര്‍ നായിക്കിനും അദ്ദേഹത്തിന്റെ സംഘടനയായ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും (ഐആര്‍എഫ്) എതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മതവൈര്യം വളര്‍ത്തുന്നു എന്നായിരുന്നു ആരോപണം. എന്നാല്‍, താന്‍ ആരോടും ഭീകരവാദത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ധക്കയിലും ശ്രീലങ്കയിലും സ്‌ഫോടനങ്ങള്‍ നടത്തിയവര്‍, ഇപ്പോള്‍ കേരളത്തില്‍ അറസ്റ്റുചെയ്യപ്പെട്ട യുവാക്കളോടും ചോദിച്ച് നോക്കുക, ഇവരാരും എന്റെ പേര് പറയുകയില്ല. നിഷ്‌കളങ്കരായ ജനങ്ങളെ കൊല്ലാന്‍ ഞാന്‍ ഒരിക്കലും പ്രചോദനമായിട്ടില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പണമിടപാട് സംബന്ധിച്ച ആരോപണത്തോട് തനിക്ക് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണുള്ളതെന്ന് അദ്ദേഹം പ്രതികരിച്ചു. യഥാര്‍ഥത്തില്‍ ഞാന്‍ ബിസിനസ്സാണ് ചെയ്യുന്നത്, എനിക്ക് ഒരുപാട് കമ്പനികളുണ്ട്, ഒരു വ്യക്തിക്ക് സ്വന്തമായി ബിസിനസ നടത്താന്‍ ഇന്ത്യന്‍ നിയമത്തില്‍ വിലക്കുകള്‍ ഒന്നുമില്ലല്ലോ?. ഒരാള്‍ക്ക് 50 കമ്പനി ഉണ്ടെങ്കില്‍ അതില്‍ മുഴുവനിലും ക്രയവിക്രയം നടക്കണമെന്നില്ല.

ഏഴ് വര്‍ഷത്തിനിടയില്‍ എന്റെ അക്കൗണ്ടിലേക്ക് ഞാന്‍ നിക്ഷേപിച്ചത് 48 കോടി രൂപയാണ്. ഒരുമാസത്തില്‍ ഒരുകോടിയിലേറെ എനിക്ക് വരുമാനമുണ്ട്. റിയല്‍ എസ്‌റ്റേറ്റിലൂടെയും മറ്റ് സംരംഭങ്ങള്‍ വഴിയും എനിക്ക് ധാരാളം ബിസിനസ്സുകള്‍ കിട്ടിയിട്ടുണ്ട്. ധക്കയില്‍ ഗുല്‍ഷന്‍ ഹോളി ആര്‍ട്ടിസാന്‍ ബേക്കറി (കഫേ) ആക്രമണത്തെ തുടര്‍ന്നാണ് വ്യത്യസ്തമതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് 2016ല്‍ സാകിര്‍ നായിക്കിനെതിരേ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. 2016 ജൂലൈ ഒന്നിന് ഇന്ത്യയില്‍നിന്നുപോയ നായിക് പിന്നീട് തിരിച്ചെത്തിയിട്ടില്ല. 2016 നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ സാകിര്‍ നായിക്കിന്റെ ഐആര്‍എഫിനെ യുഎപിഎ വകുപ്പുകള്‍ ഉപയോഗിച്ച് നിരോധിച്ചിരുന്നു.

Next Story

RELATED STORIES

Share it