Top

അവര്‍ ചോദിക്കുന്നു, മുസ്‌ലിമായി ജനിച്ചുവെന്നല്ലാതെ തങ്ങള്‍ ചെയ്ത തെറ്റെന്താണ്

അവര്‍ ചോദിക്കുന്നു, മുസ്‌ലിമായി ജനിച്ചുവെന്നല്ലാതെ തങ്ങള്‍ ചെയ്ത തെറ്റെന്താണ്

മുംബൈ: ഏതൊരു സാധാരണ ഡോക്ടറെയും പോലെ തന്നെയായിരുന്നു 32 വയസുവരെ അഷ്ഫാഖ് മിറിന്റെയും ജീവിതം. എന്നാല്‍ മുസ്‌ലിമായി എന്ന കാരണത്താല്‍, നിയമപാലകര്‍ തന്നെ നിയമ ലംഘകരായതോടെ 32ാം വയസ്സില്‍ അഷ്ഫാഖിന്റെ ജീവിതം കീഴ്‌മേല്‍ മറിയുകയായിരുന്നു. കുടുംബത്തോടൊപ്പം കഴിയവെയാണ് ദക്ഷിണ മുംബൈ സ്വദേശിയായ അഷ്ഫാഖിനെ തേടി ഒരു ദിവസം ബുസാവല്‍ പോലിസ് വീട്ടിലെത്തിയത്. 1994 മെയ് 28നായിരുന്നു അത്. അന്നുവരെ കേള്‍ക്കാത്ത അല്‍ ജിഹാദ് തന്‍സീം എന്ന സായുധ സംഘടനയുമായി അഷ്ഫാഖിന് ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു പോലിസെത്തിയത്. അഷ്ഫാഖിനെ കൂടാതെ മറ്റു പത്തു പേരെയും പോലിസ് പിടികൂടി. ബാബരി മസ്ജിദ് തകര്‍ച്ചക്കു പകരം വീട്ടാന്‍ മഹാരാഷ്ട്രയില്‍ പലയിടത്തായി സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടുവെന്നായിരുന്നു എല്ലാവര്‍ക്കുമെതിരേ പോലിസ് ആരോപിച്ച കുറ്റം. പിന്നീടങ്ങോട്ടു നീണ്ട 25 വര്‍ഷം തങ്ങളുടെ ജീവിതത്തിലെന്താണു സംഭവിച്ചതെന്നു ഓര്‍ത്തെടുക്കാന്‍ പോലും ഭയപ്പെടുകയാണിന്നിവര്‍. ജീവിതത്തിലൊരിക്കലും ചിന്തിക്കാത്ത, ചെയ്യാത്ത കുറ്റങ്ങളുടെ പേരില്‍ 25 വര്‍ഷത്തിനു ശേഷം ടാഡ കോടതി ജഡ്ജ് എസ് സി ഘട്ടി എല്ലാവരെയും വെറുതെ വിട്ടു. എങ്കിലും തങ്ങള്‍ക്കു നഷ്ടപ്പെട്ട യൗവനം ഈ 57ാം വയസില്‍ ആരു തിരികെ നല്‍കുമെന്ന ചോദ്യം നമ്മുടെ നിയമ വ്യവസ്ഥയെ പല്ലിളിച്ചു കാണിക്കുകയാണ്. കേസില്‍ 12 പേരാണ് ഉണ്ടായിരുന്നതെങ്കിലും ഒരാള്‍ നേരത്തെ തന്നെ മാപ്പു സാക്ഷിയായി മൊഴികൊടുത്തതിനാല്‍ വിചാരണയില്ലാതെ രക്ഷപ്പെടുകയായിരുന്നു. ജമീല്‍ അഹ്മദ് ഖാനെന്നയാളെയാണ് കേസില്‍ പോലിസ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് മെയ്- ജൂണ്‍ മാസങ്ങള്‍ക്കിടക്ക് അഷ്ഫാഖ് മിര്‍, സഹോദരന്‍ മുംതാസ് സൈദ് മുര്‍തുസാ മിര്‍, അന്‍സാരി, മൗലാനാ അബ്ദുല്‍ ഖാദര്‍ ഹബീബി എന്നീ നാലുപേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ശേഷമാണ് ജമീല്‍ അഹ്മദ് ഖാനെ അഷ്ഫാഖ് മിര്‍ അറിയുന്നത് തന്നെ. ചികില്‍സയുമായി ബന്ധപ്പെട്ട് ചിലപ്പോഴൊക്കെ കണ്ടിട്ടുണ്ടെന്നുള്ളതാണ് മൗലാനാ അബ്ദുല്‍ ഖാദര്‍ ഹബീബിയുമായി മിര്‍ സഹോദരങ്ങള്‍ക്കും അന്‍സാരിക്കുമുള്ള ബന്ധം. യൂനാനി ചികില്‍സകനാണ് അന്‍സാരി. പിന്നീട് മുഹമ്മദ് യൂനുസ് മുഹമ്മദ് ഇസ്ഹാഖ്, ഫാറൂഖ് നസിര്‍ ഖാന്‍, യൂസുഫ് ഗുലാബ് ഖാന്‍, അയ്യൂബ് ഇസ്മയില്‍ ഖാന്‍, വസീമുദ്ദീന്‍ ഷംസുദ്ദീന്‍, ഷൈഖാ ഷാഫി അസീസ്, ഹാറൂണ്‍ മുഹമ്മദ് ബാഫതി എന്നിവരെയും കേസുലുള്‍പെടുത്തി. ഇവരില്‍ പലരും പരസ്പരം അറിയുക പോലുമില്ലായിരുന്നു. ഡോക്ടര്‍, എഞ്ചിനീയര്‍ തുടങ്ങിയ വിദ്യാസമ്പന്നരായ മുസ്‌ലിം യുവാക്കളെയാണ് പോലിസ് ലക്ഷ്യമിട്ടത്. വിദ്യാസമ്പന്നരായ മുസ്‌ലിം യുവാക്കള്‍ മതബോധത്തോടെ ജീവിച്ചാല്‍ അറസ്റ്റു ചെയ്യപ്പെട്ടേക്കാമെന്നുവരെ പൊതുബോധമുണ്ടാക്കാന്‍ തങ്ങളുടെ അറസ്റ്റ് കൊണ്ടു പോലിസിനു സാധിച്ചുവെന്നു അഷ്ഫാഖ് പറയുന്നു. പോലിസിനൊപ്പം മാധ്യമങ്ങളും തങ്ങളെ വേട്ടയാടി. ജയിലിലായിരിക്കെയാണ് ഭാര്യ പെണ്‍കുഞ്ഞിനു ജന്‍മം നല്‍കിയത്. ഈ വിവരം തന്നെ അറിയിക്കാന്‍ പോലിസ് വീട്ടുകാരെ സമ്മതിച്ചില്ല. എന്നാല്‍ പെണ്‍കുഞ്ഞ് പിറന്നതില്‍ താന്‍ അസന്തുഷ്ടനാണെന്നും മറ്റുമായിരുന്നു തന്നെ കുറിച്ചു ആ സമയത്തു മാധ്യമങ്ങള്‍ എഴുതിയത്. 1994ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നാലു വര്‍ഷത്തിനു ശേഷമാണ് കുറ്റപത്രം സമര്‍പിച്ചത്. പോലിസ് കുറ്റപത്രത്തില്‍ പറഞ്ഞ 15 സാക്ഷികളില്‍ 9 പേരും തങ്ങളെ അവര്‍ അറിയില്ലെന്നാണ് കോടതിയില്‍ മൊഴി നല്‍കിയത്. രണ്ടു പേര്‍ വിചാരണക്കിടെ മരിച്ചു. ബാക്കിയുള്ളവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കേസവസാനിക്കും വരെ പോലിസ് പറഞ്ഞത്. മുന്‍കൂട്ടി തയ്യാറാക്കിയാണ് പോലിസ് തങ്ങളെ കുടുക്കിയതെന്നു ഇതില്‍ നിന്നെല്ലാം വ്യക്തമാണ്. കേസ് നടത്തിപ്പിനായി അഭിഭാഷകര്‍ പോലും തയ്യാറായില്ല. ജംഇയത്തുല്‍ ഉലമായെ ഹിന്ദ് എന്ന സംഘടനയാണ് നിയമസഹായം നല്‍കിയത്. കോടതികളില്‍ നിന്നു കോടതികളിലേക്കു കേസ് മാറിക്കൊണ്ടിരുന്നു. അവസാനം നാസികിലെ കോടതിയിലാണ് കേസ് അവസാനിച്ചത്. എല്ലാ കുറ്റങ്ങളില്‍ നിന്നും തങ്ങളെ വിമുകതരാക്കുകയാണ് എന്നു മാത്രമായിരുന്നു നീണ്ട 25 വര്‍ഷത്തെ നടപടികള്‍ക്കു ശേഷം കോടതിക്കു പറയാനുണ്ടായിരുന്നത്- അഷ്ഫാഖ് പറഞ്ഞു.

Next Story

RELATED STORIES

Share it