Big stories

എന്‍പിആര്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങളുമായി അനുനയചര്‍ച്ചയ്ക്ക് ഒരുങ്ങി കേന്ദ്രം

അനുനയ നീക്കത്തിന്റെ ആദ്യപടിയെന്ന നിലയില്‍ കേന്ദ്ര സെന്‍സസ് കമ്മീഷണറായ വിവേക് ജോഷി കഴിഞ്ഞ ദിവസം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദ്രര്‍ സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിഎഎ നടപ്പാക്കില്ലെന്ന് നിയമസഭയില്‍ പ്രമേയം പാസാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്.

എന്‍പിആര്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങളുമായി അനുനയചര്‍ച്ചയ്ക്ക് ഒരുങ്ങി കേന്ദ്രം
X

ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ (എന്‍പിആര്‍) അനുനയനീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. എതിര്‍പ്പ് ഉന്നയിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് അനുനയ ചര്‍ച്ച നടത്താന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറും മുഖ്യമന്ത്രിമാരെ കാണും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇവര്‍ ചര്‍ച്ച നടത്തുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.

ഏപ്രില്‍, സെപ്തംബര്‍ മാസത്തിനുള്ളില്‍ എന്‍പിആര്‍, സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ ഇപ്പോഴും കേരളം ഉള്‍പ്പെടെ പശ്ചിമബംഗാളും പഞ്ചാബ്, ചത്തീസ്ഗണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനോടു സഹകരിച്ചിട്ടില്ല. ഇതിനു പിന്നാലെയാണു കേന്ദ്രം അനുനയനീക്കവുമായി രംഗത്തെത്തുന്നത്.

അതേസമയം സെന്‍സസ് നടപടികള്‍ തടസ്സപ്പെടുത്തില്ലെന്നും, അതുമായി ബന്ധപ്പെട്ട് എല്ലാ സഹകരണവുമുണ്ടാവുമെന്നുമാണ് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ നിലപാട്. എന്നാല്‍ എന്‍പിആര്‍ വിവരങ്ങള്‍ കൂടിയുണ്ടെങ്കിലേ സെന്‍സസ് വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്താനാകൂ എന്നാണ് സെന്‍സസ് അധികൃതരുടെ നിലപാട്. ഓരോ പൗരന്റെയും എല്ലാ വിവരങ്ങളും അടങ്ങിയ ഒരു ഡാറ്റാബേസാണ് എന്‍പിആറിന്റെ ലക്ഷ്യമെന്നും, അതില്‍ ബയോമെട്രിക് വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നുമാണ് സെന്‍സസ് കമ്മീഷണറേറ്റ് വ്യക്തമാക്കുന്നത്. ഇതിനായി എല്ലാ സജ്ജീകരണങ്ങളുമുള്ള മൊബൈല്‍ ആപ്പാണ് ഇത്തവണ വിവരശേഖരണത്തിന് തയ്യാറാക്കിയിരിക്കുന്നത്.

അനുനയ നീക്കത്തിന്റെ ആദ്യപടിയെന്ന നിലയില്‍ കേന്ദ്ര സെന്‍സസ് കമ്മീഷണറായ വിവേക് ജോഷി കഴിഞ്ഞ ദിവസം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദ്രര്‍ സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിഎഎ നടപ്പാക്കില്ലെന്ന് നിയമസഭയില്‍ പ്രമേയം പാസാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. ഇന്ത്യയൊട്ടാകെ നടക്കുന്ന സെന്‍സസിനും ദേശീയ പൗരത്വ രജിസ്റ്ററിനും നേതൃത്വം നല്‍കുന്നത് ദേശീയ സെന്‍സസ് കമ്മീഷണറാണ്. അതിനാലാണ് ജോഷിയെത്തന്നെ കേന്ദ്രസര്‍ക്കാര്‍ ഈ ദൗത്യത്തിന് തിരഞ്ഞെടുത്തത്.




Next Story

RELATED STORIES

Share it