Big stories

രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി പത്രിക നല്‍കി; റോഡ് ഷോ തുടങ്ങി

ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ രാഹുലിന് യുഡിഎഫ് പ്രവര്‍ത്തകര്‍ വന്‍ വരവേല്‍പാണ് നല്‍കിയത്

രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി പത്രിക നല്‍കി; റോഡ് ഷോ തുടങ്ങി
X


കല്‍പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നു യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് കലക്്ടറേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സുരക്ഷാ പ്രശ്‌നം കണക്കിലെടുത്ത് നാലുപേര്‍ക്ക് മാത്രമാണ് രാഹുലിനൊപ്പം കലക്്ടറേറ്റില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നത്.എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, രാഹുലിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മലപ്പുറം ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് എന്നിവരാണ് കൂടെയുണ്ടായിരുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടുള്ള റോഡ് ഷോ ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ 11ഓടെ കല്‍പറ്റ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനിയില്‍ ഹെലികോപ്റ്ററില്‍ സഹോദരിയും എഐസിസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് വയനാട്ടിലെത്തിയത്.

ഇന്നലെ രാത്രി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ശേഷം കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ താമസിച്ച രാഹുല്‍ രാവിലെ 10.45 ഓടെയാണ് കോഴിക്കോട് വിക്രം മൈതാനിയില്‍ നിന്ന് വയനാട്ടിലേക്ക് തിരിച്ചത്. ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ രാഹുലിന് യുഡിഎഫ് പ്രവര്‍ത്തകര്‍ വന്‍ വരവേല്‍പാണ് നല്‍കിയത്.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനായിരങ്ങളാണ് റോഡിന് ഇരുവശത്തും തടിച്ചുകൂടിയിരുന്നത്. പത്രിക സമര്‍പ്പിച്ച ശേഷമാണ് രാഹുലും പ്രിയങ്കയും പങ്കെടുക്കുന്ന റോഡ് ഷോ ആസൂത്രണം ചെയ്തിട്ടുള്ളത്. കല്‍പറ്റയില്‍ രണ്ട് കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ നടത്തുക.

തുടര്‍ന്ന് തിരിച്ച് കരിപ്പൂരിലെത്തി രാഹുല്‍ പ്രചാരണ പരിപാടിക്കായി നാഗ്പൂരിലേക്കും പ്രിയങ്ക ഡല്‍ഹിയിലേക്കാകും പോവും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഒരുതവണ കൂടി കേരളത്തിലെത്തുമെന്ന് കെപിസിസി നേതൃത്വം അറിയിച്ചിരുന്നു.








Next Story

RELATED STORIES

Share it