Big stories

മധ്യപ്രദേശ് കോണ്‍ഗ്രസില്‍ വന്‍ പ്രതിസന്ധി; ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്കെന്നു സൂചന

സര്‍ക്കാര്‍ വീഴുകയാണെങ്കില്‍ കര്‍ണാടകയ്ക്കു പിന്നാലെ കോണ്‍ഗ്രസ് സഖ്യത്തിനു ഭരണനഷ്ടം സംഭവിക്കുന്ന സംസ്ഥാനമായി മധ്യപ്രദേശ് മാറും

മധ്യപ്രദേശ് കോണ്‍ഗ്രസില്‍ വന്‍ പ്രതിസന്ധി; ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്കെന്നു സൂചന
X

ഭോപ്പാല്‍: കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ന് രാവിലെ വീട്ടിലെത്തി സന്ദര്‍ശിച്ച ശഷം ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയാണ് മടങ്ങിയത്. അമിത് ഷായും സിന്ധ്യയും ഒരേ വാഹനത്തിലാണ് മടങ്ങിയത്. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. മുഖ്യമന്ത്രി കമല്‍നാഥുമായി ഇടഞ്ഞുനില്‍ക്കുന്ന വിമത എംഎല്‍എമാരോടൊപ്പം ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് രാജ്യസഭാംഗത്വം നല്‍കിയേക്കുമെന്നാണു സൂചനകള്‍.

സിന്ധ്യയെ അനുകൂലിക്കുന്ന 19 എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ഹോട്ടലിലേക്കു മാറിയിരുന്നു. 15 മാസം ദൈര്‍ഘ്യമുള്ള കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്നു മനസ്സിലാക്കി, സോണിയാ ഗാന്ധിയുടെ നിര്‍ദേശപ്രകാരം ഇന്നലെ രാത്രി മന്ത്രിസഭാ യോഗം ചേര്‍ന്ന് എല്ലാ മന്ത്രിമാരോടും രാജിക്കത്ത് വാങ്ങിയിരുന്നു. ഇടഞ്ഞുനില്‍ക്കുന്ന എംഎല്‍എമാരില്‍ ചിലര്‍ക്ക് മന്ത്രിസ്ഥാനം നല്‍കി ഭരണം സംരക്ഷിക്കാനാണു കമല്‍നാഥ് നീക്കമെന്നായിരുന്നു റിപോര്‍ട്ടുകള്‍. എന്നാല്‍, ഇതെല്ലാം കാറ്റില്‍പ്പറത്തിയാണ് രാവിലെ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയുടെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. സിന്ധ്യാജിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് പന്നിപ്പനിയാതിനാല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നുമായിരുന്നു മുതിര്‍ന്ന നേതാവ് ദ്വിഗ് വിജയ് സിങ്ങിന്റെ പ്രതികരണം. മധ്യപ്രദേശിലും സര്‍ക്കാര്‍ വീഴുകയാണെങ്കില്‍ കര്‍ണാടകയ്ക്കു പിന്നാലെ കോണ്‍ഗ്രസ് സഖ്യത്തിനു ഭരണനഷ്ടം സംഭവിക്കുന്ന സംസ്ഥാനമായി മധ്യപ്രദേശ് മാറും. കോണ്‍ഗ്രസ് നേതാക്കളായ സച്ചിന്‍ പൈലറ്റും കരണ്‍ സിങും തര്‍ക്കപരിഹാരത്തിന് മുന്നിട്ടിറങ്ങിയിരുന്നെങ്കിലും സിന്ധ്യ വഴങ്ങിയില്ലെന്നാണു സൂചന. ഒരുകാലത്ത് ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മാധവ് റാവു സിന്ധ്യ കുടുംബത്തിലെ ഇളയതലമുറയില്‍പെട്ട ജ്യോതിരാദിത്യ സിന്ധ്യ ഈയിടെയായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുമായി അകല്‍ച്ചയിലായിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ കോണ്‍ഗ്രസ് എതിര്‍ത്തപ്പോള്‍ ഇദ്ദേഹം അനുകൂലിച്ചിരുന്നു.

അതിനിടെ, ബിജെപി തങ്ങളുടെ എംഎല്‍എമാരെ ഭോപ്പാലിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് ആറിന് നഗരത്തിലെ ഹോട്ടലില്‍ യോഗം ചേര്‍ന്ന് സര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരാനാണു ബിജെപി നീക്കം. നിലവിലെ കണക്കനുസരിച്ച് മധ്യപ്രദേശിലെ 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ്- 116, ബിജെപി-107, ബിഎസ്പി-2, സമാജ്‌വാദി പാര്‍ട്ടി-1, സ്വതന്ത്രര്‍-4 എന്നിങ്ങനെയാണ് കക്ഷിനില. രണ്ട് സീറ്റുകള്‍ നിലവില്‍ ഒഴിഞ്ഞുകിടക്കുകയാണ്. 120 എംഎല്‍എമാരുടെ പിന്തുണയോടെയാണ് കമല്‍നാഥി സര്‍ക്കാര്‍ ഭരിച്ചത്.




Next Story

RELATED STORIES

Share it