Big stories

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്:അര്‍ജ്ജുന്‍ ആയങ്കിക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് കസ്റ്റംസ്; മൊഴികളെല്ലാം അര്‍ജ്ജുനെതിര്

അര്‍ജ്ജന്‍ ആയങ്കിയുടെ ഭാര്യ അമലയുടെ മൊഴി അര്‍ജ്ജുന്റെ മൊഴിക്ക് വിരുദ്ധമാണ്. അമലയുടെ മാതാവ് അര്‍ജ്ജുന്‍ ആയങ്കിക്കോ അമലയ്‌ക്കോ യാതൊരു വിധത്തിലുള്ള സാമ്പത്തിക സഹായവും ചെയ്തിട്ടില്ലെന്നാണ് അമല മൊഴി നല്‍കിയിരിക്കുന്നതെന്നും ഇത് അര്‍ജ്ജുന്‍ ആയങ്കി പറഞ്ഞ മൊഴിക്ക് വിരുദ്ധമാണെന്നും കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്:അര്‍ജ്ജുന്‍ ആയങ്കിക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് കസ്റ്റംസ്; മൊഴികളെല്ലാം അര്‍ജ്ജുനെതിര്
X

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജ്ജുന്‍ ആയങ്കിക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും ഭാര്യയുടെ അടക്കം മൊഴികള്‍ അര്‍ജ്ജുനെതിരാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് കസ്റ്റംസ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

കരിപ്പൂര്‍ സ്വര്‍ണക്കടത്തിന്റെ ബുദ്ധികേന്ദ്രം അര്‍ജ്ജുന്‍ ആയങ്കിയാണെന്നും കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷെഫീഖ് കൊണ്ടുവന്ന സ്വര്‍ണം ഏറ്റുവാങ്ങുന്നതിനാണ് അര്‍ജ്ജുന്‍ ആയങ്കി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയതെന്നും കസ്റ്റംസ് വ്യക്തമാക്കി. വാട്‌സ് ആപ്പ് ചാറ്റുകളും ശബ്ദ സന്ദേശങ്ങളും വ്യക്തമാക്കുന്നത് അര്‍ജ്ജുന്‍ ആയങ്കിക്ക് നേരിട്ടു ബന്ധമുണ്ടെന്നാണെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.തന്റെ ഫോണ്‍ നഷ്ടപ്പെട്ടു പോയി എന്നാണ് ആദ്യം അര്‍ജ്ജുന്‍ പറഞ്ഞത്.പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ ഫോണ്‍ പുഴയിലെറിഞ്ഞുവെന്നാണ് പറഞ്ഞതെന്നും ആദ്യം പറഞ്ഞതിന് വിരുദ്ധമാണിതെന്നും കസ്റ്റംസ് പറഞ്ഞു.

അര്‍ജ്ജന്‍ ആയങ്കിയുടെ ഭാര്യ അമലയുടെ മൊഴി അര്‍ജ്ജുന്റെ മൊഴിക്ക് വിരുദ്ധമാണ്. അമലയുടെ മാതാവ് അര്‍ജ്ജുന്‍ ആയങ്കിക്കോ അമലയ്‌ക്കോ യാതൊരു വിധത്തിലുള്ള സാമ്പത്തിക സഹായവും ചെയ്തിട്ടില്ലെന്നാണ് അമല മൊഴി നല്‍കിയിരിക്കുന്നതെന്നും ഇത് അര്‍ജ്ജുന്‍ ആയങ്കി പറഞ്ഞ മൊഴിക്ക് വിരുദ്ധമാണെന്നും കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.ആഡംബര ജീവതമായിരുന്നു അര്‍ജ്ജുന്‍ ആയങ്കി നയിച്ചിരുന്നത്.ഇതിനുള്ള വരുമാനം ലഭിച്ചിരുന്നത് അനധികൃതമായിട്ടായിരുന്നു.

ടി പി കേസിലെ പ്രതികളായ കൊടി സുനിയുടെയും മുഹമ്മദ് ഷാഫിയുടെയും പിന്തുണയും സംരക്ഷണവും ലഭിക്കുമെന്ന് അര്‍ജ്ജുന്‍ ആയങ്കി അറിയിച്ചിരുന്നതായി കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷെഫീഖ് മൊഴി നല്‍കിയിട്ടുണ്ട്.കൊടി സുനിയുടെയും ഷാഫിയുടെയും സംരക്ഷണം സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് ലഭിച്ചിരുന്നുവെന്നാണ് വ്യക്തമാകുന്നതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

ഈ മാസം മൂന്നിന് ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തുകയും ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.ഇത് വിശദമായ പരിശോധന നടത്തണം.കൊടി സുനിയുടെ വീട് പൂട്ടിയിട്ടിരുന്നതിനാല്‍ പരിശോധന നടത്താന്‍ കഴിഞ്ഞില്ലെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് മുഹമ്മദ് ഷാഫിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെ സ്വര്‍ണ്ണക്കടത്ത് സംഘം തങ്ങള്‍ പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ ആളാണെന്ന് കാണിച്ച് യുവാക്കളെ ആകര്‍ഷിച്ചുവെന്നും അവരെ സമൂഹവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചുവെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. അതേ സമയം കസ്റ്റംസ് തന്നെ മര്‍ദ്ദിച്ചുവെന്ന് അര്‍ജ്ജുന്‍ ആയങ്കി കോടതിയെ അറിയിച്ചു.

Next Story

RELATED STORIES

Share it