Big stories

ഉന്നത വിദ്യാഭ്യാസമേഖലയിലെ വീഴ്ചകള്‍: കേരളത്തിന്റെ പാരമ്പര്യം തകര്‍ക്കരുത്; ശക്തമായ താക്കീതുമായി ഗവര്‍ണര്‍

ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈമാസം 16ന് വിസിമാരുടെ യോഗം വിളിക്കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. പ്രശ്‌നങ്ങളെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്യും. മാര്‍ക്ക് ദാന വിവാദത്തില്‍ എംജി സര്‍വകലാശാലാ തെറ്റുതിരിച്ചറിഞ്ഞു.

ഉന്നത വിദ്യാഭ്യാസമേഖലയിലെ വീഴ്ചകള്‍: കേരളത്തിന്റെ പാരമ്പര്യം തകര്‍ക്കരുത്; ശക്തമായ താക്കീതുമായി ഗവര്‍ണര്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിവാദങ്ങളില്‍ ശക്തമായ താക്കീതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് വലിയ പാരമ്പര്യമുണ്ട്. കേരളത്തിന്റെ പാരമ്പര്യത്തില്‍ വെള്ളം ചേര്‍ക്കരുത്. വിദ്യാഭ്യാസ പാരമ്പര്യം നശിപ്പിക്കുന്ന നടപടികള്‍ ആരില്‍നിന്നും ഉണ്ടാവരുതെന്നും ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. എംജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനം ഉള്‍പ്പടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈമാസം 16ന് വിസിമാരുടെ യോഗം വിളിക്കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. പ്രശ്‌നങ്ങളെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്യും.

സിന്‍ഡിക്കറ്റ് അംഗം ഉത്തരക്കടലാസ് കൈക്കലാക്കിയ സംഭവത്തില്‍ സര്‍വകലാശാലയുടേത് അധികാരപരിധിക്ക് പുറത്തുള്ള നടപടിയായിരുന്നു. എംജി സര്‍വകലാശാലാ തെറ്റുതിരിച്ചറിഞ്ഞു. തെറ്റുതിരിച്ചറിഞ്ഞ സര്‍വകലാശാല അത് തിരുത്തിയെന്നും ഗവര്‍ണര്‍ പറഞ്ഞു. എംജി സര്‍വകലാശാല മാര്‍ക്ക് ദാനത്തില്‍ മന്ത്രി ജലീലിന് പങ്കില്ല. മന്ത്രിയോ സെക്രട്ടറിയോ കത്ത് കൊടുത്തതായി തനിക്ക് അറിയില്ല. സിന്‍ഡിക്കേറ്റാണ് മാര്‍ക്ക് ദാന തീരുമാനം കൈക്കൊണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. എംജി സര്‍വകലാശാലയിലെ എംകോം പരീക്ഷയുടെ ഉത്തരക്കടലാസുകളും രഹസ്യനമ്പറും സിന്‍ഡിക്കറ്റിലെ പരീക്ഷാവിഭാഗം കണ്‍വീനറായ ഡോ.ആര്‍ പ്രഗാഷ് കൈക്കലാക്കിയ സംഭവമാണു വിവാദമായത്.

സര്‍വകലാശാല പരീക്ഷാ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ടാണു സിന്‍ഡിക്കറ്റ് അംഗത്തിനു ചില ഉത്തരക്കടലാസുകളും രഹസ്യനമ്പറും നല്‍കിയതെന്ന് ഗവര്‍ണര്‍ക്ക് നല്‍കിയ റിപോര്‍ട്ടില്‍ വിസി വിശദീകരിച്ചിരുന്നു. വിവാദവിഷയങ്ങളില്‍ തെറ്റുപറ്റിയതായി ചൂണ്ടിക്കാട്ടിയാണ് എംജി വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയത്. ഇത്തരം സംഭവങ്ങളുണ്ടാവാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കാമെന്നു വൈസ് ചാന്‍സലര്‍ അറിയിച്ചത്. സിന്‍ഡിക്കറ്റ് അംഗത്തോടു സംസാരിച്ചെന്നും പരീക്ഷാ ഫലത്തെയും രഹസ്യസ്വഭാവത്തെയും സംഭവം ബാധിച്ചിട്ടില്ലെന്നും വിസി റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ സാങ്കേതിക സര്‍വകലാശാലയില്‍ അധികാരം ദുര്‍വിനിയോഗം ചെയ്ത് മന്ത്രി കെ ടി ജലീല്‍ ഇടപെടല്‍ നടത്തിയെന്ന ഗവര്‍ണറുടെ ഓഫിസിന്റെ റിപോര്‍ട്ട് ഇന്ന് രാവിലെയാണ് പുറത്തുവന്നത്.

സാങ്കേതിക സര്‍വകലാശാലയില്‍ ബിടെക് വിദ്യാര്‍ഥിയെ ജയിപ്പിക്കാനുള്ള മന്ത്രിയുടെ ഇടപെടല്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണറുടെ ഓഫിസ് സെക്രട്ടറി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ചാന്‍സിലര്‍കൂടിയായ ഗവര്‍ണറുടെ അനുമതിയില്ലാതെ സാങ്കേതിക സര്‍വകലാശാല അദാലത്തില്‍ മന്ത്രി പങ്കെടുത്തത് തെറ്റാണ്. ചാന്‍സിലറുടെ അനുമതിയോടെയാവണം പ്രോ ചാന്‍സലറായ മന്ത്രി സര്‍വകലാശാലയുടെ കമ്മിറ്റികളില്‍ പങ്കെടുക്കേണ്ടത്. തോറ്റ വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസ് മൂന്നാമതും മൂല്യനിര്‍ണയം നടത്താനുള്ള തീരുമാനം വിസി അംഗീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it