Big stories

വോളണ്ടിയര്‍ മാര്‍ച്ചിന് പ്രൗഢോജ്ജ്വല തുടക്കം

വോളണ്ടിയര്‍ മാര്‍ച്ചിന് പ്രൗഢോജ്ജ്വല തുടക്കം
X

കോഴിക്കോട്: ചരിത്രവീഥികളെ പ്രകമ്പനം കൊള്ളിക്കുന്ന ചുവടുകളുമായി വോളണ്ടിയര്‍ മാര്‍ച്ചിന് കോഴിക്കോടിന്റെ മണ്ണില്‍ പ്രൗഢോജ്ജ്വല തുടക്കം. വൈകീട്ട് 4.30ന് കോഴിക്കോട് സ്‌റ്റേഡിയം പരിസരത്തുനിന്നാണ് വോളണ്ടിയര്‍ മാര്‍ച്ച് ആരംഭിച്ചത്. 'റിപബ്ലിക്കിനെ രക്ഷിക്കുക' എന്ന മുദ്രാവാക്യവുമായി പോപുലര്‍ ഫ്രണ്ട് നടത്തുന്ന ദേശീയ കാംപയിന്റെ ഭാഗമായുള്ള ജനമഹാ സമ്മേളനത്തോടനുബന്ധിച്ചാണ് വോളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയും സംഘടിപ്പിക്കുന്നത്. പതറാത്ത മനസ്സും ഇടറാത്ത ചുവടുകളുമായി കോഴിക്കോടിന്റെ മണ്ണില്‍ പുതിയ വസന്തത്തിന്റെ കുളമ്പടി ശബ്ദമായാണ് വോളണ്ടിയര്‍ നഗരവീഥികളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

രാജ്യത്ത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഫാക്ടറികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാര, വര്‍ഗീയ ഫാഷിസത്തിനെതിരായ കനത്ത താക്കീതായിരുന്നു കേഡറ്റുകളുടെ ഓരോ ചുവടിലും പ്രതിഫലിച്ചത്. അടിച്ചമര്‍ത്തപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്യുന്ന ഒരു സമുദായത്തിന് പ്രതീക്ഷയുടെ തിരിനാളമാണ് കോഴിക്കോടിന്റെ തെരുവീഥികളില്‍ ദൃശ്യമായത്. ഫാഷിസക്കൂട്ടങ്ങള്‍ക്ക് മുന്നില്‍ കീഴൊതുങ്ങാന്‍ ഒരുക്കമല്ലെന്ന നിശ്ചയദാര്‍ഢ്യമാണ് ഓരോ കേഡറ്റുകളുടെ മുഖത്തും പ്രകടമായത്. വൈകീട്ട് കൃത്യം 4.30ന് തടിച്ചുകൂടിയ വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തിയാണ് കോഴിക്കോട് സ്‌റ്റേഡിയം പരിസരത്തുനിന്ന് വോളണ്ടിയര്‍ മാര്‍ച്ച് അടിവച്ച് തുടങ്ങിയത്. വോളണ്ടിയര്‍ മാര്‍ച്ചിന് പ്രചോദനമായി ബാന്റ് പാര്‍ട്ടികളും നിശ്ചലദൃശ്യങ്ങളും അകമ്പടി വാഹനങ്ങളും അണിനിരന്നു.

മുന്‍നിരയില്‍ ഓഫിസേഴ്‌സ് സംഘമടങ്ങിയ ആദ്യ കേഡറ്റ് ബാച്ച്. പിന്നിലായി രണ്ടാമത്തെ കേഡറ്റ് ബാച്ചും തൊട്ടുപിന്നില്‍ ബാന്റ് സംഘമടങ്ങിയ കേഡറ്റുകളും ചുവടുകള്‍ തീര്‍ത്തു. സ്‌റ്റേഡിയം പരിസരത്തുനിന്ന് ചെസ്റ്റ് ഹോസ്പിറ്റല്‍, പുതിയ ബസ് സ്റ്റാന്റ്, മാവൂര്‍ റോഡ്, ബാങ്ക് റോഡ്, സിഎച്ച് ഓവര്‍ബ്രിഡ്ജ്, കോര്‍പറേഷന്‍ ഓഫിസ് ചുറ്റിയാണ് പരേഡും റാലിയും സമ്മേളന നഗരിയായ ബീച്ചില്‍ സമാപിക്കുന്നത്. വോളണ്ടിയര്‍ മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിക്കാന്‍ റോഡിന്റെ ഇരുവശങ്ങളിലും പതിനായിരക്കണക്കിന് സ്ത്രീകളും പുരുഷന്‍മാരും കുട്ടികളും അടങ്ങുന്ന സംഘം തടിച്ചുകൂടിയിരുന്നു.

ആവേശം അലതല്ലി നീങ്ങിയ വോളണ്ടിയര്‍ മാര്‍ച്ചിന് തൊട്ടുപിന്നിലായി പതിനായിരക്കണക്കിന് പ്രവര്‍ത്തകരും അനുഭാവികളുമടങ്ങിയ ബഹുജനറാലിയും അണിചേര്‍ന്നു. വൈകീട്ട് 5.30 ഓടെ ബീച്ചില്‍ സജ്ജീകരിച്ചിരിക്കുന്ന വേദിയില്‍ നടക്കുന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹ്മദ് ഉദ്ഘാടനം ചെയ്യും. പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിക്കും. എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസി, എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് എ വാസു, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, നാഷനല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് ലുബ്‌നാ സിറാജ്, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഹാഫിസ് അഫ്‌സല്‍ ഖാസിമി, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാന്‍, സ്വാഗതസംഘം ചെയര്‍മാന്‍ പി കെ അബ്ദുല്‍ ലത്തീഫ് എന്നിവര്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it