Big stories

ആര്‍എസ്എസ് വിമര്‍ശകര്‍ക്കെതിരേ പോലിസ് നടപടി; യുപി, ത്രിപുര മാതൃകയില്‍ കേരളവും

ആര്‍എസ്എസിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ തിരഞ്ഞുപിടിച്ചാണ് കേരള പോലിസ് വ്യാപകമായി കേസുകളെടുത്തത്. ത്രിപുരയില്‍ മുസ് ലിംകള്‍ക്കെതിരായ നടന്ന വംശീയ കലാപത്തിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകളിട്ടവര്‍ക്കെതിരേയും സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയും പോലിസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ആര്‍എസ്എസ് വിമര്‍ശകര്‍ക്കെതിരേ പോലിസ് നടപടി; യുപി, ത്രിപുര മാതൃകയില്‍ കേരളവും
X

-പി എച്ച് അഫ്‌സല്‍

കോഴിക്കോട്: ആര്‍എസ്എസ്സിനേയും സംഘപരിവാര്‍ നേതൃത്വം നല്‍കുന്ന ഭരണകൂടത്തേയും വിമര്‍ശിക്കുന്നവരെ നിയന്ത്രിക്കാന്‍ ഉത്തര്‍പ്രദേശ്, ത്രിപുര സംസ്ഥാനങ്ങളിലെ പോലിസ് പ്രയോഗിക്കുന്ന നടപടികള്‍ മാതൃകയാക്കി കേരള പോലിസും. ഹത്രാസ് സംഭവത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ സിദ്ദീഖ് കാപ്പനെതിരേയും ത്രിപുര വംശീയ കലാപത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയും പോലിസ് കള്ളക്കേസുകള്‍ ചുമത്തിയതിന്് സമാനാണ് കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളാണ് പോലിസ് ചുമത്തുന്ന കേസുകളും. ആര്‍എസ്എസ്സിന്റെ ദേശീയതലത്തിലുള്ള തീരുമാനത്തിന്റെ ഭാഗമാണോ കേരളാ പോലിസിന്റെ നടപടികളെന്ന് സംശയിക്കുന്ന തരത്തിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലുള്ള പോലിസ് കേസുകള്‍.

ആര്‍എസ്എസിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ തിരഞ്ഞുപിടിച്ചാണ് കേരള പോലിസ് വ്യാപകമായി കേസുകളെടുത്തത്. ത്രിപുരയില്‍ മുസ് ലിംകള്‍ക്കെതിരായ നടന്ന വംശീയ കലാപത്തിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകളിട്ടവര്‍ക്കെതിരേയും സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയും പോലിസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. രാജ്യദ്രോഹം, യുപിഎപിഎ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസുകളെടുത്തത്. മാധ്യമപ്രവര്‍ത്തകര്‍ക്കും വസ്തുതാന്വേഷണ സംഘത്തിനും അഭിഭാഷകര്‍ക്കും എതിരേ ത്രിപുര പോലിസ് കേസെടുത്തു.

അഭിഭാഷകര്‍, പത്രപ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ 102 സോഷ്യല്‍ മീഡിയ പ്രൊഫൈസുകള്‍ക്കെതിരേയാണ് ത്രിപുര പോലിസ് കേസെടുത്തത്. അവരുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് കത്തെഴുതി. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. അതേസമയം, മസ്ജിദുകള്‍ തകര്‍ക്കുന്നതിനും വംശീയ കലാപം അഴിച്ചിവിടുന്നതിനും പോലിസ് സാക്ഷിയായിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് സമാനമായ രീതിയാണ് കേരള പോലിസും സ്വീകരിക്കുന്നതെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പരിശോധിച്ചാല്‍ വ്യക്തമാവും.

സാമൂഹിക മാധ്യമങ്ങളില്‍ ആര്‍എസ്എസ്സിനെ വിമര്‍ശിച്ച് പോസ്റ്റിട്ടതിന്റെ പേരില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 90 ഓളം പേര്‍ക്കെതിരേയാണ് ഇത്തരത്തില്‍ പോലിസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലിസ് ചിലരെ അറസ്റ്റുചെയ്യുകയും റിമാന്‍ഡിലാക്കുകയും ചെയ്തിട്ടുണ്ട്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീടുകളില്‍ റെയ്ഡ് നടത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ പോലിസ് പലരുടെയും ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ആരും പരാതി പോലും നല്‍കാതെ പോലിസ് സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

