പതഞ്ജലിക്ക് 400 ഏക്കർ ഭൂമി പകുതി വിലക്ക് നൽകാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

നരേന്ദ്ര മോദി 2014ൽ അധികാരമേറ്റ ശേഷം ഫാക്ടറികൾ പണിയുന്നതിനും ഗവേഷണ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും പതഞ്ജലി രണ്ടായിരത്തോളം ഏക്കർ സ്ഥലം ഏറ്റെടുത്തിരുന്നു. എന്നാൽ ഈ ഇടപാടുകൾ എല്ലാം തന്നെ നിയമങ്ങൾ ഭേദഗതി ചെയ്തായിരുന്നു തരപ്പെടുത്തിയത്.

പതഞ്ജലിക്ക് 400 ഏക്കർ ഭൂമി പകുതി വിലക്ക് നൽകാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

മുംബൈ: പതഞ്ജലിക്ക് 400 ഏക്കർ ഭൂമി പകുതി വിലക്ക് നൽകാൻ ഒരുങ്ങി മഹാരാഷ്ട്ര ബിജെപി സർക്കാർ. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ലാത്തൂരിൽ സോയാബീൻ സംസ്കരണ യൂനിറ്റ് സ്ഥാപിക്കാൻ ബാബാ രാംദേവിന്റെ സ്ഥാപനത്തെ ക്ഷണിക്കുകയും കമ്പോള നിരക്കിൻറെ പകുതി വിലക്ക് കമ്പനിക്ക് 400 ഏക്കർ ഭൂമി മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു.

നരേന്ദ്ര മോദി 2014ൽ അധികാരമേറ്റ ശേഷം ഫാക്ടറികൾ പണിയുന്നതിനും ഗവേഷണ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും പതഞ്ജലി രണ്ടായിരത്തോളം ഏക്കർ സ്ഥലം ഏറ്റെടുത്തിരുന്നു. എന്നാൽ ഈ ഇടപാടുകൾ എല്ലാം തന്നെ നിയമങ്ങൾ ഭേദഗതി ചെയ്തായിരുന്നു തരപ്പെടുത്തിയത്. പ്രദേശവാസികാളായ ജനങ്ങളുടെ താൽപ്പര്യങ്ങൾ അവഗണിച്ചുകൊണ്ട് സംസ്ഥാന സർക്കാരുകൾ ഭൂമി ഏറ്റെടുക്കലിനായി പതഞ്‌ജലിക്ക് ചുവന്ന പരവതാനികൾ വിരിക്കുന്നതായുള്ള റിപോർട്ടുകൾ നേരത്തേ പുറത്ത് വന്നിരുന്നു. ഈ സംഘം ഇപ്പോൾ ഇന്ത്യയിൽ അതിവേഗം വളരുന്ന എഫ്എംസിജി കമ്പനിയാണ് എന്നതാണ് മറ്റൊരു വസ്തുത.

ബാബാ രാംദേവിനെ ക്ഷണിച്ച മുഖ്യമന്ത്രിയുടെ കത്തിൽ, ഭൂമി ഇടപാടിൽ പതഞ്ജലി നൽകേണ്ട ജിഎസ്ടി, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ ഒഴിവാക്കി കൊടുക്കുവാനും പദ്ധതിക്ക് വൈദ്യുതി ചാർജുകളിൽ ഒരു യൂനിറ്റിന് ഒരു രൂപ കുറയ്ക്കുവാനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും പറയുന്നു.

ഈ നീക്കം മഹാരാഷ്ട്രയിൽ രണ്ടാമത്തേതാണ്. മുമ്പ് 2016 ൽ 230 ഏക്കർ ഭൂമി നാഗ്പൂരിലെ ബാബാ രാംദേവിന്റെ പതഞ്ജലി ഫുഡ് ആൻഡ് ഹെർബൽ പാർക്കിന് ചുളുവിലയ്ക്ക് കൈമാറിയിരുന്നു. പിന്നീട് 100 ഏക്കർ ഭൂമി കൂടി ഏറ്റെടുത്ത് നൽകിയിരുന്നു. പതിനായിരത്തിലധികം ആളുകൾക്ക് പ്ലാന്റ് തൊഴിൽ നൽകുമെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും അതൊന്നും നടന്നിട്ടുമില്ല.

ഇതുവരെ അവിടെ ഒരു നിർമ്മാണ യൂനിറ്റും നിർമിക്കാൻ ഈ സ്ഥലം ഉപയോഗിച്ചിട്ടില്ല. സംസ്കരണ യൂനിറ്റുകളുടെ അടയാളങ്ങളായി കുറച്ച് ഷെഡുകൾ മാത്രമേ ഇവിടെയുള്ളൂ. അതേസമയം, 2013 ൽ ഭൂമി വിട്ടുകൊടുത്ത കർഷകർ പറയുന്നത് ഏക്കറിന് 3.5 ലക്ഷം രൂപയാണ് സർക്കാർ നൽകിയത്. അതേസമയം നിലവിലെ വിപണി നിരക്ക് ഈ സ്ഥലങ്ങൾക്ക് ഏക്കറിന് 45 ലക്ഷം രൂപയാണ്. ബിജെപി അധികാരത്തിൽ വന്നതിനുശേഷം, ബിജെപിയുടെ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളിൽ ഭൂമി ഏറ്റെടുക്കുന്നതിന് രാംദേവിന്റെ കമ്പനിക്ക് 460 ലക്ഷം ഡോളറിലധികം ഇളവ് ലഭിച്ചതായി റോയിട്ടേഴ്‌സ് റിപോർട്ട് ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top