വിശാല പ്രതിപക്ഷ കൂട്ടായ്മ; മായാവതി പിന്‍മാറി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി തരംഗമെന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വന്നതിന് തൊട്ടുപിന്നാലെയാണ് ഈ നിലപാട് മാറ്റം. അതേസമയം, അനിവാര്യമായ സാഹചര്യത്തില്‍ ഉപയോഗിക്കാനുള്ള പിന്തുണ ഉറപ്പാക്കാന്‍ ബിജെപി ദേശിയ നേതൃത്വവും ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

വിശാല പ്രതിപക്ഷ കൂട്ടായ്മ; മായാവതി പിന്‍മാറി

ന്യൂഡല്‍ഹി: വിശാല പ്രതിപക്ഷ കൂട്ടായ്മ രൂപീകരിക്കുന്നതിനായി മായാവതി കോണ്‍ഗ്രസ് അധ്യക്ഷനെയും സോണിയാ ഗാന്ധിയെയും ഇന്ന് സന്ദര്‍ശിക്കുന്നതില്‍നിന്ന് പിന്മാറി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി തരംഗമെന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വന്നതിന് തൊട്ടുപിന്നാലെയാണ് ഈ നിലപാട് മാറ്റം. അതേസമയം, അനിവാര്യമായ സാഹചര്യത്തില്‍ ഉപയോഗിക്കാനുള്ള പിന്തുണ ഉറപ്പാക്കാന്‍ ബിജെപി ദേശിയ നേതൃത്വവും ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാത്രമേ സഖ്യചര്‍ച്ചകള്‍ക്ക് തയ്യാറുള്ളൂവെന്നാണ് മായാവതി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

നാളെ ഡല്‍ഹിയില്‍ നടത്താനിരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗവും മാറ്റിവച്ചതായി റിപോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എല്ലാ പ്രവചനങ്ങളും വിരല്‍ചൂണ്ടുന്നത് രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് തന്നെയാണ്. എന്നാല്‍, പ്രവചനങ്ങളുടെ ആധികാരികതയില്‍ ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ക്ക് സംശയമുണ്ട്. പ്രധാനമന്ത്രി സ്ഥാനത്ത് കണ്ണുള്ള ബിഎസ്പി അധ്യക്ഷ മായാവതി തൂക്ക് മന്ത്രിസഭ ഉണ്ടാവുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി പദത്തിലേക്ക് തനിക്ക് പിന്തുണ അഭ്യര്‍ഥിക്കും. അതിന്റെ മുന്നോടിയായാണ് രാഹുലും സോണിയയുമായി കൂടിക്കാഴ്ചയ്ക്ക് ആദ്യം തയ്യാറായത്.

അതേസമയം, എക്‌സിറ്റ്‌പോളുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് ബിജെപി ആഘോഷങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഏതെങ്കിലും സാഹചര്യത്തില്‍ ഭൂരിപക്ഷത്തിന് കുറവുണ്ടായാല്‍ പ്രാദേശിക പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനാണ് ബിജെപിയുടെയും ശ്രമം. ഇതിനായി റാം മാധവിന്റെ നേത്യത്വത്തില്‍ ജെ പി നദ്ദ, സുനില്‍ ദിയോദ്കര്‍, ഗോവര്‍ധന്‍ സദഫിയ എന്നിവരടങ്ങുന്ന ഒരു സമിതിയെ ബിജെപി അധ്യക്ഷന്‍ നിയോഗിച്ചിട്ടുണ്ട്. ബിഎസ്പി, ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ് എന്നീ പാര്‍ട്ടികള്‍ അടക്കമുള്ളവരുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തുകയാണ് ലക്ഷ്യം. അതേസമയം, മോദി ഇന്ന് ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരിലെത്തും. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണെത്തുന്നത്.

RELATED STORIES

Share it
Top