പോലിസില്‍ ആര്‍എസ്എസ്സിന്റെ സ്വാധീനം വര്‍ധിച്ചുവരികയാണെന്ന വിമര്‍ശനത്തെ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ നടപടികള്‍. പോലിസ് സൈബര്‍ സെല്‍ നേരിട്ട് ആര്‍എസ്എസ് വിരുദ്ധ പോസ്റ്റുകള്‍ കണ്ടെത്തി കേസെടുക്കാന്‍ ബന്ധപ്പെട്ട പോലിസ് സ്‌റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കുകയാണ് ചെയ്തുവരുന്നത്. ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി തീവ്രപ്രസംഗങ്ങള്‍ നടത്തി യുവാക്കളെ വാളെടുക്കാന്‍ പ്രേരിപ്പിക്കുന്നവനാണെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിലാണ് കണ്ണൂര്‍ ഇരിട്ടി പോലിസ് സ്‌റ്റേഷനില്‍ പുന്നാട് സ്വദേശി ഫയാസിനെതിരേ കേസെടുത്തിരിക്കുന്നത്.

ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് പോസ്റ്റിട്ടതെന്നും എഫ്‌ഐആറില്‍ പറയുന്നു. വല്‍സന്‍ തില്ലങ്കേരിയുടെ പ്രകോപനപരമായ പ്രസംഗം ഷെയര്‍ ചെയ്ത് എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് വിമര്‍ശിച്ചവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ വല്‍സന്‍ തില്ലങ്കേരി ആലപ്പുഴയില്‍ നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനാണ് വിദ്യാര്‍ഥി നേതാവായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് രിഫയ്‌ക്കെതിരേ കൂത്തുപറമ്പ് പോലിസ് കേസെടുത്തത്.

തില്ലങ്കേരിയുടെ വീഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത് പ്രകോപനവും കലാപവുമുണ്ടാക്കാന്‍ ശ്രമിച്ചതായി കണ്ടെത്തിയെന്നാണ് എഫ്‌ഐആറില്‍ ആരോപിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി പ്രകടനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന വിവരം ഷെയര്‍ ചെയ്തതിന് സോഷ്യല്‍ മീഡിയയല്‍ സജീവമായ യൂനുസ് ഖാനെതിരേയും കേസെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴി വര്‍ഗീയ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെയും കരുതലോടെയും പ്രകോപനപരമായ പോസ്റ്റുകളിട്ടു എന്നതിന്റെ പേരിലാണ് കേസെടുത്തതെന്ന് എഫ്‌ഐആറില്‍ പറയുന്നത്.

ആര്‍എസ്എസ്സിനെയും പോലിസിനെയും വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനാണ് എസ്ഡിപിഐ പ്രവര്‍ത്തകനായ ഇടുക്കി കട്ടപ്പന സ്വദേശി ഉസ്മാന്‍ ഹമീദിനെ പോലിസ് അറസ്റ്റുചെയ്തത്. 153 എ വകുപ്പ് പ്രകാരം ഉസ്മാനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. സംസ്ഥാനത്ത് ആര്‍എസ്എസ് 142 കേന്ദ്രങ്ങളില്‍ ആയുധമേന്തി പ്രതിഷേധ പ്രകടനം നടത്താന്‍ സാധ്യതയുണ്ടെന്നും സംഘര്‍ഷത്തിന് കോപ്പുകൂട്ടുന്നുവെന്നും ഇന്റലിജന്‍സ് റിപോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന്റെ മാധ്യമറിപോര്‍ട്ടിന്റെ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തതിന്റെ പേരിലാണ് ഉസ്മാനെ പോലിസ് വേട്ടയാടുന്നത്.

ആര്‍എസ്എസ്സിനെതിരേ വാട്‌സ് ആപ്പ് ചാറ്റുകളില്‍ വിമര്‍ശനമുന്നയിച്ചതിന്റെ പേരില്‍ കാസര്‍കോട് പോലിസ് രണ്ട് കേസുകളാണ് ഒരാഴ്ചയ്ക്കിടെ രജിസ്റ്റര്‍ ചെയ്തത്. ഗ്രൂപ്പിന്റെ അഡ്മിന്‍മാരായ ആറുപേരാണ് പ്രതികള്‍. സോഷ്യല്‍ മീഡിയയില്‍ ആര്‍എസ്എസ്സിനെ ശക്തമായി വിമര്‍ശിക്കുകയും സജീവമായി ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് പോലിസ് പ്രതികാര നടപടികള്‍ സ്വീകരിച്ചുപോരുന്നത്. അതേസമയം, വിദ്വേഷപ്രചാരണം നടത്തി നാട്ടില്‍ കലാപം സൃഷ്ടിക്കുന്ന തരത്തില്‍ നിരന്തരമായി പോസ്റ്റുകളിടുന്ന സംഘപരിവാര്‍ ഐഡികള്‍ക്കെതിരേ പരാതി നല്‍കിയിട്ടുപോലും പോലിസ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

