Big stories

പാലത്തായി ബാലികാ പീഡനം: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ അന്തിമ വാദം നാളെ

ഇരയുടെ മൊഴിയില്‍ മനഃശാസ്ത്ര വിദഗ്ധരുടെ റിപോര്‍ട്ട് നിര്‍ണ്ണായകമാവും

പാലത്തായി ബാലികാ പീഡനം: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ അന്തിമ വാദം നാളെ
X

പി സി അബ്ദുല്ല

കൊച്ചി: പാലത്തായി ബാലികാ പീഡനക്കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നാളെ അന്തിമ വാദം. ബിജെപി നേതാവും അധ്യാപകനുമായ പാനൂര്‍ മുണ്ടത്തോട് കുറുങ്ങോട്ട് കുനിയില്‍ പദ്മരാജന് തലശ്ശേരി അസി.സെഷന്‍സ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരയുടെ മാതാവാണ് ഹര്‍ജി നല്‍കിയത്.

കഴിഞ്ഞ വെള്ളിയാഴ്ച പരിഗണിക്കേണ്ടിയിരുന്ന കേസ് കൊവിഡ് തടസ്സങ്ങള്‍ കാരണം നീളുകയായിരുന്നു. ജസ്റ്റിസ് വി അരുണിന്റെ ബഞ്ചില്‍ നാളെ പ്രതിയുടെ വാദം കേള്‍ക്കും. ഇതേവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ഹൈക്കോടതി പരിഗണിക്കും. പത്മരാജന്റെ ജാമ്യം റദ്ദാക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. മുഹമ്മദ് ഷാ മുഖാന്തിരമാണ് ഇരയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചത്.

അന്വേഷണ പുരോഗതി റിപോര്‍ട്ടിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഹാജരാക്കുന്ന ഇരയുടെ മൊഴി സംബന്ധിച്ച വിവരങ്ങളാവും പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ നിര്‍ണായകമാവുക. മൂന്നു തവണ പദ്മരാജന്‍ പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴി മുഖവിലക്കെടുക്കാതെ പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയതാണ് പ്രതിക്ക് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയത്. ഇരയുടെ മൊഴിയുടെ ആധികാരികത സംബന്ധിച്ച് തുടരന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് എന്തു നിഗമനത്തിലാണ് എത്തിയതെന്നു വ്യക്തമല്ല. ഇരയുടെ മൊഴിയുടെ സാധുത പരിശോധിക്കുകയാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസങ്ങളില്‍ ചെയ്തത്.

അന്വേഷണ സംഘത്തില്‍ രണ്ടു മനഃശാസ്ത്ര വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തിയിരുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനും കൗണ്‍സിലര്‍മാര്‍ക്കും പുറമെയാണ് പെണ്‍കുട്ടിയുടെ മൊഴി പരിശോധിക്കാന്‍ രണ്ടു പേരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.

അന്വേഷണ സംഘത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ വൈ എസ് പി രേഷ്മ സുരേഷ് കഴിഞ്ഞ ദിവസങ്ങളില്‍ പെണ്‍കുട്ടിയുടെ മൊഴി തുടര്‍ച്ചയായി രേഖപ്പെടുത്തിയിരുന്നു.

ഇരയുടെ ആദ്യ മൊഴിയിലെയും ഇപ്പോഴത്തെ മൊഴിയിലേയും ശബ്ദവ്യത്യാസവും വാക്കുകളുടെ വൈകാരിക സ്വഭാവവും പരിശോധിക്കാനാണ് മനശാസ്ത്ര വിദഗ്ധരെ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആദ്യമായാണ് ഈ അന്വേഷണ രീതി അവലംബിക്കുന്നത്.

ഏഴുമണിക്കൂര്‍ നീളുന്ന ഇരയുടെ ഓഡിയോ റെക്കാര്‍ഡും രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ റെക്കാര്‍ഡുമാണ് അന്വേഷണസംഘത്തിന്റെ കൈവശമുള്ളത്. പ്രതിയുടേതുള്‍പ്പെടെയുള്ള മൊബൈല്‍ ഫോണുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും ഫോറന്‍സിക് റിപ്പോര്‍ട്ടുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

അതേസമയം, കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രതിക്ക് ജാമ്യത്തിനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് ഹൈക്കോടതിയിലെ ഹര്‍ജിയില്‍ പെണ്‍കുട്ടിയുടെ മാതാവിനു വേണ്ടിയുള്ള പ്രധാന വാദം. കുറ്റപത്രത്തില്‍ നിന്നും പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിയതിനാലാണ് ജാമ്യം നല്‍കിയതെന്ന വാദം നിലനില്‍കില്ല. പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിയതായി ജാമ്യം നല്‍കിയ കോടതി കണ്ടെത്തിയാല്‍ അത് കോടതിയുടെ അധികാര പരിധി ഇല്ലാതാക്കുന്നതാണ്.

ആ നിലയിലും തലശ്ശേരി കോടതിക്ക് ജാമ്യം നല്‍കാന്‍ അധികാരമില്ല. കേസില്‍ പോക്‌സോ വകുപ്പുകള്‍ നിലനില്‍കുന്നതായി കണ്ടെത്തിയാണ് ജാമ്യം നല്‍കിയതെങ്കില്‍ ഇരയുടെ വാദം കേള്‍ക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍,പ്രതിക്ക് ജാമ്യം നല്‍കുമ്പോള്‍ ഇരയുടെ പക്ഷം കീഴ്‌കോടതി കേട്ടിട്ടില്ല.

പ്രതിക്കെതിരേ പോക്‌സോ കുറ്റം ഇല്ലാത്തതിനാല്‍ ഇരയെ കേള്‍ക്കേണ്ട എന്നാണെങ്കില്‍ പോക്‌സോ ഇല്ലാത്ത കേസ് പരിഗണിക്കാനുള്ള അധികാരവും ജാമ്യം നല്‍കിയ കീഴ്‌ക്കോടതിക്കില്ല. പോക്‌സോ ഒഴിവാക്കിയ കുറ്റപത്രം പരിഗണിച്ചതിലൂടെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനുളള അധികാരം പോക്‌സോ കോടതിക്ക് നഷ്ടപ്പെട്ടെന്നും ക്രിമിനല്‍ ചട്ടനിയമത്തിന്റെ 439(1അ) പ്രകാരം ഇരയെ കേള്‍ക്കാതെ പ്രതിക്ക് ജാമ്യം നല്‍കിയത് നിയമവിരുദ്ധമാണെന്നുമാണ് പെണ്‍കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ അറിയിച്ചത്.

Next Story

RELATED STORIES

Share it