Big stories

കേരളത്തില്‍ മഴ കനക്കും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മല്‍സ്യബന്ധനത്തിന് വിലക്ക്

കേരളത്തില്‍ മഴ കനക്കും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മല്‍സ്യബന്ധനത്തിന് വിലക്ക്
X

തിരുവനന്തപുരം: മാന്‍ഡസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിലെ ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത മൂന്നുമണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.

കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മല്‍സ്യബന്ധനത്തിന് പോവരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മാന്‍ഡസ് ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി വടക്കന്‍ തമിഴ്‌നാടിനും തെക്കന്‍ കര്‍ണാടകത്തിനും വടക്കന്‍ കേരളത്തിനും മുകളിലായി സ്ഥിതിചെയ്യുന്നതാണ് മഴയ്ക്ക് കാരണം. ഈ ചക്രവാതചുഴി തെക്ക് കിഴക്കന്‍ അറബികടലില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്.

ഡിസംബര്‍ 13 ഓടെ ഇത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നുപോവാനാണ് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയുണ്ടാവുമെന്നും അതിനുശേഷം മഴ കുറയുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും തെക്ക് കിഴക്കന്‍, മധ്യകിഴക്കന്‍ അറബിക്കടല്‍, കേരള- കര്‍ണാടക തീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

Next Story

RELATED STORIES

Share it