Big stories

കെവിന്‍ കൊലക്കേസ്: വിചാരണയും വിധിയും റെക്കോര്‍ഡ് വേഗത്തില്‍; സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും നിര്‍ണായകമായി

കേരളത്തില്‍ ദുരഭിമാനക്കൊലയുടെ പരിധിയില്‍പ്പെടുത്തി വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുന്ന ആദ്യകേസായിട്ടാവും കെവിന്‍ കേസിനെ ചരിത്രത്തില്‍ രേഖപ്പെടുത്തുക. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമാണ് നിര്‍ണായകമായത്. ദ്രവ്യം മോഹിച്ചല്ലാത്ത തട്ടിക്കൊണ്ടുപോവല്‍ കേസില്‍ പ്രതികളെ കുറ്റക്കാരായി കണ്ടെത്തുന്നതും ഇരട്ടജീവപര്യന്തം തടവിന് ശിക്ഷിക്കുന്നതും ഇതാദ്യമാണ്.

കെവിന്‍ കൊലക്കേസ്: വിചാരണയും വിധിയും റെക്കോര്‍ഡ് വേഗത്തില്‍; സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും നിര്‍ണായകമായി
X

കോട്ടയം: അന്വേഷണത്തിലും വിചാരണയിലും വിധിപ്രസ്താവത്തിലും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതും സംഭവബഹുലവുമായിരുന്നു കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കെവിന്‍ കൊലക്കേസിന്റെ നാള്‍വഴികള്‍. കേരളത്തില്‍ ദുരഭിമാനക്കൊലയുടെ പരിധിയില്‍പ്പെടുത്തി വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുന്ന ആദ്യകേസായിട്ടാവും കെവിന്‍ കേസിനെ ചരിത്രത്തില്‍ രേഖപ്പെടുത്തുക. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമാണ് നിര്‍ണായകമായത്. ദ്രവ്യം മോഹിച്ചല്ലാത്ത തട്ടിക്കൊണ്ടുപോവല്‍ കേസില്‍ പ്രതികളെ കുറ്റക്കാരായി കണ്ടെത്തുന്നതും ഇരട്ടജീവപര്യന്തം തടവിന് ശിക്ഷിക്കുന്നതും ഇതാദ്യമാണ്.

തെന്‍മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധംമൂലം നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയ നട്ടാശ്ശേരി സ്വദേശി കെവിന്‍ പി ജോസഫിനെ ചാലിയക്കര പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണു കേസ്. 2018 മെയ് 27ന് പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയ കെവിനെ തൊട്ടടുത്ത ദിവസം രാവിലെ കൊല്ലം ചാലിയേക്കര പുഴയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. 27ന് കെവിനെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് ജോസഫ് പോലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, മുഖ്യമന്ത്രിക്ക് അകമ്പടി പോവണമെന്ന് പറഞ്ഞ് ഗാന്ധിനഗര്‍ പോലിസ് പരാതി മാറ്റിവയ്ക്കുകയായിരുന്നു. ഇത് കേസില്‍ വിവാദങ്ങള്‍ക്ക് വഴിവച്ചു.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അന്നേദിവസംതന്നെ മകളെ കാണാനില്ലെന്ന് നീനുവിന്റെ പിതാവ് ചാക്കോയും പോലിസില്‍ പരാതി നല്‍കി. എന്നാല്‍, കെവിന്റെ കൂടെ പോയാല്‍ മതിയെന്ന നീനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നീനുവിനെ കെവിന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. അന്നത്തെ ജില്ലാ പോലിസ് മേധാവി ഹരി ശങ്കറുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി സാരഥിയാണ് കേസന്വേഷിച്ചത്. സിസിടിവി കാമറ ദൃശ്യങ്ങള്‍, പോലിസ് നിരീക്ഷണ കാമറകള്‍, ആയിരക്കണക്കിനു ഫോണ്‍ വിളികള്‍ എന്നിവ ഉള്‍പ്പടെ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചാണ് ഊരിപ്പോകാനാവാത്ത വിധം പ്രതികളെ പോലിസ് കുടുക്കിയത്. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന നിയാസും റിയാസുമാണ് ആദ്യം പോലിസ് പിടിയിലായത്. പിന്നീട് ഷാനു ചാക്കോയും അച്ഛന്‍ ചാക്കോ ജോണിനെയും അറസ്റ്റ് ചെയ്തു.

ആറ്റില്‍ മുങ്ങിമരിച്ചതെന്നായിരുന്നു കെവിന്റെ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. എന്നാല്‍, കെവിനെ മുക്കിക്കൊന്നതാണെന്ന് ഫൊറന്‍സിക് വിഭാഗം കണ്ടെത്തി. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ എസ്‌ഐ ഷിബുവിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. ഇയാളെ തിരിച്ചെടുത്തെങ്കിലും വിവാദമായപ്പോള്‍ ഉത്തരവ് തിരുത്തി. കൈക്കൂലി വാങ്ങി പ്രതികള്‍ക്ക് സഹായം ചെയ്ത പോലിസുകാര്‍ക്കെതിരേയും നടപടിയുണ്ടായി. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസിന്റെ അന്വേഷണവും വിചാരണയും വിധിപ്രസ്താവവും പൂര്‍ത്തിയാക്കിയത് റെക്കോര്‍ഡ് വേഗത്തിലാണ്. 2018 മെയ് 28നുനടന്ന സംഭവത്തില്‍ വിധിവന്നത് ഒരുവര്‍ഷവും രണ്ടുമാസവുംകൊണ്ട്. കൊലക്കേസില്‍ ഇത്രവേഗം വിചാരണ സെഷന്‍സ് കോടതിയില്‍ അപൂര്‍വം. പ്രത്യേക കേസായി പരിഗണിച്ച് ആറുമാസംകൊണ്ട് വിചാരണ പൂര്‍ത്തിയാക്കാനായിരുന്നു ഹൈക്കോടതി നിര്‍ദേശം.

