Big stories

ഹര്‍ത്താല്‍ അക്രമം: കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് റിപോര്‍ട്ട് തേടി

അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതമെന്ന് ബിജെപി

ഹര്‍ത്താല്‍ അക്രമം: കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് റിപോര്‍ട്ട് തേടി
X

ന്യൂഡല്‍ഹി: ശബരിമല കര്‍മസമിതിയും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിനെത്തുടര്‍ന്ന് സംസ്ഥാന വ്യാപകമായുണ്ടായ അക്രമസംഭവങ്ങളില്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് റിപോര്‍ട്ട് തേടി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തോട് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ശബരിമലയില്‍ മാവോവാദികളെയടക്കം കയറ്റിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം അക്രമം അഴിച്ചുവിടുകയാണെന്നും ചൂണ്ടിക്കാട്ടി ബിജെപി എംപിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് അക്രമസംഭവങ്ങളെക്കുറിച്ച് അടിയന്തരമായി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കിയത്. ഇതുവരെ കേരളം റിപോര്‍ട്ടുകളൊന്നും നല്‍കിയിട്ടില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കേണ്ട സമയം അതിക്രമിച്ചെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. അതിനിടെ, സംസ്ഥാന സര്‍ക്കാരിനെതിരേ മുന്നറിയിപ്പും ഭീഷണിയുമായി ബിജെപി വക്താവ് നരസിംഹറാവു രംഗത്തെത്തി.

അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ഭരണഘടനയ്ക്കുള്ളില്‍നിന്നുള്ള വലിയ പ്രത്യാഘാതം സര്‍ക്കാരിനും സിപിഎമ്മിനും നേരിടേണ്ടിവരുമെന്നായിരുന്നു മുന്നറിയിപ്പ്. സംസ്ഥാന സര്‍ക്കാര്‍ എന്ത് പ്രത്യാഘാതമാണ് നേരിടേണ്ടി വരികയെന്ന ചോദ്യത്തിന് ബുദ്ധിയുള്ളവര്‍ക്ക് മനസിലാവുമെന്നായിരുന്നു നരസിംഹറാവുവിന്റെ മറുപടി. ലിംഗപരമായ തുല്യനീതിക്കായി നിലകൊള്ളുന്ന പാര്‍ട്ടിയാണ് ബിജെപി. പക്ഷേ, ഇവിടെ പ്രശ്‌നം വിശ്വാസത്തിന്റെതും ആചാരത്തിന്റെതും കൂടിയാണ്. മുത്വലാക്ക് ജെന്‍ഡര്‍ വിഷയവും ശബരിമല വിശ്വസവിഷയവുമാണ്. ശബരിമല സംബന്ധിച്ച കോണ്‍ഗ്രസ് നിലപാടും കാപട്യമാണ്. ദേശീയ തലത്തിലും കേരളത്തിലും കോണ്‍ഗ്രസിനു രണ്ടുനിലപാടാണ്. ഇത് ഇരട്ടത്താപ്പാണ്.

അതേസമയം, ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തില്‍നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രതികരിക്കാനാവില്ലെന്നായിരുന്നു വിശദീകരണം. സംഘപരിവാര്‍ ആഹ്വാനംചെയ്ത ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് വ്യാപകമായ അക്രമങ്ങളാണ് അരങ്ങേറിയത്. കണ്ണൂരിലും പത്തനംതിട്ടയിലും കോഴിക്കോടും തിരുവനന്തപുരത്തുമാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിട്ടത്. എ എന്‍ ഷംസീര്‍ എംഎല്‍എയുടെയും വി മുരളീധരന്‍ എംപിയുടെയും സിപിഎം നേതാവ് പി ശശിയുടെയും വീടുകള്‍ക്കുനേരെ ബോംബേറുണ്ടായി. ചിലയിടങ്ങളില്‍ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്തു. കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപകമായി കടകള്‍ ആക്രമിച്ച സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുസ്്‌ലിംകള്‍ക്കെതിരേ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി കലാപം അഴിച്ചുവിടാനും ശ്രമം നടത്തി. സംഘര്‍ഷം നിലനില്‍ക്കുന്ന നെടുമങ്ങാട്ടും അടൂരിലും കലക്ടര്‍മാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.





Next Story

RELATED STORIES

Share it