Big stories

ചൈനയില്‍ നിന്നു മടങ്ങിയ മലയാളി വിദ്യാര്‍ഥിക്കു കൊറോണ വൈറസ് ബാധ

ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും, വിദ്യാര്‍ത്ഥിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ടെന്നും സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ചൈനയില്‍ നിന്നു മടങ്ങിയ മലയാളി വിദ്യാര്‍ഥിക്കു കൊറോണ വൈറസ് ബാധ
X

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി കൊറോണ ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍ നിന്നു മടങ്ങിയെത്തിയ മലയാളി വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥി നിരീക്ഷണത്തിലാണെന്നും നില തൃപ്തികരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും, വിദ്യാര്‍ത്ഥിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ടെന്നും സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും, കുട്ടിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നു. എവിടെയാണ് വിദ്യാര്‍ത്ഥി ചികിത്സയിലുള്ളത് എന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് വ്യാപിച്ചത് ചൈനയില്‍ നിന്നായതുകൊണ്ട് ചൈനയില്‍ നിന്നും വന്നവര്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി കെ കെ. ശൈലജ ടീച്ചര്‍ ഇന്നലെ അറിയിച്ചിരുന്നു. ചൈനയില്‍ നിന്നും വരുന്നവര്‍ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാതെ വീടിനുള്ളില്‍ ആരുമായും സമ്പര്‍ക്കമില്ലാതെ ഒരു മുറിയില്‍ 28 ദിവസം കഴിയണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.

കേന്ദ്രസര്‍ക്കാര്‍ തന്നെ കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചു. ഉന്നത ഉദ്യോഗസ്ഥരടക്കം യോഗത്തില്‍ പങ്കെടുക്കും. മൂന്ന് മണിയോടെ ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനവും വിളിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഈ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കും എന്നാണ് കരുതുന്നത്. അതേസമയം, കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിനെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് റിപോര്‍ട്ട്.

Next Story

RELATED STORIES

Share it