എന്നാല്‍, 14 പ്രതികള്‍ ഉള്‍പ്പെട്ട കേസ് 90 ദിവസംകൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണു വിധിക്കു മാറ്റിയത്. ആഗസ്ത് 14നു വിധിപറയുമെന്നു കരുതിയിരുന്നുവെങ്കിലും ദുരഭിമാനക്കൊല എന്ന വിഷയത്തില്‍ പ്രത്യേകവാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത് നിര്‍ണായകമായി. ഇതോടെ ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലും നടന്ന സമാനകേസുകളുടെ സ്വഭാവം പരിഗണിച്ച് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി കെവിന്‍ കേസ് പരിഗണിക്കാനുള്ള സാഹചര്യം ഉരുത്തിരിയുകയും ചെയ്തു. നീനുവിനെ കെവിന്‍ വിവാഹം ചെയ്തതുവഴി നീനുവിന്റെ കുടുംബത്തിന് 'അപമാനം' വന്നതിലെ വിരോധമാണു കൊലപാതകത്തിലേക്കു നയിച്ചതെന്ന പ്രോസിക്യൂഷന്‍ വാദം തെളിയിക്കാന്‍ സഹായിക്കുന്ന ശക്തമായ തെളിവുകളാണ് കോടതിയില്‍ ഹാജരാക്കപ്പെട്ടത്.

കേസില്‍ ആകെ 238 പ്രമാണങ്ങള്‍ കോടതി പരിഗണിച്ചു. 55 മുതലുകള്‍ ഹാജരാക്കി. 113 പേര്‍ സാക്ഷികളായി. കെവിന്റെ ഒപ്പം തട്ടിക്കൊണ്ടുപോയ ഇരയും പ്രധാന സാക്ഷിയുമായ അനീഷ് സെബാസ്റ്റ്യന്‍, കെവിന്റെ ഭാര്യ നീനു, കെവിന്റെ അച്ഛന്‍ ജോസഫ്, കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന ഷാനു ചാക്കോ സഞ്ചരിച്ച കാര്‍ പരിശോധിക്കുകയും പ്രതികളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും അവരുമായി പലതവണ ഫോണില്‍ സംസാരിക്കുകയും ചെയ്ത എഎസ്‌ഐ ടി എം ബിജു, ഫൊറന്‍സിക് വിദഗ്ധര്‍, പോലിസ് സര്‍ജന്‍മാര്‍ തുടങ്ങിയവരെ കോടതിയില്‍ വിസ്തരിച്ചു. പ്രധാന സാക്ഷികള്‍ എല്ലാം പ്രതികള്‍ക്കെതിരേ മൊഴി നല്‍കി. ചില സാക്ഷികള്‍ കൂറുമാറിയെങ്കിലും അത് കേസിനെ പ്രതികൂലമായി ബാധിച്ചില്ല.

രണ്ടാംപ്രതി നിയാസ് തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ കാര്യം കെവിന്‍ മരണത്തിനു മുമ്പ് നീനുവിനെ ഫോണില്‍ അറിയിച്ചിരുന്നു. അത് കെവിന്റെ മരണമൊഴിയായും സ്വീകരിച്ചു. വിചാരണയ്ക്കിടെ 26ാാം സാക്ഷി ലിജോയെ കോടതിമുറിയില്‍വച്ച് എട്ടാം പ്രതി നിഷാദ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന സംഭവവുമുണ്ടായി. നിഷാദിനെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട കോടതി, അഭിഭാഷകനെ വിളിച്ചുവരുത്തി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കര്‍ശന മുന്നറിയിപ്പും നല്‍കി.

പ്രതികളുടെ പ്രായവും കുടുംബത്തിന്റെ അവസ്ഥയും കണക്കിലെടുത്ത് വധശിക്ഷ ഒഴിവാക്കിത്തരണമെന്ന പ്രതിഭാഗത്തിന്റെ അഭ്യര്‍ഥന മാത്രമാണ് കോടതി പരിഗണനയ്‌ക്കെടുത്തത്. കേസില്‍ 10 പേരെ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി, അവര്‍ക്ക് ഇരട്ട ജീവപര്യന്തം തടവും വിധിച്ചു. എന്നാല്‍, നീനുവിന്റെ അച്ഛന്‍ ചാക്കോ അടക്കം നാലുപേരെ കോടതി തെൡവില്ലെന്ന് കണ്ട് വെറുതെവിട്ടു. ചാക്കോയ്ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് വീണ്ടും നിയമപോരാട്ടത്തിനൊരുങ്ങുകയാണ് കെവിന്റെ പിതാവ് ജോസഫ്.

Next Story

RELATED STORIES

Share it