Big stories

''വെടിവച്ചത് സ്വയം പ്രതിരോധത്തിന്''; സഹായി നടത്തിയ കൊലപാതകത്തെ ന്യായീകരിച്ച് ബിജെപി എംഎല്‍എ

വെടിവച്ചത് സ്വയം പ്രതിരോധത്തിന്;   സഹായി നടത്തിയ കൊലപാതകത്തെ ന്യായീകരിച്ച് ബിജെപി എംഎല്‍എ
X
ബല്ലിയ: ഉത്തര്‍പ്രദേശിലെ ബല്ലിയയിലെ ഒരു ഗ്രാമത്തില്‍ റേഷന്‍ കട അനുവദിക്കുന്നതു സംബന്ധിച്ച യോഗത്തിനിടെ സഹായി നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിച്ച് ബിജെപി എംഎല്‍എ രംഗത്ത്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പോലിസിന്റെയും സാന്നിധ്യത്തില്‍ 46 കാരനായ ജയപ്രകാശിനെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തെയാണ് ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് ന്യായീകരിച്ചത്. സ്വയം പ്രതിരോധത്തിനു വേണ്ടിയാണ് വെടിയുതിര്‍ത്തതെന്നാണ് എംഎല്‍എയുടെ അഭിപ്രായം. ഇദ്ദേഹത്തിന്റെ അടുത്ത അനുയായിയായ ബിജെപി പ്രവര്‍ത്തകന്‍ ധീരേന്ദ്ര സിങ്ങാണ് ജയപ്രകാശിനെ വെടിവച്ചുകൊന്നത്. സംഭവസ്ഥലത്തു നിന്ന് ധീരേന്ദ്ര സിങ് രക്ഷപ്പെട്ടപ്പോള്‍ സഹോദരന്‍ ദേവേന്ദ്ര സിങ് അറസ്റ്റിലായിയിട്ടുണ്ട്.

വെടിയുതിര്‍ത്തയാള്‍ ബല്ലിയയിലെ ബിജെപിയുടെ മുന്‍ സൈനികരുടെ യൂനിറ്റിന് നേതൃത്വം നല്‍കിയതായി എംഎല്‍എ സുരേന്ദ്ര സിങ് സ്ഥിരീകരിച്ചു. സംഭവം നിര്‍ഭാഗ്യകരവും ദാരുണവുമാണ്. ഭരണകൂടത്തിന്റെ ഏകപക്ഷീയമായ അന്വേഷണത്തെ അപലപിക്കുന്നു. ആത്മരക്ഷയ്ക്കു വേണ്ടി വെടിവച്ചില്ലെങ്കില്‍ ധീരേന്ദ്ര സിങിന്റെ കുടുംബത്തില്‍ നിന്നുള്ള ഡസന്‍ പേര്‍ കൊല്ലപ്പെടുമായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു. അത്തരമൊരു സംഭവം എവിടെയും സംഭവിക്കാമെന്ന് ഇന്നലെ സുരേന്ദ്ര സിങ് പറഞ്ഞിരുന്നു. 'ഇത് എവിടെയും സംഭവിക്കാവുന്ന ഒരു അപകടമാണ്. ഈ സംഭവത്തില്‍, ഇരുവശത്തുനിന്നും ആക്രമണം ഉണ്ടായിരുന്നു. നിയമം അതിന്റെ വഴി സ്വീകരിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

വെടിവയ്പ് നടന്ന സമയത്തെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മൂന്നുതവണ വെടിയുതിര്‍ത്തതായും മൈതാനത്ത് തടിച്ചുകൂടിയ ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതായും എഎന്‍ ഐ പുറത്തുവിട്ട 5 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. കൊല്ലപ്പെട്ടയാളുടെ സഹോദരന്റെ പരാതിയില്‍ 15 മുതല്‍ 20 വരെ പേര്‍ക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനിടെ, സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സസ്പെന്‍ഡ് ചെയ്തു. സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ്, ഒരു ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ തുടങ്ങിയവരെയാണ് സസ്പെന്‍ഡ് ചെയ്തതായി ആഭ്യന്തര ചീഫ് സെക്രട്ടറി അവാനിഷ് കുമാര്‍ അവസ്തി പറഞ്ഞു. ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുകയും ഉത്തരവാദികള്‍ക്കെതിരേ ക്രിമിനല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെ പ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും (ബിഎസ്പി) അപലപിച്ചു. സംസ്ഥാനത്ത് ക്രമസമാധാനപാലനം മരിച്ചുവെന്ന് ബല്ലിയ സംഭവത്തില്‍ നിന്നും സ്ത്രീകള്‍ക്കും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും നേരെയുള്ള ആക്രമണത്തില്‍ നിന്നും വ്യക്തമാണ്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തിയാല്‍ നന്നായിരിക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി പറഞ്ഞു. യുപി ഹാഥ്‌റസിലെ കൂട്ടബലാല്‍സംഗക്കൊലയുടെയും മറ്റും പശ്ചാത്തലത്തിലാണ് വിമര്‍ശനം. റേഷന്‍ ഷോപ്പുകള്‍ അനുവദിക്കുന്നതിനെ കുറിച്ച് ദുര്‍ജാന്‍പൂര്‍ ഗ്രാമത്തില്‍ വിളിച്ച യോഗത്തിനിടെയാണ് വെടിവയ്പ് നടന്നത്.




Next Story

RELATED STORIES

Share it