Big stories

വിദ്വേഷ പ്രചാരണം, കൊലപാതകം: ആര്‍എസ്എസ് പരീക്ഷണ ശാലയായി കര്‍ണാടകം; മാതൃകയാക്കാന്‍ കേരളവും

വ്യാപകമായ വിദ്വേഷ പ്രാചരണവും അതിന് ശേഷമുള്ള ആള്‍ക്കൂട്ട ആക്രമണവും കൊലയുമാണ് ഹിന്ദുത്വ രീതി. ഹിജാബ്, ലൗ ജിഹാദ്, ലാന്‍ഡ് ജിഹാദ്, ഹലാല്‍, നര്‍ക്കോട്ടിക് ജിഹാദ് തുടങ്ങി മുസ് ലിംകള്‍ക്കെതിരേ വെറുപ്പ് സൃഷ്ടിക്കാനും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുമാണ് ആദ്യഘട്ടത്തില്‍ ശ്രമിക്കുന്നത്.

വിദ്വേഷ പ്രചാരണം, കൊലപാതകം:  ആര്‍എസ്എസ് പരീക്ഷണ ശാലയായി കര്‍ണാടകം; മാതൃകയാക്കാന്‍ കേരളവും
X

-പി എച്ച് അഫ്‌സല്‍

ബംഗളൂരു: മോദിയുടെ ഗുജറാത്തിനും യോഗിയുടെ ഉത്തര്‍പ്രദേശിനും ശേഷം ദക്ഷിണേന്ത്യയിലെ ആര്‍എസ്എസ്സിന്റെ പരീക്ഷണ ശാലയാവുകയാണ് കര്‍ണാടകം. ബിജെപി ഭരണത്തിലേറിയതിന് ശേഷം സമീപകാലത്തായി സംസ്ഥാനത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന മുസ് ലിം-ക്രിസ്ത്യന്‍ വിരുദ്ധ വര്‍ഗീയ ആക്രമണങ്ങള്‍ സംഘപരിവാറിന്റെ ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണ്. കേരളത്തിനോട് അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കന്നട മേഖലയിലാണ് ഹിന്ദുത്വ സംഘങ്ങളുടെ വംശീയ ആക്രമങ്ങള്‍ വര്‍ധിച്ചിരിക്കുന്നത്. വ്യാപകമായ വിദ്വേഷ പ്രാചരണവും അതിന് ശേഷമുള്ള ആള്‍ക്കൂട്ട ആക്രമണവും കൊലയുമാണ് ഹിന്ദുത്വ രീതി.

ഹിജാബ്, ലൗ ജിഹാദ്, ലാന്‍ഡ് ജിഹാദ്, ഹലാല്‍, നര്‍ക്കോട്ടിക് ജിഹാദ് തുടങ്ങി മുസ് ലിംകള്‍ക്കെതിരേ വെറുപ്പ് സൃഷ്ടിക്കാനും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുമാണ് ആദ്യഘട്ടത്തില്‍ ശ്രമിക്കുന്നത്. സാമൂഹിക മാധ്യമങ്ങളും ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള മുഖ്യധാരാ മാധ്യമങ്ങളും ഇതിനായി ഉപയോഗിക്കുന്നു. കുടുംബ ഗ്രൂപ്പുകളിലും സമുദായ ഗ്രൂപ്പുകളിലും വാട്‌സ്ആപ്പ് വഴി വിദ്വേഷ പ്രചാരണം ശക്തമാക്കുന്നു. കേരളത്തിലും കര്‍ണാടകയിലും ഇതിന് സമാനമായ രീതിയാണ് സംഘപരിവാരം നടപ്പാക്കുന്നത്. കര്‍ണാടകയില്‍ മുസ് ലിംകള്‍ക്കെതിരേ ഹിജാബ്, പൊതുസ്ഥലങ്ങളിലുള്ള പ്രാര്‍ത്ഥന, ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങളും ക്രൈസ്തവര്‍ക്കെതിരേ മതപരിവര്‍ത്തനവുമാണ് ഹിന്ദുത്വര്‍ വര്‍ഗീയ ധ്രൂവീകരണത്തിന് ആയുധമാക്കിയത്. സമാനമായി കേരളത്തിലും ലൗ ജിഹാദ്, ഹിജാബ്, ഹലാല്‍ ഭക്ഷണം, നര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയവ ധ്രൂവീകരണ ആയുധങ്ങളാക്കി. വിദ്വേഷ പ്രചാരണവും മുസ് ലിം വെറുപ്പും സൃഷ്ടിച്ചതിന് ശേഷം മുസ് ലിംകള്‍ക്കെതിരായ പരസ്യമായ വെല്ലുവിളിയും വംശഹത്യാ ആഹ്വാനവും നടത്തുന്നു. കേരളത്തിലും കര്‍ണാടകയിലും അടുത്ത കാലത്തായി ആര്‍എസ്എസ് നടത്തിയ രണ്ട് കൊലപാതകങ്ങള്‍ വിദ്വേഷ പ്രസംഗത്തിന് ശേഷമായിരുന്നു എന്നത് ശ്രദ്ധേയമാണ്. ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ കൊല്ലപ്പെടുന്നതിന്റെ തൊട്ട് മുന്‍പുള്ള ദിവസം ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി വിദ്വേഷ പ്രസംഗം നടത്തിയിരുന്നു.