പരസ്യമായി കൊലവിളിയും കലാപ ആഹ്വാനവും നടത്തിയ വല്‍സന്‍ തില്ലങ്കേരിക്കെതിരേ ഒരു ചെറുവിരലനക്കാത്ത പോലിസാണ് അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിദ്യാര്‍ഥി നേതാവിനെതിരേ കേസെടുക്കാന്‍ ശുഷ്‌കാന്തി കാണിച്ചത്. പോലിസില്‍ ആര്‍എസ്എസ് വിധേയത്വം ശക്തമായിക്കൊണ്ടിരിക്കുന്നുവെന്ന വിമര്‍ശനം സിപിഎം ജില്ലാ സമ്മേളനങ്ങളില്‍ ഉയരുകയും പാര്‍ട്ടി നേതാക്കള്‍ ഇത് തുറന്നുസമ്മതിക്കുകയും ചെയ്തിട്ടും പോലിസിന്റെ പക്ഷപാതപരമായ സമീപനത്തിന് യാതൊരു മാറ്റവും വന്നിട്ടില്ലെന്നാണ് സമീപകാല പ്രവൃത്തികള്‍ തെളിയിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പോലിസില്‍ ആര്‍എസ്എസ് സ്വാധീനം വര്‍ധിക്കുന്നതായി വിമര്‍ശനം ഉന്നയിച്ചു.

ഉത്തര്‍പ്രദേശ്, ത്രിപുര, കാശ്മീര്‍ തുടങ്ങി ബിജെപി നിയന്ത്രണത്തിലുള്ള ഭരണകൂടത്തിന് കീഴില്‍ പോലിസ് സമാനമായാണ് പ്രവര്‍ത്തിക്കുന്നത് 'ദി ടെലഗ്രാഫ്' ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ത്രിപുരയില്‍ എച്ച്ഡബ്ല്യു ന്യൂസ് നെറ്റ്‌വര്‍ക്ക് എന്ന ഡിജിറ്റല്‍ ന്യൂസ് പോര്‍ട്ടലില്‍ നിന്നുള്ള റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരേയാണ് കുറ്റം ചുമത്തിയത്. അവരുടെ ഹരജി പരിഗണിച്ച കോടതി പോലിസിനെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. 'വസ്തുത കണ്ടെത്തലും നിഷ്പക്ഷമായ റിപ്പോര്‍ട്ടിംഗും ക്രിമിനല്‍ കുറ്റമാക്കാന്‍ ഭരണകൂടത്തെ അനുവദിച്ചാല്‍, ഭരണകൂട താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള വസ്തുതകള്‍ മാത്രമാണ് പുറത്ത് വരിക'. പോലിസിനും സര്‍ക്കാരിനും എതിരേ വിമര്‍ശനം ഉന്നയിച്ച ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ കോടതി മാധ്യമപ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചു. തുടര്‍ന്ന് ഡിസംബറില്‍ സുപ്രീം കോടതി പോലിസ് നടപടികള്‍ സ്‌റ്റേ ചെയ്യുകയും എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാനത്തിന് നാലാഴ്ച സമയം നല്‍കുകയും ചെയ്തു.

ത്രിപുര കത്തുന്നുവെന്ന് ട്വീറ്റ് ചെയ്തതിന് മറ്റൊരു മാധ്യമപ്രവര്‍ത്തകന് യുഎപിഎ പ്രകാരം മറ്റൊരു നോട്ടിസ് നല്‍കി. മാധ്യമ പ്രവര്‍ത്തകരെ ഭീകര വിരുദ്ധ നിയമങ്ങള്‍ ചാര്‍ത്തി നാവടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം കേസുകള്‍ ചുമത്തിയത്. 2021 ഡിസംബറില്‍ സര്‍ക്കാര്‍ രാജ്യസഭയില്‍ നല്‍കിയ സ്ഥിതിവിവരക്കണക്കുകള്‍ ഈ നിയമത്തിന്റെ അമിതമായ ഉപയോഗത്തെ അടിവരയിടുന്നു: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ യുഎപിഎ പ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 4,690 പേരെ അറസ്റ്റ് ചെയ്തു, അവരില്‍ 149 പേര്‍ ശിക്ഷിക്കപ്പെട്ടു. ഏറ്റവും കൂടുതല്‍ അറസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍ ഉത്തര്‍പ്രദേശും ജമ്മു കശ്മീരും മണിപ്പൂരുമാണ്.

