Big stories

കര്‍ണാടകയില്‍ മുസ്‌ലിം വ്യാപാരികള്‍ക്കെതിരേ ബഹിഷ്‌കരണ ആഹ്വാനവുമായി ഹിന്ദുത്വര്‍

കര്‍ണാടകയില്‍ മുസ്‌ലിം വ്യാപാരികള്‍ക്കെതിരേ ബഹിഷ്‌കരണ ആഹ്വാനവുമായി ഹിന്ദുത്വര്‍
X

ബംഗളൂരു: കര്‍ണാടകയില്‍ മുസ്‌ലിം വ്യാപാരികളുടെ കടകള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ഹിന്ദുത്വര്‍ രംഗത്ത്. ബംഗളൂരു സുബ്രഹ്മണ്യേശ്വര ക്ഷേത്രത്തിലെ മേളയില്‍ മുസ്‌ലിം വ്യാപാരികള്‍ക്ക് കച്ചവടം നടത്താന്‍ അനുമതി നല്‍കിയതിനെതിരേയാണ് രാഷ്ട്ര രക്ഷണ പാടെയിലെയും ബജ്‌റംഗ്ദളിലെയും പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. മുസ്‌ലിം വ്യാപാരികള്‍ക്ക് കച്ചവടത്തിന് അനുമതി നല്‍കിയതിനെതിരേ പ്രത്യക്ഷ പ്രതിഷേധം നടത്തുമെന്ന് ഭീഷണി മുഴക്കിയ രാഷ്ട്ര രക്ഷണ പാടെ നേതാവ് പുനിത് കേരെഹള്ളി ഉള്‍പ്പെടെയുള്ള മൂന്നുപേരെ കര്‍ണാടക പോലിസ് കസ്റ്റഡിയിലെടുത്തു.

മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് ബംഗളൂരുവിലെ ഹനുമന്തനഗര്‍ പോലിസ് ഇവരെ കസ്റ്റഡിയിലെടുത്തത്. അതേസമയം, മുസ്‌ലിം വ്യാപാരികളെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തിനെതിരേ ചിക്‌പേട്ട് മണ്ഡലം ബിജെപി എംഎല്‍എ ഉദയ് ഗരുഡാച്ചാര്‍ രംഗത്തുവന്നിട്ടുണ്ട്. ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം പുതിയ നിയമങ്ങളൊന്നും നടപ്പാക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മേളയില്‍ വ്യാപാരം നടത്താന്‍ എല്ലാ മതസ്ഥര്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.

പഴയ ആചാരങ്ങള്‍ പിന്തുടരും. ഹിന്ദു സമുദായത്തില്‍പ്പെട്ട കച്ചവടക്കാര്‍ക്ക് മാത്രം അവസരം നല്‍കുന്നത് ന്യായമല്ല. മേളയില്‍ ആരെങ്കിലും പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. ഹിന്ദു വ്യാപാരികള്‍ക്ക് ദര്‍ഗകള്‍ക്കും പള്ളികള്‍ക്കും സമീപം കച്ചവടം നടത്താം. ഹിന്ദു സമൂഹം മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നില്ല. കുറച്ച് വ്യക്തികള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും എതിര്‍പ്പുകള്‍ ഉന്നയിക്കുകയും ചെയ്യുന്നു- എംഎല്‍എ പറഞ്ഞു. തങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ്. എല്ലാ മതത്തില്‍പ്പെട്ടവരുടെയും വോട്ടുകള്‍ നേടിയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. അതില്‍ വിവേചനത്തിന് ഇടമില്ല.

വര്‍ഷങ്ങളായി പിന്തുടരുന്ന ആചാരം മുന്നോട്ടുകൊണ്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു. ഈ തീരുമാനത്തില്‍ പ്രകോപിതരായ ഹിന്ദുത്വ പ്രവര്‍ത്തകരാണ് ഹിന്ദു ക്ഷേത്രങ്ങളിലെ മുസ്‌ലിം വ്യാപാരികളെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടത്. ഒരു ഹിന്ദു വ്യാപാരിയെയും മുസ്‌ലിം പള്ളികളുടെ പരിസരത്ത് കച്ചവടം നടത്താന്‍ അനുവദിക്കുന്നില്ലെന്നും ഹിന്ദു മേളകള്‍ക്ക് മാത്രം നിയമങ്ങള്‍ ബാധകമാക്കുന്നത് എന്തിനാണെന്നും ഹിന്ദുത്വ സംഘടനകള്‍ ചോദിക്കുന്നു.

താന്‍ പ്രതിനിധീകരിക്കുന്ന ചിക്‌പേട്ട് നിയമസഭാ മണ്ഡലത്തിലെ പള്ളികളുടെ പരിസരപ്രദേശങ്ങളില്‍ ഹിന്ദു വ്യാപാരികള്‍ക്ക് കച്ചവടം നടത്താന്‍ അനുവദിക്കുമോയെന്ന് അവര്‍ എംഎല്‍എയെ വെല്ലുവിളിക്കുകയും ചെയ്തു. തന്റെ മണ്ഡലത്തിലെ മുസ്‌ലിം പള്ളികള്‍ക്ക് ചുറ്റുമായി കച്ചവടം നടത്താന്‍ ഹിന്ദു വ്യാപാരികളെ അനുവദിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്നും ഗരുഡാച്ചാര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it