Big stories

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം ലീഗ് പ്രതിനിധികളുടെ സമ്മതത്തോടെയെന്ന് സര്‍ക്കാര്‍ രേഖ; നിഷേധിച്ച് എം സി മായിന്‍ഹാജി

ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതിനെതിരേ നിയമ നടപടി ഉള്‍പ്പെടെ പരിഗണിക്കുന്നതായി മുസ്‌ലിം ലീഗ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തുടര്‍ നടപടികള്‍ ആലോചിക്കാന്‍ ഈ മാസം 22 ന് കോഴിക്കോട് മുസ്ലിം സംഘടനകളുടെ യോഗം വിളിച്ച് ചേര്‍ക്കുമെന്നും ലീഗ് പ്രഖ്യാപിച്ചിരുന്നു. അതിനിടിയില്‍ നിയമസഭാ രേഖ പുറത്തുവന്നത് ലീഗ് നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം ലീഗ് പ്രതിനിധികളുടെ സമ്മതത്തോടെയെന്ന് സര്‍ക്കാര്‍ രേഖ;  നിഷേധിച്ച് എം സി മായിന്‍ഹാജി
X

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ടുകൊണ്ടുള്ള തീരുമാനം ലീഗ് പ്രതിനിധികളുടെ അറിവോടെയെന്ന് സര്‍ക്കാര്‍ രേഖ. എന്നാല്‍, ലീഗ് സംസ്ഥാന ഉപാധ്യക്ഷനും വഖഫ് ബോര്‍ഡ് അംഗവുമായി എം സി മായിന്‍ഹാജി ആരോപണങ്ങള്‍ നിഷേധിച്ചു.

പതിനാലാം കേരള നിയമസഭയിലെ ഒമ്പതാം സമ്മേളനത്തോടനുബന്ധിച്ച് വി പി സജീന്ദ്രന്റെ സബ്മിഷന് മറുപടിയായി അന്നത്തെ തദ്ദേശ സ്വയംഭരണ ന്യൂനപക്ഷ വഖഫ് ഹജ്ജ് മന്ത്രിയായിരുന്ന ഡോ. കെ ടി ജലീല്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ് സിക്ക് വിടാന്‍ തീരുമാനമുണ്ടോ എന്ന ചോദ്യത്തിന് അതേ എന്നാണ് മറുപടി നല്‍കിയിട്ടുള്ളത്.


പ്രസ്തുത തീരുമാനം തിടുക്കത്തില്‍ ഒരു (ബി)ഓര്‍ഡിനന്‍സിലൂടെ നടപ്പിലാക്കിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് സ്ഥിരം തസ്തികകളിലേക്കുള്ള എല്ലാ നിയമനങ്ങളും പിഎസ്‌സി മുഖേന നടത്തുകയെന്നതാണ് സര്‍ക്കാരിന്റെ നയമെന്നതിനാലും സംസ്ഥാന വഖഫ് ബോര്‍ഡില്‍ കാര്യക്ഷമതയും ഉത്തരവാദിത്തവും വൈദഗ്ധ്യവും ഉള്ള ജീവനക്കാരുടെ സേവനം ലഭ്യമാക്കുന്നതിനുമാണ് 2017ലെ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (വഖഫ് ബോര്‍ഡിന്റെ കീഴിലുള്ള സര്‍വീസുകളെ സംബന്ധിച്ച് കൂടുതല്‍ ചുമതലകള്‍) എന്ന ഓര്‍ഡിനന്‍സ് അടിയന്തിരമായി പുറപ്പെടുവിക്കേണ്ടി വന്നതെന്നുമാണ് മറുപടിയിലുള്ളത്.

പ്രസ്തുത തീരുമാനം നടപ്പിലാക്കുന്നതിന് മുമ്പ് ഏതെങ്കിലും മുസ്‌ലിം സംഘടനകളുമായി ചര്‍ച്ച നടത്തിയിരുന്നോ ഉണ്ടെങ്കില്‍ ഏതെല്ലാ സംഘടനകളുമായാണ് വിശദമാക്കാമോ എന്ന ചോദ്യത്തിന്

വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് തദ്ദേശ സ്വയം ഭരണ, ന്യൂനപക്ഷ ക്ഷേമ വഖഫ് ആന്റ് ഹജ്ജ് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ബോര്‍ഡ് ചെയര്‍മാന്‍ റഷീദ് അലി തങ്ങളുടേയും മെമ്പര്‍മാരുടെയും സാന്നിധ്യത്തില്‍ 19072016ല്‍ കൂടിയ യോഗത്തിലാണ് സംസ്ഥാന വഖഫ് ബോര്‍ഡില്‍ ഒഴിവ് വരുന്ന തസ്തികകളിലേക്ക് പിഎസ്സി മുഖേന നിയമനം നടത്തുന്നതിന് തത്വത്തില്‍ തീരുമാനമെടുത്തതെന്നും പ്രസ്തുത യോഗത്തിലെ യോഗ നടപടികളെക്കുറിപ്പ് 5&11 പ്രകാരം പ്രസ്തുത തീരുമാനത്തെ ബോര്‍ഡ് ചെയര്‍മാനും അംഗങ്ങളും അംഗീകരിച്ച് സ്വാഗതം ചെയ്ത് ഒപ്പുവിച്ചിട്ടുള്ളതുമാണെന്നാണ് സര്‍ക്കാര്‍ രേഖ വ്യക്തമാക്കുന്നത്.

