കര്‍ണാടക: രാജിയില്‍ ഇടപെടില്ല; സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി

നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിമത എംഎല്‍എമാരെ നിര്‍ബന്ധിക്കരുത്. രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ക്കു സമയപരിധി നിശ്ചയിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.

കര്‍ണാടക:  രാജിയില്‍ ഇടപെടില്ല; സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ വിമത എംഎല്‍എമാരുടെ രാജി അംഗീകരിക്കണമെന്ന് സ്പീക്കറെ നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രീംകോടതി. അനുയോജ്യസമയപരിധിക്കകം സ്പീക്കര്‍ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി. രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ഭരണപക്ഷത്തിന് ആശ്വാസമാണ് സുപ്രീംകോടതി വിധി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണു വിധി.

നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിമത എംഎല്‍എമാരെ നിര്‍ബന്ധിക്കരുത്. രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ക്കു സമയപരിധി നിശ്ചയിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. ഈ കേസിലെ ഭരണഘടനമായ വിഷയങ്ങള്‍ പിന്നീട് വിശദമായി പരിശോധിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.

രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടിക്കെതിരെയാണു 10 വിമത എംഎല്‍എമാര്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച കോടതി രാജിയില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ ആദ്യം ഉത്തരവിട്ടു. എന്നാല്‍ സ്പീക്കറുടെ വാദം കേള്‍ക്കാതെയുള്ള ഉത്തരവ് നിയമവിരുദ്ധമാണെന്നും രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കാന്‍ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി സ്പീക്കറും കോടതിയെ സമീപിച്ചു. ഇതോടെ സ്പീക്കറുടെ അധികാരത്തിലേക്കും അതില്‍ കോടതിക്ക് ഇടപെടാന്‍ കഴിയുമോ എന്നതിലേക്കും വാദം നീണ്ടു.

വിമതരെക്കൂടാതെ കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യസര്‍ക്കാര്‍ നാളെ വിശ്വാസവോട്ടെടുപ്പിനെ നേരിട്ടാല്‍ സ്പീക്കര്‍ ഉള്‍പ്പടെ 101 അംഗങ്ങള്‍ മാത്രമാണ് ഭരണപക്ഷത്തുള്ളത്(കോണ്‍. 66, ജെഡിഎസ് 34). സഭയിലെ ആകെ അംഗങ്ങള്‍ 208 ആണ്. കേവലഭൂരിപക്ഷത്തിന് 105 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യം. ബിജെപിക്ക് 105 അംഗങ്ങളാണുള്ളത്. സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് ബിജെപി പക്ഷത്തേക്ക് പോയ സ്വതന്ത്രനും കെപിജെപി അംഗവും കൂടിയാകുമ്പോള്‍ ബിജെപിക്ക് 107 പേരുടെ പിന്തുണയുണ്ടാകും.

കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ പ്രതികരിച്ചു. ഉചിതമായ സമയത്ത് തീരുമാനമെടുക്കും. ഇത് ചരിത്രവിധിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
RELATED STORIES

Share it
Top