Top

ഡല്‍ഹി: സഹായം അഭ്യര്‍ഥിച്ച് എത്തിയത് 13,200 ഫോണ്‍ കോളുകള്‍, നടപടി സ്വീകരിക്കാതെ പോലിസ്, എമര്‍ജന്‍സി നമ്പര്‍ നിശ്ചലമായത് 72 മണിക്കൂര്‍

മുസ്‌ലിംകള്‍ക്കെതിരേ അക്രമികള്‍ താണ്ഡവമാടിയ നാലു ദിവസങ്ങളില്‍ സഹായം അഭ്യര്‍ഥിച്ച് 13,200 കോളുകളെത്തിയെന്നും എന്നാല്‍, ഇവയോട് പ്രതികരിക്കാതെ പോലിസ് കുറ്റകരമായ മൗനം പാലിച്ചെന്നും എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു.

ഡല്‍ഹി: സഹായം അഭ്യര്‍ഥിച്ച് എത്തിയത് 13,200 ഫോണ്‍ കോളുകള്‍, നടപടി സ്വീകരിക്കാതെ പോലിസ്, എമര്‍ജന്‍സി നമ്പര്‍ നിശ്ചലമായത് 72 മണിക്കൂര്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് നാലു ദിവസം അഴിഞ്ഞാടിയ സംഘ് പരിവാര ആക്രമികള്‍ക്ക് പോലിസിന്റെ ഭാഗത്ത് നിന്ന് സഹായം ലഭിച്ചിരുന്നുവെന്ന ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നതാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. മുസ്‌ലിംകള്‍ക്കെതിരേ അക്രമികള്‍ താണ്ഡവമാടിയ നാലു ദിവസങ്ങളില്‍ സഹായം അഭ്യര്‍ഥിച്ച് 13,200 കോളുകളെത്തിയെന്നും എന്നാല്‍, ഇവയോട് പ്രതികരിക്കാതെ പോലിസ് കുറ്റകരമായ മൗനം പാലിച്ചെന്നും എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. കലാപം കൊടുമ്പിരിക്കൊണ്ട ദിവസങ്ങളില്‍ പോലിസിന്റെ എമര്‍ജന്‍സി നമ്പരില്‍ കോളുകളെന്നും എടുത്തില്ലെന്ന് പൗരാവകാശ സംഘത്തിന്റെ വസ്തുതാന്വേഷണ റിപോര്‍ട്ടും കുറ്റപ്പെടുത്തി.

അക്രമം നടന്ന നാലു ദിവസങ്ങളിലായി 13,200 ഫോണ്‍ വിളികളാണു സഹായമഭ്യര്‍ഥിച്ച് മേഖലയിലെ വിവിധ പോലിസ് സ്‌റ്റേഷനുകളിലേക്കു വന്നത്. പ്രശ്‌നം തുടങ്ങിയ 23ന് 700 കോളുകളാണ് പോലിസ് കണ്‍ഡ്രോള്‍ റൂമില്‍ ലഭിച്ചതെങ്കില്‍ 24ന് അത് കുത്തനെ ഉയര്‍ന്ന് 3,500 കോളുകളിലെത്തി. 25ന് അത് വീണ്ടും ഉയര്‍ന്ന് 7,500 കോളുകളിലെത്തിയെങ്കില്‍ 26ന് 1,500 കോളുകളിലേക്ക് ചുരുങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അക്രമം പൊട്ടിപ്പുറപ്പെട്ട യമുന വിഹാര്‍ പ്രദേശത്തിന്റെ ഉത്തരവാദിത്തമുള്ള ഭജന്‍പുര പോലിസ് സ്‌റ്റേഷനില്‍, ഫെബ്രുവരി 24 മുതല്‍ 26 വരെ 3,000-3,500നും ഇടയില്‍ കോളുകള്‍ പലയിടങ്ങളില്‍നിന്നായി തങ്ങള്‍ക്ക് ലഭിച്ചതായി ഒരു പോലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. അക്രമബാധിത പ്രദേശങ്ങളിലെ കുറഞ്ഞത് രണ്ട് പോലിസ് സ്‌റ്റേഷനുകളിലെങ്കിലും കോള്‍ രജിസ്റ്ററുകള്‍ എന്‍ഡിടിവി അവലോകനം ചെയ്തു.