ഇതിന് ശേഷം യാതൊരു സംഘര്‍ഷാവസ്ഥയും നിലവിലില്ലാത്ത സമയത്താണ് കെ എസ് ഷാനെ ആര്‍എസ്എസ് സംഘം വാഹനമിടിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്. സംസ്ഥാനത്ത് വര്‍ഗീയ കലാപവും ധ്രുവീകരണവും ലക്ഷ്യമിട്ടുള്ള ആര്‍എസ്എസ് പദ്ധതിയുടെ ഭാഗമായിരുന്നു എസ്ഡിപിഐ നേതാവിന്റെ കൊലപാതകമെന്ന് വ്യക്തമാകുന്നതായിരുന്നു സമീപകാലത്തുണ്ടായ സംഘപരിവാര വിദ്വേഷ പ്രചാരണങ്ങള്‍.


സമാനമായ കൊലപാതകം കര്‍ണാടകയിലും അരങ്ങേറി. കര്‍ണാടകയിലെ ഗദഗ് ജില്ലയില്‍ നരഗുണ്ടയിലാണ് സമീര്‍ എന്ന 19 കാരനായ മുസ് ലിം യുവാവിനെ സംഘപരിവാരം യാതൊരു പ്രകോപനവുമില്ലാതെ വെട്ടിക്കൊലപ്പെടുത്തിയത്. ആലപ്പുഴയിലേതിന് സമാനമായി സമീപ ദിവസങ്ങളില്‍ നരഗുണ്ടയിലും ആര്‍എസ്എസ് നേതാക്കളുടെ കൊലവിളി പ്രസംഗം അരങ്ങേറിയിരുന്നു.


തൊട്ടടുത്ത ദിവസം ജോലി കഴിഞ്ഞ സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സമീറിനെ യാതൊരു പ്രകോപനവുമില്ലാതെ ആര്‍എസ്എസ് കൊലയാളി സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. സമീര്‍ അക്രമി സംഘത്തില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതും പിന്തുടര്‍ന്നെത്തി ആര്‍എസ്എസ് സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുന്നതിന്റേയും രംഗങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. ആലപ്പുഴയില്‍ കെ എസ് ഷാനെ വാഹനമിടിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.


ധര്‍മ സംസദ് എന്ന പേരില്‍ ഹരിദ്വാറില്‍ 2021 ഡിസംബര്‍ 17 മുതല്‍ 19 വരെ നടന്ന ഹിന്ദു സന്യാസിമാരുടെയും മറ്റുനേതാക്കളുടെയും മതസമ്മേളനത്തില്‍ മുസ് ലിംകളെ കൊന്നൊടുക്കണമെന്ന ആഹ്വാനത്തിന്റെ ഭാഗമാണ് കര്‍ണാടകയിലും കേരളത്തിലും സമീപകാലത്തായി വര്‍ധിച്ചു വരുന്ന ആര്‍എസ്എസ് വിദ്വേഷ പ്രചാരണങ്ങളും വംശീയ ആക്രമണങ്ങളും കൊലപാതകങ്ങളും.

