Big stories

നിയമസഭയില്‍ സ്പീക്കറുടെ ഓഫിസിന് മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം; എംഎല്‍എ ബോധം കെട്ട് വീണു, വനിതാ എംഎല്‍എമാരെ കൈയേറ്റം ചെയ്‌തെന്ന് പരാതി

നിയമസഭയില്‍ സ്പീക്കറുടെ ഓഫിസിന് മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം; എംഎല്‍എ ബോധം കെട്ട് വീണു, വനിതാ എംഎല്‍എമാരെ കൈയേറ്റം ചെയ്‌തെന്ന് പരാതി
X

തിരുവനന്തപുരം: നിയമസഭയില്‍ അസാധാരണ പ്രതിഷേധവുമായി പ്രതിപക്ഷം. സ്പീക്കറുടെ ഓഫിസിന് മുന്നില്‍ പ്രതിപക്ഷം കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതിനിടയില്‍ പ്രതിപക്ഷ എംഎല്‍എമാരും വാച്ച് ആന്റ് വാര്‍ഡും തമ്മില്‍ സംഘര്‍ഷമുണ്ടായി. വാച്ച് ആന്റ് വാര്‍ഡ് ബലം പ്രയോഗിച്ചതോടെ ചാലക്കുടി എംഎല്‍എ ടി ജെ സനീഷ് കുമാര്‍ ജോസഫ് ബോധം കെട്ട് വീണു. എംഎല്‍എയെ ഇവിടെനിന്ന് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ അഡീഷനല്‍ ചീഫ് മാര്‍ഷല്‍ മൊയ്ദീന്‍ ഹുസൈനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുതിര്‍ന്ന അംഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വാച്ച് ആന്റ് വാര്‍ഡ് കൈയേറ്റം ചെയ്‌തെന്ന് പ്രതിപക്ഷം ആരോപിച്ചു. കെ കെ രമയേയും ഉമാ തോമസിനേയും വാച്ച് ആന്റ് വാര്‍ഡും ഭരണപക്ഷ എംഎല്‍എമാരും കൈയേറ്റം ചെയ്‌തെന്നും ആരോപണമുണ്ട്. കൈയ്ക്കും കാലിനും പിടിച്ച് തന്നെ വലിച്ചിഴച്ചെന്ന് രമ പറഞ്ഞു. അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം തന്നെ ചവിട്ടിയെന്നും രമ പ്രതികരിച്ചു. ഭരണപക്ഷ എംഎല്‍എമാര്‍ മോശമായി മുദ്രാവാക്യം വിളിക്കുകയും സലാം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ചവിട്ടുകയായിരുന്നെന്നും കെ കെ രമ ആരോപിച്ചു. സംഭവത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.

മുദ്രാവാക്യം വിളിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്നുമാണ് പ്രതിപക്ഷത്തിന്റെ വാദം. തുടര്‍ച്ചയായി രണ്ടാം ദിവസവും അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനാല്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കറുടെ ഓഫിസിന് മുന്നില്‍ കുത്തിയിരുന്നത്. സ്പീക്കര്‍ നീതി പാലിക്കണമെന്ന ബാനറുമായാണ് പ്രതിപക്ഷമെത്തിയത്. സ്പീക്കര്‍ക്കെതിരേ യുഡിഎഫ് എംഎല്‍എമാര്‍ മുദ്രാവാക്യം വിളിച്ചു. സ്ത്രീകള്‍ക്ക് നേരേ അതിക്രമം വര്‍ധിക്കുന്നുവെന്ന വിഷയത്തിലാണ് പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയത്. ഉമാ തോമസാണ് നോട്ടിസ് നല്‍കിയത്.

നോട്ടിസിന് അനുമതി നല്‍കിയില്ല. ഭരണസിരാ കേന്ദ്രത്തിന്റെ താഴെ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുവെന്നും ഇത് ചര്‍ച്ച ചെയ്തില്ലെങ്കില്‍ എന്തിനാണ് സഭയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു. ഉപരോധം അവസാനിപ്പിച്ച് മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാക്കള്‍ അഞ്ച് എല്‍ഡിഎഫ് എംഎല്‍എമാരും മന്ത്രിമാരുടെ സ്റ്റാഫും എംഎല്‍എമാരെ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചു. യുഡിഎഫ് എംഎല്‍എമാരെ വാച്ച് ആന്റ് വാര്‍ഡിനെ വിട്ടു തല്ലിച്ചെന്ന് വി ഡി സതീശന്‍ പറഞ്ഞു. വാച്ച് ആന്റ് വാര്‍ഡ് എംഎല്‍എമാരെ നിലത്തിട്ട് ചവിട്ടിക്കൂട്ടി. കെ കെ രമയെ 6 വനിതാ പോലിസുകാര്‍ വലിച്ചിഴച്ചെന്നും സതീശന്‍ ആരോപിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയ വാച്ച് ആന്റ് വാര്‍ഡ് പിന്നീട് മറ്റുള്ളവര്‍ക്ക് നേരേ തിരിയുകയായിരുന്നു.

Next Story

RELATED STORIES

Share it