Big stories

മതം മാറിയത് പഠനത്തിന്റെ അടിസ്ഥാനത്തിലെന്ന് ആയിഷ എന്ന ആതിരാ മോഹന്‍; കുപ്രചാരണത്തിനെതിരേ നിയമനടപടിയുമായി ക്ലിനിക്ക് അധികൃതര്‍

മതം മാറിയത് പഠനത്തിന്റെ അടിസ്ഥാനത്തിലെന്ന് ആയിഷ എന്ന ആതിരാ മോഹന്‍; കുപ്രചാരണത്തിനെതിരേ നിയമനടപടിയുമായി ക്ലിനിക്ക് അധികൃതര്‍
X

ജിദ്ദ: സൗദി അറേബ്യയിലെ ക്ലിനിക്കില്‍ എക്‌സ്‌റേ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന സ്വദേശിനി തൃശൂര്‍ ചേറ്റുപുഴ സ്വദേശി ആതിരാ മോഹനെ 'ലൗ ജിഹാദി'ല്‍ പെടുത്തി മതംമാറ്റി സിറിയയിലേക്ക് കൊണ്ടുപോവാന്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി യുവതി തന്നെ രംഗത്ത്. പഠനത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇസ് ലാം സ്വീകരിച്ചതെന്നും നുണക്കഥകള്‍ പ്രചരിപ്പിച്ച വിദ്വേഷമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ആയിഷ എന്ന ആതിര മോഹന്‍ ജിദ്ദയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹിന്ദുത്വ അനുകൂല ഓണ്‍ലൈന്‍ ചാനലുകളിലാണ് കഴിഞ്ഞ ദിവസങ്ങളിലായി ഇത്തരത്തില്‍ കുപ്രചാരണങ്ങളുണ്ടായത്. ഇവരുടെ ഭര്‍ത്താവ് ബെന്നി ആന്റണി പോലിസിലും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കര്‍മ ന്യൂസ്, ജനം ടിവി തുടങ്ങിയ ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലുകളില്‍ കുപ്രചാരണം നടത്തിയത്. ആതിരാ മോഹന്‍ ജോലിക്ക് പോയ ശേഷം മതം മാറി 55 വയസ്സുകാരനെ മുസ് ലിം ആചാരപ്രകാരം വിവാഹം കഴിച്ചെന്നായിരുന്നു ആരോപണം. മാത്രമല്ല, ഇവര്‍ ജോലി ചെയ്തിരുന്ന അല്‍മാസ് ക്ലിനിക്ക് മാനേജമെന്റിനെതിരേയും നുണക്കഥകള്‍ പ്രചരിപ്പിച്ചിരുന്നു. ഇതോടെയാണ് ക്ലിനിക്ക് അധികൃതര്‍ ആയിഷയെയും കൂട്ടി വാര്‍ത്താസമ്മേളനം നടത്തിയത്. മലയാളത്തിലെ ചില ഓണ്‍ലൈന്‍ ചാനലുകളാണ് തനിക്കെതിരെ കളവ് പ്രചരിപ്പിക്കുന്നത്. ലൗ ജിഹാദില്‍ പെട്ടെന്നും സിറിയയില്‍ കൊണ്ടുപോവുകയാണെന്നും പ്രചരിപ്പിക്കുന്നു. ഇതില്‍ യാതൊരു വാസ്തവവും ഇല്ല. തന്റെ മുന്‍ഭര്‍ത്താവ് ബെന്നി ആന്റണി പോലിസിനും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയില്‍ പറയുന്നതെല്ലാം നുണയാണ്.

