Big stories

സാമ്പത്തിക പ്രതിസന്ധി: സ്‌കൂട്ടേഴ്‌സ് ഇന്ത്യ കേന്ദ്രസര്‍ക്കാര്‍ അടച്ചുപൂട്ടുന്നു

കമ്പനിയുടെ നിര്‍മാണ പ്ലാന്റുകളും യന്ത്രങ്ങളും വിറ്റ് കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ധനകാര്യ മന്ത്രാലയം ആവശ്യപ്പെട്ടതായാണു റിപോര്‍ട്ട്

സാമ്പത്തിക പ്രതിസന്ധി: സ്‌കൂട്ടേഴ്‌സ് ഇന്ത്യ കേന്ദ്രസര്‍ക്കാര്‍ അടച്ചുപൂട്ടുന്നു
X

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും വാഹന വിപണിയില്‍ തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്യുന്നുവെന്ന റിപോര്‍ട്ടുകള്‍ക്കിടെ ഓട്ടോമൊബൈല്‍ രംഗത്ത് നിന്ന് വീണ്ടുമൊരു പ്രതിസന്ധിയുടെ വാര്‍ത്ത കൂടി. ഇന്ത്യയിലെ പൊതുമേഖല സ്ഥാപനമായ സ്‌കൂട്ടേഴ്‌സ് ഇന്ത്യ കേന്ദ്രസര്‍ക്കാര്‍ അടച്ചുപൂട്ടാനൊരുങ്ങുന്നതായാണു റിപോര്‍ട്ട്. ഒരു കാലത്ത് ഏറെ പ്രശസ്തമായിരുന്ന ലാംബ്രട്ട സ്‌കൂട്ടറുകള്‍ വിപണിയിലിറക്കിയ കമ്പനിയാണ് സ്‌കൂട്ടേഴ്‌സ് ഇന്ത്യ. കമ്പനിയുടെ നിര്‍മാണ പ്ലാന്റുകളും യന്ത്രങ്ങളും വിറ്റ് കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ധനകാര്യ മന്ത്രാലയം ആവശ്യപ്പെട്ടതായാണു റിപോര്‍ട്ട്. അല്ലെങ്കില്‍ കമ്പനിയുടെ പേരിലുള്ള നിഷ്‌ക്രിയ ആസ്തികള്‍ വിറ്റ് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തണമെന്നും ആലോചനയുണ്ട്. ഇന്ത്യയില്‍ വിജയ് സൂപ്പറെന്ന പേരിലും ആഗോളതലത്തില്‍ ലാംബ്രട്ടയെന്ന പേരിലും 1975ലാണ് സ്‌കൂട്ടേഴ്‌സ് ഇന്ത്യ സ്‌കൂട്ടറുകള്‍ പുറത്തിറക്കിയത്. 1997ല്‍ ഇരുചക്ര വാഹനങ്ങളുടെ നിര്‍മാണം കമ്പനി നിര്‍ത്തിവച്ചെങ്കിലും വിക്രം എന്ന പേരില്‍ മുച്ചക്ര വാഹനങ്ങള്‍ പുറത്തിറക്കിയിരുന്നു.


കമ്പനിയുടെ ഓഹരികളില്‍ 97.7 ശതമാനവും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ്. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ 4.6 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ലഖ്‌നോയിലെ സരോജിനി നഗറിലാണ് സ്‌കൂട്ടേഴ്‌സ് ഇന്ത്യയുടെ ആസ്ഥാനം. വിക്രം 450ഡി(എച്ച്ബി), വിക്രം 450ഡി(എസ്ടിജി), വിക്രം 1000 സിജി, വിക്രം 1500 സിജി, വിക്രം 1500 സിജി, വിക്രം 750 ഡി, വിക്രം ലോഡ് കാരിയര്‍, വിക്രം ഇവി എന്നിവയാണ് സ്‌കൂട്ടേഴ്‌സ് ഇന്ത്യ പുറത്തിറക്കിയിരുന്നത്. ജര്‍മനി, ഇറ്റലി, സുദാന്‍, നൈജീരിയ, നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല ആവശ്യക്കാരുണ്ടെന്നും കമ്പനിയുടെ വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നുണ്ട്.


കഴിഞ്ഞ 12 മാസമായി രാജ്യത്തെ വാഹന വിപണി വന്‍ പ്രതിസന്ധി നേരിടുകയാണ്. ഉപഭോക്താക്കളുടെ എണ്ണത്തില്‍ 30 ശതമാനത്തോളം കുറവുണ്ടായതിനെ തുടര്‍ന്ന് വന്‍തോതില്‍ ജീവനക്കാരെ കമ്പനികള്‍ പിരിച്ചുവിടുകയാണ്. ഏപ്രില്‍ മുതല്‍ മേഖലയില്‍ 3.50 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായാണു റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തത്.




Next Story

RELATED STORIES

Share it