Big stories

ബാബരി മസ്ജിദ് കേസിലെ വിധി: പോപുലര്‍ ഫ്രണ്ട് തിരുത്തല്‍ ഹരജി ഫയല്‍ ചെയ്തു

2019 നവംബര്‍ 9ലെ സുപ്രിംകോടതിയുടെ വിധി നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യണമെന്നും ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് നടപടികളെടുക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെ തടയണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്

ബാബരി മസ്ജിദ് കേസിലെ വിധി: പോപുലര്‍ ഫ്രണ്ട് തിരുത്തല്‍ ഹരജി ഫയല്‍ ചെയ്തു
X

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി ചോദ്യം ചെയ്ത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുത്തല്‍ ഹരജി ഫയല്‍ ചെയ്തു. പോപുലര്‍ ഫ്രണ്ട് ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനമപ്രകാരമാണ് നോര്‍ത്ത് സോണ്‍ സെക്രട്ടറി അനീസ് അന്‍സാരി തിരുത്തല്‍ ഹരജി ഫയല്‍ ചെയ്തത്. നേരത്തേ, വിഷയത്തില്‍ 2019 ഡിസംബര്‍ 12നു സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് അബ്ദുല്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ച് പുനപ്പരിശോധനാ ഹരജികള്‍ തള്ളിയിരുന്നു. തുടര്‍ന്ന് പോപുലര്‍ ഫ്രണ്ട് ഫെബ്രുവരി 11ന് തിരുത്തല്‍ ഹരജി നല്‍കിയിരുന്നെങ്കിലും ലിസ്റ്റ് ചെയ്തിരുന്നില്ല.

ഒരു കേസില്‍ എല്ലാ വശങ്ങളും പരിശോധിക്കുന്നത് ഉചിതമോ സാധ്യമോ അല്ലെന്നും എന്നിരുന്നാലും സ്വാഭാവിക നീതി ലംഘിക്കപ്പെടുകയാണെന്നു കരുതുന്ന സാഹചര്യത്തില്‍ കേസില്‍ കക്ഷിയല്ലെങ്കിലും, അതിലെ വിധിന്യായങ്ങള്‍ അദ്ദേഹത്തിന്റെ താല്‍പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കില്‍ ഇളവ് നല്‍കണമെന്ന രൂപ അശോക് ഹുറ കേസിലെ സുപ്രിംകോടതി പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് പോപുലര്‍ ഫ്രണ്ട് പുതിയ തിരുത്തല്‍ ഹരജി ഫയല്‍ ചെയ്തിട്ടുള്ളത്. ഇതുപ്രകാരം അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നില്ലെങ്കിലും ഇളവ് അനുവദിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ കക്ഷിയല്ലെങ്കിലും സുപ്രിംകോടതി പുറപ്പെടുവിച്ച വിധി തങ്ങളുടെ താല്‍പ്പര്യങ്ങളെയും വിശ്വാസങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് തിരുത്തല്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വിഷയത്തില്‍ ചരിത്രപരമായ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ നീതി തേടുന്നുവെന്നാണ് അപേക്ഷയിലെ ആവശ്യം. 2010 സപ്തംബര്‍ 30ലെ അലഹബാദ് ഹൈക്കോടതി വിധി നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ, 2019 നവംബര്‍ 9ലെ സുപ്രിംകോടതിയുടെ വിധി നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യണമെന്നും ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് നടപടികളെടുക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെ തടയണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it