ആ യോഗത്തില്‍ മന്ത്രിയെ കൂടാതെ സാമൂഹിക നീതി, പിന്നാക്ക ക്ഷേമ, ഹജ്ജ് ആന്റ് വഖഫ് വകുപ്പ് സെക്രട്ടറി എ ഷാജഹാന്‍, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദ് അലി പിഎം, റവന്യു വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി ജയശ്രീ, വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ ബി എം ജമാല്‍, അംഗങ്ങളായ എം അഡ്വ. ഷറഫുദ്ധീന്‍, ലീഗ് നേതാക്കളായ എം സി മായിന്‍ ഹാജി, അഡ്വ. വി പി സൈനുദ്ധീനും പങ്കെടുത്തിരുന്നു. കൂടാതെ അഡ്വ. ഫാത്തിമ റോസ്‌ന, ടി പി അബ്ദുല്ലക്കോയ മദനി, റവന്യു വകുപ്പ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് റിയാസ് എന്നിവരാണ് പങ്കെടുത്തതെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.


അതേസമയം, ലീഗ് പ്രതിനിധികളുടെ സമ്മതത്തോടെയാണ് വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ടതെന്ന റിപോര്‍ട്ടുകള്‍ തെറ്റാണെന്ന് എം സി മായിന്‍ ഹാജി തേജസിനോട് പറഞ്ഞു. 'ഇത്തരമൊരു യോഗം വിളിച്ചുചേര്‍ക്കുകയും ബോര്‍ഡ് നിയമം പിഎസ്എസിക്ക് വിടാന്‍ ആലോചനയുണ്ടെന്നു മന്ത്രി അറിയിക്കുകയും ചെയ്തിരുന്നു, അപ്പോള്‍ തന്നെ റഷീദലി തങ്ങളും താനുമുള്‍പ്പെടെയുള്ളവര്‍ അതു ശരിയല്ലെന്നും അത് ചെയ്യരുതെന്നും മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, മിനുറ്റ്‌സ് ഇറങ്ങിയപ്പോ തങ്ങള്‍ അതിനെ സ്വാഗതം ചെയ്തുവെന്ന് എഴുതി ചേര്‍ക്കുകയാണ് ഉണ്ടായതെന്ന് അദ്ദേഹം അവകാശപ്പെട്ടു. അന്നു തന്നെ മിനുറ്റ്‌സ് തെറ്റാണെന്നും അത് തിരുത്തണമെന്നും ആവശ്യപ്പെട്ട് റഷീദലി തങ്ങള്‍ സര്‍ക്കാരിലേക്ക് എഴുതിയിരുന്നെങ്കിലും സര്‍ക്കാര്‍ അത് തിരുത്താന്‍ തയ്യാറായില്ലെന്നും മായിന്‍ ഹാജി പറഞ്ഞു.

ഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടുന്നിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതു സര്‍ക്കാര്‍ നിരന്തരം സര്‍ക്കുലറുകളിലൂടെ ആവശ്യപ്പെട്ടിട്ടും റഷീദലി ശിഹാബ് തങ്ങള്‍ രാജിവച്ച് ഒഴിയുന്നത് വരെ വഖഫ് ബോര്‍ഡിന്റെ ഒരു യോഗത്തിലും അത്തരത്തിലൊരു തീരുമാനം കൈകൊണ്ടിട്ടില്ലെന്നും മായിന്‍ ഹാജി വ്യക്തമാക്കി.


റഷീദലി ശിഹാബ് തങ്ങള്‍ സ്ഥാനമൊഴിഞ്ഞതിനു ശേഷം ടി കെ ഹംസയുടെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബോര്‍ഡ് വന്നതിനു ശേഷമാണ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ തീരുമാനിച്ചതെന്നും തന്റേയും അഡ്വ. വി പി സൈനുദ്ധീന്റേയും വിയോജനക്കുറിപ്പോടെയായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതിനെതിരേ നിയമ നടപടി ഉള്‍പ്പെടെ പരിഗണിക്കുന്നതായി മുസ്‌ലിം ലീഗ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തുടര്‍ നടപടികള്‍ ആലോചിക്കാന്‍ ഈ മാസം 22 ന് കോഴിക്കോട് മുസ്ലിം സംഘടനകളുടെ യോഗം വിളിച്ച് ചേര്‍ക്കുമെന്നും ലീഗ് പ്രഖ്യാപിച്ചിരുന്നു. അതിനിടിയില്‍ നിയമസഭാ രേഖ പുറത്തുവന്നത് ലീഗ് നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it