Big stories

ദേശീയ പണിമുടക്ക് തുടങ്ങി; കേരളത്തില്‍ ഹര്‍ത്താലായേക്കും

ബിഎംഎസ് ഒഴികെയുള്ള പ്രധാന യൂനിയനുകള്‍ അണിനിരക്കുന്ന പണിമുടക്കായതിനാല്‍ കേരളത്തില്‍ ഹര്‍ത്താലിന് സമാനമായി മാറുമെന്നാണ് വിലയിരുത്തല്‍.

ദേശീയ പണിമുടക്ക് തുടങ്ങി; കേരളത്തില്‍ ഹര്‍ത്താലായേക്കും
X

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ- തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയന്‍ ആഹ്വാനംചെയ്ത രണ്ടുദിവസത്തെ ദേശീയ പണിമുടക്ക് തുടങ്ങി. രാത്രി 12ന് എല്ലാ സമരകേന്ദ്രങ്ങളിലും പന്തംകൊളുത്തി പ്രകടനം നടത്തി. സമരത്തിന് പിന്തുണയെന്നോണം സര്‍ക്കാര്‍ ഇതുവരെ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടില്ല. ബിഎംഎസ് ഒഴികെയുള്ള പ്രധാന യൂനിയനുകള്‍ അണിനിരക്കുന്ന പണിമുടക്കായതിനാല്‍ കേരളത്തില്‍ ഹര്‍ത്താലിന് സമാനമായി മാറുമെന്നാണ് വിലയിരുത്തല്‍.


സംയുക്ത ട്രേഡ് യൂനിയന്‍ ആഹ്വാനംചെയ്ത പണിമുടക്ക് ഹര്‍ത്താലാവില്ലെന്ന് നേതാക്കള്‍ ഉറപ്പുനല്‍കുമ്പോഴും ജനജീവിതം സാധാരണ നിലയിലാവില്ലെന്ന് ഉറപ്പാണ്. ബസ്, ഓട്ടോ, ടാക്‌സി സര്‍വീസുകള്‍ നിലയ്ക്കും. റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖം തുടങ്ങിയ മേഖലകളും പണിമുടക്കിന്റെ ഭാഗമാവും. കെഎസ്ആര്‍ടിസിയിലെ പ്രമുഖ യൂനിയനുകളെല്ലാം പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍വേ ജീവനക്കാരില്‍ ബിഎംഎസ് ഒഴികെയുള്ള യൂനിയനുകളും പണിമുടക്കിന് അനുകൂലമാണ്.

സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ഇന്നും നാളെയും പ്രവൃത്തിദിനമാണെങ്കിലും ബഹൂഭൂരിപക്ഷം അധ്യാപകരും ജീവനക്കാരും എത്തുമോയെന്നതില്‍ ആശങ്കയുണ്ട്. പണിമുടക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് രണ്ടുദിവസം കൊണ്ട് 12 കോടി രൂപയുടെ നഷ്ടമുണ്ടാവുമെന്നും സമരത്തില്‍നിന്ന് പിന്‍മാറണമെന്നും എംഡി ടോമിന്‍ തച്ചങ്കരി ആവശ്യപ്പെട്ടെങ്കിലും യൂനിനുകള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.

അതേസമയം, വിനോദസഞ്ചാരികളെയും ശബരിമല തീര്‍ത്ഥാടകരെയും പണിമുടക്ക് ബാധിക്കില്ലെന്ന് യൂനിയനുകള്‍ വ്യക്തമാക്കി. ശബരിമല ഹര്‍ത്താലില്‍ വ്യാപക ആക്രമണങ്ങളുണ്ടാവുകയും എതിര്‍പ്പ് രൂക്ഷമാവുകയും ചെയ്തതോടെ വ്യാപാരികള്‍ കടയടക്കേണ്ടെന്നു തീരുമാനിച്ചിട്ടുണ്ട്. നിര്‍ബന്ധിച്ച് കടകളടപ്പിക്കില്ലെന്നും വാഹനങ്ങള്‍ തടയില്ലെന്നുമാണ് യൂനിയന്‍ നേതാക്കളുടെ ഉറപ്പ്. തൊഴിലില്ലായ്മ പരിഹരിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, വൈദ്യുതി മേഖലയുടെയും ട്രാന്‍സ്‌പോര്‍ട്ട് മേഖലയുടെയും സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ 12 ഇന ആവശ്യമാണ് ഉന്നയിക്കുന്നത്. ഗ്രാമീണ്‍ ഭാരത് ബന്ദിന് കിസാന്‍ സഭയും ആഹ്വാനം ചെയ്തിട്ടുണ്ട്.



Next Story

RELATED STORIES

Share it