ഒന്‍പതു കോളങ്ങളുള്ള റജിസ്റ്ററില്‍ വിശദമായ പരാതി, പരാതിയുടെ രത്‌നച്ചുരുക്കം, എപ്പോഴാണു പരാതി ലഭിച്ചത്, എന്തു നടപടിയാണ് എടുത്തത് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. വെടിവയ്പ്പ്, വാഹനങ്ങള്‍ കത്തിക്കുന്നു, കല്ലേറ് തുടങ്ങിയ വിവിധ പരാതികള്‍ റജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ കേസുകളില്‍ എന്തുനടപടിയെടുത്തു എന്ന കോളം പൂരിപ്പിച്ചിട്ടില്ല. വെടിവയ്പ്, വാഹനങ്ങള്‍ അഗ്നിക്കിരയാക്കല്‍ തുടങ്ങിയ മുന്നറിയിപ്പുകള്‍ മുതല്‍ കല്ലെറിയവര്‍ വരെ പരാതികളിലുണ്ട്. തങ്ങള്‍ പരിശോധിച്ച മിക്ക കേസുകളിലും നടപടി സംബന്ധിച്ച കോളം ശൂന്യമായിരുന്നുവെന്നും എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഞായറാഴ്ച ആരംഭിച്ച ഏറ്റുമുട്ടലില്‍ 42 പേരാണ് കൊല്ലപ്പെട്ടത്. പോലിസിനെ സഹായം അഭ്യര്‍ഥിച്ച് ആവര്‍ത്തിച്ച് വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് യമുന വിഹാറിലെ ബിജെപി കൗണ്‍സിലര്‍ പ്രമോദ് ഗുപ്ത പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലിസിന് കഴിഞ്ഞില്ല. പോലിസിന് നിയന്ത്രിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഇത് തീര്‍ച്ചയായും സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശിവ് വിഹാറിലെ രാജധാനി പബ്ലിക് സ്‌കൂള്‍ എന്ന സ്വകാര്യ വിദ്യാലയം 60 മണിക്കൂറിലധികമാണ് കലാപകാരികള്‍ കീഴടക്കിയത്. താന്‍ പോലിസിനെ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും എന്നാല്‍ പോലിസ് ആ വഴി വന്നില്ലെന്ന് ഉടമ ഫൈസല്‍ ഫാറൂഖ് പറഞ്ഞു.

തിങ്കളാഴ്ച ക്ലാസ് ആരംഭിച്ചതിനുശേഷമാണ് അക്രമികളെത്തി സ്‌കൂളിനെതിരേ ആക്രമണം നടത്തിയത്. ഉച്ചയ്ക്കു രണ്ടു മണിയോടെ മുഴുവന്‍ വിദ്യാര്‍ഥികളും ജീവനക്കാരും പോയി. തങ്ങള്‍ തുടര്‍ച്ചയായി വിളിച്ചു കൊണ്ടിരിന്നിട്ടും തങ്ങള്‍ വരുന്നു എന്നു അറിയിക്കുക മാത്രമാണ് ചെയ്യത്. എന്നാല്‍, ആരും ഈ വഴി വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കരവാല്‍ നഗര്‍ പോലീസ് സ്‌റ്റേഷന് കീഴിലാണ് ശിവ് വിഹാര്‍. പോലിസ് സ്‌റ്റേഷനിലെ ലോഗ് ബുക്കില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.54 ഓടെ രണ്ട് കോളുകളെങ്കിലും സ്‌കൂളിനെ ആക്രമിച്ചതായി കാണിക്കുന്നു. ഈ രണ്ട് കേസുകളിലും സ്വീകരിച്ച നടപടി സംബന്ധിച്ച കോളം ശൂന്യമായിരുന്നുവെന്നും എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു.

കലാപ ദിവസങ്ങളില്‍ പോലിസിന്റെ 100 നമ്പര്‍ 72 മണിക്കൂര്‍ വരെ പ്രവര്‍ത്തന രഹിതമായിരുന്നെന്ന് സിവില്‍ റൈറ്റ്‌സ് ഗ്രൂപ്പ് പുറത്തിറക്കിയ ലെറ്റസ് ഹീസ് അവര്‍ ദില്ലി എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഭജന്‍പുര, ചാന്ദ് ബാഗ്, ഗോകുല്‍പുരി, ചമന്‍ മാര്‍ക്ക്, ശിവ വിഹാര്‍, മുസ്താഫാബാദ് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് ആളുകളോടു സംസാരിച്ചാണ് ഗ്രൂപ്പ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇവിടെ എവിടെയും ആളുകള്‍ക്ക് ആവശ്യമുള്ള സമയത്ത് പൊലീസിന്റെ സഹായം കിട്ടില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഫാറൂഖ് നഖ്വി, സരോജിജിനി എന്‍, നവശരന്‍ സിങ്, നവജീവന്‍ ചന്ദര്‍ എന്നിവരാണ് വസ്തുതാന്വേഷണ റിപ്പോര്‍ട്ട തയാറാക്കിയത്.

Next Story

RELATED STORIES

Share it