Big stories

പാര്‍ട്ടിയിലും പടയൊരുക്കം ശക്തമായി; കേന്ദ്ര മന്ത്രി വി മുരളീധരന്‍ കൂടുതല്‍ കുരുക്കിലേക്ക്

നയതന്ത്ര ബാഗേജു വഴിയല്ല സ്വര്‍ണ്ണം കടത്തിയതെന്ന് പറയാന്‍ സ്വപ്ന സൂരേഷിനെ ഉപദേശിച്ച ജനം ടി വിയിലെ അനില്‍ നമ്പ്യാര്‍ വി മുരളീധരന്റെ വിശ്വസ്ഥനാണെന്നാണ് അറിയപ്പെട്ടത്.

പാര്‍ട്ടിയിലും പടയൊരുക്കം ശക്തമായി; കേന്ദ്ര മന്ത്രി വി മുരളീധരന്‍ കൂടുതല്‍ കുരുക്കിലേക്ക്
X

പിസി അബ്ദുല്ല

കോഴിക്കോട്: കേന്ദ്ര സഹ മന്ത്രി വി മുരളീധരന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലേക്ക്. തിരുവനന്തപുരം സ്വര്‍ണ്ണ കള്ളക്കടത്തു വിവാദത്തില്‍ സംശയ മുനയിലായതിനു പിന്നാലെ മുരളീധരനെതിരായ ആരോപണങ്ങള്‍ ഒന്നൊന്നായി പുറത്തു വരികയാണ്. അദ്ദേഹത്തിനെതിരെ പാര്‍ട്ടിയിലും ശക്തമായ പടയൊരുക്കം ആരംഭിച്ചു.

ആര്‍എസ്എസിനും ബിജെപി കേന്ദ്ര നേതൃത്വത്തിനും മുരളീധരന്‍ അനഭിമതനായെന്നതിന്റെ വ്യക്തമായ സൂചനകളും പുറത്തു വരുന്നു.നയ തന്ത്ര ബാഗേജിലല്ല തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തു നടന്നതെന്ന മലയാളിയായ കേന്ദ്ര സഹമന്ത്രിയുടെ നിലപാട് തള്ളി സംഭവത്തില്‍ എന്‍ഐഎ രാജ്യ ദ്രോഹക്കേസ് രജിസ്റ്റര്‍ ചെയ്തതായിരുന്നു മുരളീധരനെ കേന്ദ്രം കൈവിട്ടതിന്റെ ആദ്യ സൂചന. നയ തന്ത്ര ബാഗേജു വഴി തന്നെയാണ് സ്വര്‍ണ്ണം കടത്തിയതെന്ന് ഇന്നലെ കേന്ദ്ര ധന മന്ത്രാലയം പാര്‍ലമെന്റിലും വ്യക്തമാക്കിയതോടെ മുരളീധരന്‍ ഉള്‍പ്പെട്ട കേന്ദ്ര മന്ത്രിസഭയും അദ്ദേഹത്തെ കൈവിട്ടു എന്ന് വ്യക്തമായി.

നയതന്ത്ര ബാഗേജു വഴിയല്ല സ്വര്‍ണ്ണം കടത്തിയതെന്ന് പറയാന്‍ സ്വപ്ന സൂരേഷിനെ ഉപദേശിച്ച ജനം ടി വിയിലെ അനില്‍ നമ്പ്യാര്‍ വി മുരളീധരന്റെ വിശ്വസ്ഥനാണെന്നാണ് അറിയപ്പെട്ടത്. എന്നാല്‍, മുരളീധരനുമായുള്ള ബന്ധം അറിഞ്ഞു കൊണ്ടു തന്നെ അനില്‍ നമ്പ്യാരെ ബിജെപി കേരള നേതൃത്വം തള്ളിപ്പറയാന്‍ നിര്‍ബന്ധിതരായി. കേരളത്തിലെ മറ്റു ബിജെപി നേതാക്കളെ അപേക്ഷിച്ച് മുരളീധരന് ഏറെ ആത്മ ബന്ധമുള്ള ജനം ടിവിയേയും കേരള നേതൃത്വം തള്ളിപ്പറഞ്ഞു. സ്വര്‍ണ്ണക്കടത്തു വിവാദത്തില്‍ കേരളത്തിലെ ബിജെപി നേതൃത്വം മുരളീധരനൊപ്പമല്ല എന്ന സന്ദേശത്തോടൊപ്പം വിഷയത്തില്‍ ബിജെപി നടത്തുന്ന ഒളിച്ചുകളി കൂടിയാണ് അനില്‍ നമ്പ്യാരുമായി ബന്ധപ്പെട്ട സംഭവത്തോടെ പുറത്തായത്.