കര്‍ണാകയിലെ ഉഡുപ്പിയില്‍ സര്‍ക്കാര്‍ കോളജില്‍ ഹിജാബിന്റെ പേരില്‍ സംഘപരിവാരം കടുത്ത വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളാണ് നടത്തുന്നത്. ഹിജാബ് ധരിച്ച ക്ലാസില്‍ കയറാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഉഡുപ്പി കോളജ് അധികൃതര്‍.

ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് കോളജ് അധികൃതര്‍ ഹിജാബ് നിരോധിച്ചത്. ഹിജാബ് ധരിച്ച് എത്തുന്നവരെ കോളജില്‍ പ്രവേശിപ്പിക്കില്ലെന്ന പ്രഖ്യാപനവുമായി ബിജെപി എംഎല്‍എയും രംഗത്തെത്തി. ഉഡുപി ഗവ. വനിത പി യു കോളജ് കാംപസില്‍ ശിരോവസ്ത്രം ധരിക്കുന്ന വിദ്യാര്‍ഥിനികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ചൊവ്വാഴ്ച മുതല്‍ പ്രവേശനം അനുവദിക്കില്ലെന്നായിരുന്നു ഉഡുപി എംഎല്‍എയും ബിജെപി നേതാവുമായ കെ രഘുപതി ഭട്ടിന്റെ പ്രസ്താവന. ഈ വിവാദം കത്തി നില്‍ക്കുന്നതിനിടെ മറ്റൊരു കോളജിലും ഹിജാബ് വിഷയം ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. കുണ്ടപുരയിലെ മാനേജ്‌മെന്റ് കോളജിലാണ് ഹിന്ദുത്വര്‍ ഹിജാബിനെതിരേ രംഗത്തെത്തിയിട്ടുള്ളത്. ഹിജാബിനെതിരേ കാവി ഷാള്‍ കഴുത്തിലണിഞ്ഞാണ് സംഘപരിവാര വിദ്യാര്‍ഥി സംഘടനയിലെ വിദ്യാര്‍ഥികള്‍ കോളജിലെത്തിയത്.

കര്‍ണാടകയില്‍ സംഘപരിവാരമാണ് ഹിജാബിനെ വര്‍ഗീയ ആയുധമാക്കുന്നതെങ്കില്‍ കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ ഹിജാബിനെതിരേ രംഗത്തെത്തി. സ്റ്റുഡന്റ് പോലിസില്‍ ഹിജാബ് നിരോധിച്ച നടപടിയാണ് വിവാദമായത്. സിഖ് മതസ്ഥര്‍ക്ക് സൈന്യത്തില്‍ ഉള്‍പ്പടെ മത വസ്ത്രം ധരിക്കാന്‍ അവകാശമുള്ളപ്പോഴാണ് സ്റ്റുഡന്റ് പോലിസില്‍ യൂനിഫോമിന്റെ പേര് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ഹിജാബിനെതിരേ രംഗത്ത് വന്നത്.

മുസ് ലിംകള്‍ക്കെതിരേ കേരളത്തിലും കര്‍ണാടകയിലും വ്യാപകമായി കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണവും ആക്രമണങ്ങളും ഹിന്ദുത്വര്‍ ദേശീയ തലത്തില്‍ എടുത്ത തീരുമാനത്തിന്റെ ഭാഗമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നു. ധര്‍മ സംസദിന് തൊട്ട് മുമ്പും അതിന് ശേഷവും രാജ്യത്ത് അരങ്ങേറിയ സംഭവ വികാസങ്ങളും ഹിന്ദുത്വ ആക്രമണങ്ങളും വംശഹത്യാ ആഹ്വാനവും ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമല്ല, കേരളം ഉള്‍പ്പടെ ബിജെപി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളിലും സംഘപരിവാരം പരസ്യമായി കൊലവിളി ഉയര്‍ത്തി. തലശ്ശേരിയിലും തൃശൂര്‍ ജില്ലയിലെ കുന്നംകുളത്തും ആലപ്പുഴയിലും ഉള്‍പ്പടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസ് മുസ് ലിംകള്‍ക്കെതിരേ കൊലവിളി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പരസ്യമായി പ്രകടനങ്ങള്‍ നടത്തി. മുസ് ലിംകളെ മൊത്തത്തില്‍ ശത്രുപക്ഷത്ത് നിര്‍ത്തിയുള്ള വിദ്വേഷ പ്രചാരമാണ് കേരളത്തിലും അരങ്ങേറിയത്.

