Big stories

രാജിതീരുമാനത്തിലുറച്ച് രാഹുല്‍; ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കോണ്‍ഗ്രസ്

അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാനുള്ള രാഹുലിന്റെ ഉറച്ച തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാലും അഹമ്മദ് പട്ടേലും രാഹുലിനെ സന്ദര്‍ശിച്ചു.

രാജിതീരുമാനത്തിലുറച്ച് രാഹുല്‍; ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാനുള്ള രാഹുലിന്റെ ഉറച്ച തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാലും അഹമ്മദ് പട്ടേലും രാഹുലിനെ സന്ദര്‍ശിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നേതാക്കള്‍ തന്നെ ഒറ്റപ്പെടുത്തിയെന്നും സ്വന്തം മക്കളെ വിജയിപ്പിക്കാനാണ് പ്രമുഖ നേതാക്കള്‍ സമയം ചെലവഴിച്ചതെന്നും ഇന്നലെ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ രാഹുല്‍ തുറന്നടിച്ചിരുന്നു. അതേ സമയം, കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളെ കുറിച്ച് ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തുന്ന ഊഹാപോഹങ്ങളും അപവാദപ്രചരണങ്ങളും അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

മാധ്യമ റിപോര്‍ട്ടുകള്‍ അഭ്യൂഹങ്ങളും കുത്തുവാക്കുകളുമാണെന്ന് കോണ്‍ഗ്രസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. അടച്ചിട്ട മുറിയില്‍ നടക്കുന്ന ചര്‍ച്ചകളെ മാനിക്കണം. പാര്‍ട്ടിയുടെ പ്രകടനത്തെക്കുറിച്ച് യോഗത്തില്‍ കൂട്ടായ ആലോചനയാണ് നടന്നത്. ഏതെങ്കിലും വ്യക്തിയെ പഴിചാരുന്നതിന് പകരം മുന്നോട്ടുള്ള വെല്ലുവിളികള്‍ മറികടക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്- കോണ്‍ഗ്രസ് വ്യക്തമാക്കി.

കോണ്‍ഗ്രസിലെ മുതിര്‍ന്ന മൂന്ന് നേതാക്കള്‍ പാര്‍ട്ടി താല്‍പര്യം പരിഗണിക്കാതെയാണ് തങ്ങളുടെ മക്കളെ മല്‍സരിപ്പിച്ചതെന്ന് യോഗത്തില്‍ രാഹുല്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പോരാട്ടത്തില്‍ പാര്‍ട്ടി നേതാക്കള്‍ രാഹുലിനെ ഒറ്റക്കാക്കിയെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു.

യോഗത്തില്‍ പാര്‍ട്ടി നേതാക്കളുടെ വീഴ്ച്ച തുറന്നുകാട്ടിയാണ് താന്‍ സ്ഥാനമൊഴിയുകയാണെന്ന് രാഹുല്‍ പ്രഖ്യാപിച്ചത്. ഗാന്ധി കുടുംബത്തില്‍ നിന്നൊരാളെ തന്റെ പിന്‍ഗാമിയാക്കേണ്ടെന്നും പ്രിയങ്ക നേതാവായി വരാനുള്ള സാധ്യതയെ തള്ളി രാഹുല്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 52 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒറ്റ സീറ്റ് പോലും കിട്ടിയില്ല. കുടുംബ കോട്ടയായ അമേഥിയില്‍ രാഹുല്‍ പരാജയപ്പെടുകയും ചെയ്തു.

നാല് മണിക്കൂര്‍ നിണ്ട പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രിയങ്ക പതിവില്‍ നിന്ന് വിപരീതമായി പൊട്ടിത്തെറിച്ചതായാണ് റിപോര്‍ട്ട്. പാര്‍ട്ടിയുടെ പരാജയത്തിന് ഉത്തരവാദികളായവരെല്ലാം ഈ മുറിയില്‍ ഇരിക്കുന്നുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. രാജി തീരുമാനത്തില്‍ നിന്ന് രാഹുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കവേ ഇടപെട്ട പ്രിയങ്ക, തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്റെ സഹോദരന്‍ ഒറ്റയ്ക്ക് പോരാടുമ്പോള്‍ നിങ്ങളൊക്കെ എവിടെയായിരുന്നുവെന്ന് ചോദിച്ചു. റഫേലും ചൗക്കീദാര്‍ ചോര്‍ ഹേ എന്ന പ്രചാരണവും ജനങ്ങളിലെത്തിക്കുന്നതില്‍ കോണ്‍ഗ്രസ് അധ്യക്ഷനെ ആരും പിന്തുണച്ചില്ലെന്നും പ്രിയങ്ക ആരോപിച്ചു.

മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് എന്നിവരെ പേരെടുത്ത് പറഞ്ഞ് രാഹുല്‍ വിമര്‍ശിച്ചതായാണ് ചില റിപോര്‍ട്ടുകളില്‍ പറയുന്നത്. പാര്‍ട്ടി താല്‍പര്യങ്ങള്‍ പരിഗണിക്കാതെയാണ് ഇവര്‍ മക്കളെ സ്ഥാനാര്‍ഥികളാക്കാന്‍ വാശിപിടിച്ചത്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയും കമല്‍നാഥിന്റെ മകന്‍ നകുലും ജയിച്ചെങ്കിലും ഗെഹ്ലോട്ടിന്റെ മകന്‍ വൈഭവ് പരാജയപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it