2013ല്‍ പ്രണയിച്ച് വിവാഹിതരായെങ്കിലും അതിനു ശേഷം ഭര്‍ത്താവ് തന്നെ നിരന്തരം ഉപദ്രവിക്കുകയായിരുന്നു. മദ്യപിച്ച് വീട്ടില്‍വന്ന് നിരന്തരം മര്‍ദ്ദിക്കുകയായിരുന്നു. ഇത് സഹിക്കാനാവാതെയാണ് താന്‍ സൗദിയില്‍ ജോലി തേടിയെത്തിയത്. ജിദ്ദയിലെത്തിയ ശേഷവും കുഞ്ഞിന്റെ ചെലവിനു വേണ്ടി ശമ്പളത്തിലെ നല്ലൊരു പങ്ക് അയച്ചു കൊടുത്തിരുന്നു. മദ്യപാനത്തിനും മറ്റു അനാവശ്യ കാര്യങ്ങള്‍ക്കും പണം ധൂര്‍ത്തടിച്ചു. പലതവണ പറഞ്ഞിട്ടും മാറ്റംവന്നില്ല. അതിനാല്‍ തന്നെ കഴിഞ്ഞ നാല് വര്‍ഷമായി ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധത്തില്‍ അല്ലെന്നും യുവതി പറഞ്ഞു. രണ്ടുവര്‍ഷത്തില്‍ ഏറെയായി ഞങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല. കുട്ടിയെ വിട്ടു തരാത്തതാണ്. ഞാന്‍ വേണ്ടെന്ന് വച്ചതല്ല. ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെയാണ് ബന്ധം ഉപേക്ഷിച്ചത്. ഞാന്‍ വിവാഹമോചനത്തിന് നോട്ടീസ് അയച്ചിട്ട് കുറേ ആയി. അതിന്റെ നടപടികള്‍ നടന്നുവരികയാണ്. എന്റെ മതംമാറ്റത്തില്‍ ഞാന്‍ ജോലി ചെയ്യുന്ന ജിദ്ദയിലെ ക്ലിനിക്ക് അധികൃതര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഒരു പങ്കുമില്ല. ആരും പ്രേരിപ്പിച്ചിട്ടില്ല. താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും മറ്റും പ്രചരിപ്പിച്ച് തന്നെ കരിവാരിത്തേക്കാനാണ് ബെന്നി ശ്രമിക്കുന്നത്. ഞാന്‍ ഇതുവരെ മറ്റൊരു വിവാഹം കഴിച്ചിട്ടില്ല. ഇസ്‌ലാമിനെ കുറിച്ച് പഠിച്ച ശേഷം സ്വന്തം ഇഷടപ്രകാരമാണ് ഞാന്‍ മതംമാറിയതെന്നും ആയിഷ പറഞ്ഞു.

അതേസമയം, ആയിഷ എന്ന ആതിര മോഹന്റെ മതംമാറ്റവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് അല്‍മാസ് ക്ലിനിക്ക് മാനേജമെന്റ് പ്രതിനിധികളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി ആയിഷ എന്ന ആതിര അല്‍മാസ് ഐഡിയല്‍ മെഡിക്കല്‍ സെന്ററില്‍ എക്‌സ്‌റെ ടെക്‌നീഷ്യനായി ജോലി ചെയ്യുന്നുണ്ട്. നാട്ടില്‍നിന്ന് റിക്രൂട്ട്‌മെന്റ് ഏജന്റ് വഴിയാണ് അവര്‍ അല്‍മാസിലെത്തിയത്. അവരുടെ വ്യക്തിപരമായ ഒരു കാര്യത്തിലും ഞങ്ങള്‍ ഇതുവരെ ഇടപെട്ടിട്ടില്ല. ഒരു ജീവനക്കാരുടെയും വ്യക്തിപരമായ കാര്യത്തില്‍ മാനേജ്‌മെന്റ് ഇടപെടാറില്ല. ക്ലിനിക്കുമായി ബന്ധമുള്ള മാനേജമെന്റിനെയും ജീവനക്കാരെയും വ്യക്തിഹത്യ ചെയ്ത യൂട്യൂബ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ക്കും ദൃശ്യ, പത്ര സ്ഥാപനങ്ങള്‍ക്കുമെതിരേ നിയമനടപടി സ്വീകരിക്കുമെന്നും മാനേജമെന്റ് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it