Big stories

പാലാ ഉപതിരഞ്ഞെടുപ്പ്: പ്രചാരണം അവസാന ലാപ്പിലേക്ക്; വിജയപ്രതീക്ഷയില്‍ മുന്നണികള്‍

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 4,703 വോട്ടിനാണ് എല്‍ഡിഎഫിന് മണ്ഡലം നഷ്ടമായത്. അന്നും മാണി സി കാപ്പനായിരുന്നു എല്‍ഡിഎഫിന്റെ സാരഥി. യുഡിഎഫിന് 58,884 വോട്ടും എല്‍ഡിഎഫിന് 54,181 വോട്ടും എന്‍ഡിയ്ക്ക് 24,821 വോട്ടുമാണ് ലഭിച്ചിരുന്നത്. മുന്‍തിരഞ്ഞെടുപ്പുകളില്‍ വമ്പിച്ച ഭൂരിപക്ഷത്തിന് മണ്ഡലം പിടിച്ചടക്കിയ മാണിയെ അയ്യായിരത്തില്‍താഴെ വോട്ടിന് മാണി സി കാപ്പന് തളയ്ക്കാനായി. അതുകൊണ്ടുതന്നെ മാണിയില്ലാത്ത പാലായില്‍ വിജയം സുനിശ്ചിതമാണെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് ക്യാംപ്.

പാലാ ഉപതിരഞ്ഞെടുപ്പ്: പ്രചാരണം അവസാന ലാപ്പിലേക്ക്; വിജയപ്രതീക്ഷയില്‍ മുന്നണികള്‍
X

കോട്ടയം: പരസ്യപ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പാലായില്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണ് എല്‍ഡിഎഫും യുഡിഎഫും. അരനൂറ്റാണ്ടായി കെ എം മാണിയുടെ തട്ടകമായിരുന്ന പാലാ മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫും തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫും അണിയറയില്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 4,703 വോട്ടിനാണ് എല്‍ഡിഎഫിന് മണ്ഡലം നഷ്ടമായത്. അന്നും മാണി സി കാപ്പനായിരുന്നു എല്‍ഡിഎഫിന്റെ സാരഥി. യുഡിഎഫിന് 58,884 വോട്ടും എല്‍ഡിഎഫിന് 54,181 വോട്ടും എന്‍ഡിയ്ക്ക് 24,821 വോട്ടുമാണ് ലഭിച്ചിരുന്നത്. മുന്‍തിരഞ്ഞെടുപ്പുകളില്‍ വമ്പിച്ച ഭൂരിപക്ഷത്തിന് മണ്ഡലം പിടിച്ചടക്കിയ മാണിയെ അയ്യായിരത്തില്‍താഴെ വോട്ടിന് മാണി സി കാപ്പന് തളയ്ക്കാനായി. അതുകൊണ്ടുതന്നെ മാണിയില്ലാത്ത പാലായില്‍ വിജയം സുനിശ്ചിതമാണെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് ക്യാംപ്.


എന്നാല്‍, ഇരുമുന്നണികളിലെയും പാര്‍ട്ടികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പടലപ്പിണക്കങ്ങള്‍ തിരിച്ചടിയുണ്ടാക്കുമോയെന്ന ആശങ്കയിലാണ് നേതൃത്വങ്ങള്‍. കേരള കോണ്‍ഗ്രസില്‍ ജോസ് കെ മാണി- പി ജെ ജോസഫ് വിഭാഗങ്ങള്‍ തമ്മിലാണ് ഭിന്നതയെങ്കില്‍ എന്‍സിപിയില്‍ മാണി സി കാപ്പനോട് എതിര്‍പ്പുള്ള ഉഴവൂര്‍ വിജയന്‍ ഗ്രൂപ്പുകാരാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. കാപ്പനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍നിന്ന് 42 പ്രവര്‍ത്തകര്‍ എന്‍സിപി വിട്ടത് അടുത്ത ദിവസമാണ്. ഇതൊന്നും എല്‍ഡിഎഫിന്റെ വിജയത്തെ ബാധിക്കില്ലെന്നാണ് എന്‍സിപി നേതൃത്വത്തിന്റെ നിലപാട്. കെ എം മാണിയുടെ ഓര്‍മകളും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലാ സമ്മാനിച്ച വമ്പന്‍ ഭൂരിപക്ഷവുമാണ് യുഡിഎഫ് ക്യാംപിന് ആത്മവിശ്വാസമേകുന്നത്.

2016ലെ തിരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം കാല്‍ലക്ഷത്തിലെത്തിക്കാനായത് ഗുണംചെയ്യുമെന്നാണ് എന്‍ഡിഎയും കണക്കുകൂട്ടുന്നത്. പ്രചാരണം അവസാനലാപ്പിലേക്ക് കടന്നപ്പോള്‍ ഇരുമുന്നണികളിലെയും മുന്‍നിര നേതാക്കളാണ് പാലായില്‍ തമ്പടിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ആലത്തൂരിലെ താരം രമ്യ ഹരിദാസ് എന്നിവരടക്കം കോണ്‍ഗ്രസിലെ വലിയൊരു നേതൃനിര ദിവസങ്ങളായി യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിനുവേണ്ടി പാലായിലുണ്ട്. മാണിയുടെ ഓര്‍മകളിലാണ് ആദ്യം യുഡിഎഫ് ഊന്നിയതെങ്കില്‍ ഇപ്പോഴിത് സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളും ശബരിമലയുമായി മാറി.


ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായതുപോലെ ഭരണവിരുദ്ധവികാരം പാലായിലുമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് മുന്നണിയുള്ളത്. കേരള കോണ്‍ഗ്രസിലെ ഭിന്നതകള്‍ പരിഹരിച്ചതായി യുഡിഎഫ് നേതൃത്വം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പി ജെ ജോസഫ് പ്രചാരണത്തില്‍ സജീവമായിട്ടില്ല. എങ്കിലും തൊടുപുഴയിലെ വീട്ടിലെത്തി പി ജെ ജോസഫുമായി ജോസ് ടോം കൂടിക്കാഴ്ച നടത്തിയത് മഞ്ഞുരുകലിന് കാരണമായിട്ടുണ്ടെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. കെ എം മാണിയുടെ ആത്മാവായ പാലാ നിലനിര്‍ത്തുകയെന്നത് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്‌നംകൂടിയാണ്. അതേസമയം, മന്ത്രിപ്പടയാണ് എല്‍ഡിഎഫിനായി പാലായുടെ മുക്കിലും മൂലയിലും കയറിയിറങ്ങുന്നത്. ബുധനാഴ്ച മുതല്‍ മൂന്നുദിവസം പാലായില്‍ തമ്പടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണത്തിന് നേതൃത്വം നല്‍കുകയാണ്.

നാലാംതവണ മല്‍സരിക്കുന്ന മാണി സി കാപ്പന് ഒരവസരം നല്‍കണമെന്ന സഹതാപമുയര്‍ത്തിയാണ് എല്‍ഡിഎഫ് വോട്ടുചോദിക്കുന്നത്. ഒപ്പം കേരള കോണ്‍ഗ്രസിലെ അഭിപ്രായഭിന്നതയും പാലായുടെ വികസനമുരടിപ്പും പ്രചാരണവിഷയമാണ്. കുടുംബയോഗങ്ങളിലെല്ലാം മന്ത്രിമാര്‍ വാഗ്ദാനപ്പെരുമഴയാണ് തീര്‍ക്കുന്നത്. പാലായില്‍ മല്‍സ്യമാര്‍ക്കറ്റ് തുടങ്ങുമെന്ന് വാഗ്ദാനം നല്‍കിയ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീതും ലഭിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മത, സഭാ നേതൃത്വങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഇടത് അനുകൂല പ്രസ്താവന എല്‍ഡിഎഫ് ക്യാംപില്‍ ആവേശത്തിനൊപ്പം ആശങ്കയുമുണ്ടാക്കിയിട്ടുണ്ട്.

ശ്രീനാരായണീയര്‍ക്കിടയില്‍ മാണി സി കാപ്പന്‍ തരംഗമെന്നയാരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. ക്രൈസ്തവ, നായര്‍ വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കമുള്ള മണ്ഡലത്തില്‍ ഇതെങ്ങനെ പ്രതിഫലിക്കുമെന്നതാണ് എല്‍ഡിഎഫിലെ ആശയക്കുഴപ്പത്തിന് കാരണം. എന്‍എസ്എസ്സിന്റെ വോട്ടും മണ്ഡലത്തില്‍ നിര്‍ണായകമാണ്. ശബരിമല, മുന്നാക്ക കമ്മീഷന്‍ വിഷയങ്ങളില്‍ സര്‍ക്കാരുമായും സിപിഎമ്മുമായും അത്ര രസത്തിലല്ല എന്‍എസ്എസ്. തങ്ങളുടെ പിന്തുണ ആര്‍ക്ക് എന്നത് സംബന്ധിച്ച് എന്‍എസ്എസ് മനസ് തുറക്കാത്തതും മുന്നണികളെ ആശങ്കയിലാക്കുന്നുണ്ട്.

മണ്ഡലത്തിലെ നായര്‍ വോട്ടുകളില്‍ കണ്ണുംനട്ടാണ് എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ ഹരിയുടെ പ്രചാരണം. 2016ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ നില മെച്ചപ്പെടുത്താനാവുമെന്നാണ് എന്‍ഡിഎ ക്യാംപിന്റെ പ്രതീക്ഷ. കേന്ദ്രമന്ത്രിമാരെയടക്കം ബിജെപി പാലായില്‍ പ്രചാരണത്തിനെത്തിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച 2019 ലെ വോട്ടര്‍പട്ടിക പ്രകാരം മണ്ഡലത്തില്‍ ആകെ 1,77,550 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 90,514 സ്ത്രീകളും 87,036 പുരുഷന്‍മാരും ഉള്‍പ്പെടും.

Next Story

RELATED STORIES

Share it