2021 ഡിസംബര്‍ ഒന്നിനാണ് തലശ്ശേരിയില്‍ ജയകൃഷ്ണന്‍ അനുസ്മരണ പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച റാലിക്കിടെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിദ്വേഷ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തിയത്. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റിയായിരുന്നു റാലി സംഘടിപ്പിച്ചത്. 'അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേള്‍ക്കില്ല' എന്നായിരുന്നു വിവാദമായ മതവിദ്വേഷം ജനിപ്പിക്കുന്ന മുദ്രാവാക്യം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ രഞ്ജിത്ത്, കെപി സദാനന്ദന്‍, സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി തുടങ്ങിയ നേതാക്കളായിരുന്ന വിദ്വേഷമുദ്രാവാക്യം ഉയര്‍ന്നപ്പോള്‍ റാലിയുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നത്.

സമാനമായ വര്‍ഗീയ മുദ്രാവാക്യം മുഴക്കി ദിവസങ്ങള്‍ക്കകം കുന്നംകുളത്തും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കുന്നംകുളത്താണ് തലശേരിയിലേതിനു സമാനമായി വര്‍ഗീയ വിദ്വേഷ വംശീയ മുദ്രാവാക്യവുമായി ആര്‍എസ്എസ് പ്രകടനം നടത്തിയത്. ആലപ്പുഴയിലെ ആര്‍എസ്എസ് നേതാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിലാണ് മുസ്‌ലിം വിരുദ്ധ കൊലവിളി മുദ്രാവാക്യമുയര്‍ന്നത്.

''നിസ്‌കാരത്തിന് തൊപ്പി ധരിക്കാന്‍ തലകള്‍ പലതും കാണില്ല, കണ്ടോ കണ്ടോ വടി കണ്ടോ, കൊടികള്‍ കെട്ടിയ വടി കണ്ടോ, വടികള്‍ പലതും വടിവാളാകും...'' ഇങ്ങനെ പോവുന്നു മുസ് ലിംകള്‍ക്കെതിരായ കൊലവിളി മുദ്രാവാക്യങ്ങള്‍.

ആലപ്പുഴയില്‍ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി കൊലവിളി പ്രസംഗം നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ കൊല്ലപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് എസ്ഡിപിഐ നേതാവിനെ വാഹനമിടിച്ച് വീഴ്ത്തിയതിന് ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. വിദ്വേഷ പ്രസംഗങ്ങള്‍ ആര്‍എസ്എസ് ആസൂത്രണത്തിന്റെ ഭാഗമാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.

ബംഗളൂരു നഗരത്തില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ മാറി ഗോവയുടെ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഗഢക് ജില്ലയില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇരുസമുദായങ്ങള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നുവെന്ന് പോലിസ് പറയുന്നു. മുസ്‌ലിം യുവാക്കള്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തുവെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ നാര്‍ഗണ്ഡ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ സംഘര്‍ഷം ഉണ്ടായി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘര്‍ഷങ്ങളില്‍ പെട്ട് ഒരു യുവാവിന്റെ വിരല്‍ നഷ്ടമായി എന്നും റിപോര്‍ട്ടുകളുണ്ട്. സ്‌കൂളുകളിലും കോളജുകളിലും പഠിക്കുന്ന ഇരു സമുദായങ്ങളിലെയും വിദ്യാര്‍ഥികള്‍ക്കിടയില്‍ നിരന്തരം സംഘര്‍ഷമുണ്ടാവുന്നത് ഈ പ്രദേശത്ത് പതിവായിരുന്നു എന്ന് ഗഢക് ജില്ലാ പോലിസ് മേധാവി ശിവപ്രകാശ് ദേവരാജു പറഞ്ഞു.