അതേ മാതൃക തന്നേയാണ് കേരള പോലിസും പിന്‍തുടരുന്നതെന്ന് തെളിയിക്കുന്നതാണ് മേല്‍ ഉദ്ധരിച്ച സംഭവങ്ങള്‍. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയും സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്നവരേയും പോലിസ് വേട്ടയായി. 'ഡൂള്‍ ന്യൂസ്' റിപ്പോര്‍ട്ടര്‍ ഷെഫീഖ് താമരശ്ശേരിയെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ കേരള പോലിസ് നടപടിയും ഏറെ വിവാദങ്ങള്‍ക്കിടയാക്കി. ഗുണ്ടകളെ നേരിടാന്‍ പോലിസ് രൂപീകരിച്ച 'കാവല്‍' പദ്ധതിയുടെ ഭാഗമായാണ് ഷെഫീഖ് താമരശ്ശേരിയെ പോലിസ് വിളിപ്പിച്ചത്. ത്രിപുര കലാപം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകരോട് സ്വീകരിച്ച സമീപനം തന്നേയാണ് ഈ വിഷയത്തില്‍ കേരള പോലിസും സ്വീകരിച്ചത്.

ഹത്രാസ് സംഭവത്തില്‍ ഉത്തര്‍പ്രദേശ് പോലിസും സമാനമായ നടപടിയാണ് സ്വീകരിച്ചത്. ദേശീയതലത്തില്‍ തന്നെ യുപി സര്‍ക്കാരിനെതിരേ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ മാധ്യമ പ്രവര്‍ത്തകനെ വേട്ടയായി പോലിസ് പക തീര്‍ത്തു. ഹത്രാസില്‍ ദലിത് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ 15 മാസത്തോളമായി ജയിലില്‍ കഴിയുകയാണ്. 2020 സെപ്റ്റംബറില്‍ നാല് സവര്‍ണ ജാതിക്കാരുടെ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടേയാണ് സിദ്ദീഖ് കാപ്പനെ യുപി പോലിസ് അന്യായമായി കസ്റ്റഡിയിലെടുക്കുന്നത്. ഒക്ടോബര്‍ അഞ്ചിന് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്്തത്. തുടര്‍ന്ന് യുഎപിഎ ഉള്‍പ്പടെ വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചു.

ബിജെപി ഭരണകൂടത്തിന് കീഴിലുള്ള യുപി, ത്രിപുര പോലിസ് സ്വീകരിക്കുന്ന നയങ്ങള്‍ ഇടതുപക്ഷ സര്‍ക്കാരിന് കീഴിലുള്ള കേരള പോലിസും സ്വീകരിക്കുന്നത് ഏറെ ആശങ്ക ഉയര്‍ത്തുന്നതാണ്. ആര്‍എസ്എസ്സിനെ വിമര്‍ശിച്ചതിന്റെ പേരില്‍ മാത്രം 90 പേര്‍ക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മുസ് ലിം പ്രൊഫൈലുകള്‍ മാത്രം തിരഞ്ഞുപിടിച്ച് പോലിസ് കേസെടുത്തത് ആര്‍എസ്എസ്സിന്റെ വംശീയ അജണ്ടയുടെ ഭാഗമാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ആര്‍എസ്എസ്സിനെ വിമര്‍ശിച്ചതിന്റെ പേരില്‍ കേസെടുക്കുന്നത് ചോദ്യം ചെയ്തവരോട് മുകളില്‍ നിന്നുള്ള ഉത്തരവ് നടപ്പാക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് ലോക്കല്‍ പോലിസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന മറുപടി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം സിപിഎം ഭരണത്തിലും പോലിസ് ഉന്നതങ്ങളില്‍ സെന്‍കുമാറിന്റെ പിന്‍ഗാമികളായ ആര്‍എസ്എസ്സുകാരായ ഉദ്യോഗസ്ഥരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന വിമര്‍ശനം ശക്തമാവുകയാണ്.

Next Story

RELATED STORIES

Share it