നയതന്ത്ര ബാഗേജല്ലെന്നു പറയാന്‍ സ്വപ്നയെ ഉപദേശിച്ച അനില്‍ നമ്പ്യാരെ ബിജെപി അനുകൂല ചാനലല്‍ പുറത്താക്കി. എന്നാല്‍, അതേ നിലപാട് പരസ്യമായി പറഞ്ഞ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച മുരളീധരനെ പുറമെ ന്യായീകരിക്കേണ്ട ഗതികേടാണ് കേരള ബിജെപിക്ക് വന്നുപെട്ടത്. ഈ സാഹചര്യം മുതലെടുത്താണ് പികെ കൃഷ്ണ ദാസ് പക്ഷം മുരളളീധരനെതിരെ വീണ്ടും കരുനീക്കങ്ങള്‍ ആരംഭിച്ചത്. ആര്‍എസ്എസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും മുരളീധരനെതിരായ പുതിയ വിഭാഗീയ നീക്കത്തിനുണ്ട് എന്നതാണ് പ്രത്യേകത. മുരളീധരനെ മാറ്റി കുമ്മനം രാജശേഖരനെ കേന്ദ്ര മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് നിരവധി സന്ദേശങ്ങളാണ് പ്രധാന മന്ത്രിയുടെ ഓഫിസിലേക്കും പാര്‍ട്ടി ആസ്ഥാനത്തേക്കും പ്രവഹിക്കുന്നത്.

അതിനിടെ തിരുനന്തപുരത്ത് പുതിയ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയോഗിച്ചതിനെതിരേയും മുരളീധരനെതിരെ പരാതികള്‍ കേന്ദ്ര നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. കളങ്കിതരുമായുള്ള മുരളീധരന്റെ നേരത്തെയുള്ള അടുപ്പം ചൂണ്ടികാട്ടിയാണ് തിരുവനന്തപുരം സ്വര്‍ണ്ണക്കള്ളക്കടത്തു സംബന്ധിച്ച് പാര്‍ട്ടി കേന്ദ്രങ്ങള്‍ തന്നെ സംശയങ്ങള്‍ ഉന്നയിക്കുന്നത്.

ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ ചമഞ്ഞ് കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ചു നടന്ന തട്ടിപ്പില്‍ പിടിയിലായി ജയിലിലുള്ള അരുണ്‍ ടി രവീന്ദ്രന് വി മുരളീധരനുമായി അടുത്ത ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.മുരളീധരന്റെ ഒരു വിശ്വസ്ഥന്റെ ബന്ധുവായ അരുണിന് മുരളീധരനുമായുള്ള അടുപ്പവും സ്വാധീനവും ചൂണ്ടിക്കാട്ടി കൃഷ്ണ ദാസ് പക്ഷം കേന്ദ്ര നേതൃത്വത്തിന് പരാതികളും അയച്ചു. എന്നാല്‍,ആര്‍എസ്എസ് പ്രമുഖന്‍ നന്ദ കുമാറുമായും അരുണ്‍ ടി രവീന്ദ്രന് അടുപ്പമുണ്ടെന്ന് വന്നതോടെ മുരളീധരനെതിരായ നീക്കത്തില്‍ നിന്നും പാര്‍ട്ടിയിലെ വിരുദ്ധ ചേരിക്ക് പിന്‍മാറേണ്ടി വന്നു.

രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട കേസില്‍ സത്യം പുറത്തു വരുന്നതിന് വി മുരളീധരനെ ചോദ്യം ചെയ്യണമെന്നാണ് സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍,സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ സമരമുഖത്തുള്ള യുഡിഎഫ് മൃദു സമീപനമാണ് മുരളീധരനോട് പുലര്‍ത്തുന്നത്.രമേശ് ചെന്നിത്തലയടക്കമുള്ളവരില്‍ നിന്നും മുരളീധരനെതിരെ ഇതേവരെ കാര്യമായ പ്രതികരണങ്ങളോ പ്രതിഷേധങ്ങളോ ഉയര്‍ന്നിട്ടില്ല.

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ പിന്തുണയും മുരളീധരന് ആവോളമുണ്ട്. ചില പ്രധാന ചാനലുകളുടെ അന്തി ചര്‍ച്ചകളില്‍ മുരളീധരനെതിരെ പരാമര്‍ശമുയരുമ്പോള്‍ അവതാരകര്‍ ഇടവേളകള്‍ അനിവാര്യമാക്കി കേന്ദ്ര സഹമന്ത്രിയുടേയും ബിജെപിയുടേയും മുഖം രക്ഷിക്കുന്നുവെന്നാണ് ആക്ഷേപം.

Next Story

RELATED STORIES

Share it