ജനുവരി 17ാം തിയ്യതി തിങ്കളാഴ്ച രാവിലെയാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവ വികാസങ്ങള്‍ തുടങ്ങുന്നത്. അന്നുരാവിലെ ആര്‍എസ്എസ് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ നാര്‍ഗണ്ഡ് പോലിസ് സ്‌റ്റേഷനു മുന്നില്‍ സംഘടിച്ചെത്തി പോലിസുകാരെ സാക്ഷിയാക്കി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. സാമുദായിക സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ട സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഈ യോഗമെന്നാണ് പോലിസ് ഭാഷ്യം.

മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രചരണമായിരുന്നു പൊതുസമ്മേളനത്തിന്റെ ഉള്ളടക്കം. ബജ്‌രംഗ്ദള്‍ നേതാവ് സഞ്ജു എന്നു വിളിക്കുന്ന സഞ്ജയ് നല്‍വാദിയാണ് മുഖ്യമായും സംസാരിച്ചത്. മുസ്‌ലിംകളെ ഇല്ലായ്മ ചെയ്യാനുള്ള ഈ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ തങ്ങള്‍ക്ക് ഒപ്പം ചേരണമെന്നും കേസ് ഉണ്ടായാല്‍ ബജ്‌രംഗ്ദള്‍ സംരക്ഷിക്കുമെന്നും ഇയാള്‍ ആഹ്വാനം ചെയ്തു. പോലിസും തങ്ങള്‍ക്ക് ഒപ്പമുണ്ടെന്നും ഇയാള്‍ പ്രസംഗിച്ചെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. നല്‍വാദെ പ്രസംഗിക്കുന്നതിനു തൊട്ടുപിന്നില്‍ പോലിസ് ഉദ്യോഗസ്ഥന്‍ നില്‍ക്കുന്നത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ, വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോയില്‍ ദൃശ്യമാണ്.

വിദ്വേഷ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ കേസെടുക്കാന്‍ നിര്‍ബന്ധിതരായ പോലിസ് പക്ഷേ, കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് പ്രതികളില്‍ നിന്ന് പിഴയൊടുക്കുകയാണ് ചെയ്തത്. പിഴയൊടുക്കിയ ഇവരെ വിട്ടയക്കുകയായിരുന്നു നാര്‍ഗണ്ഡ് പോലിസ്. അന്നേദിവസം വൈകീട്ട് 7.30ഓടെയാണ് കൊലപാതകം നടക്കുന്നത്. സ്‌റ്റേഷനില്‍ പിഴയടച്ച് ഇറങ്ങിപ്പോയതിന്റെ പിന്നാലെയാണ് പ്രതികള്‍ കൊല നടത്തിയതെന്ന് നാര്‍ഗണ്ഡ് സ്‌റ്റേഷനിലെ മുതിര്‍ന്ന പോലിസുകാരന്‍ സാക്ഷ്യപ്പെടുത്തി.

ബിജെപി ഭരിക്കുന്ന കര്‍ണാടകയുടെ പല ഭാഗത്തും കഴിഞ്ഞ കുറച്ച് നാളുകളായി തീവ്രഹിന്ദുത്വ സംഘടനകള്‍ ക്രിസ്ത്യന്‍, മുസ്‌ലിം, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ പല തരത്തില്‍ അക്രമങ്ങള്‍ അഴിച്ചു വിടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇതില്‍ ഒടുവിലത്തേതാണ് സമീര്‍ വധമെങ്കിലും പല സംഘര്‍ഷങ്ങളും പോലിസിന്റെ അനാസ്ഥ മൂലം റിപോര്‍ട്ട് ചെയ്യപ്പെടാതെയുമുണ്ട്.

Next Story

RELATED STORIES

Share it