Big stories

സിൽവർ ലൈൻ പ്രതിഷേധങ്ങളെ അടിച്ചമർത്തരുത്: സിപിഐ

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പരിസ്ഥിതി ആഘാത പഠനവും സാമൂഹ്യ ആഘാത പഠനവുമെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്തി ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണം. അത് ബോധ്യപ്പെടുത്തിക്കൊണ്ടേ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാവു എന്നാണ് പാർട്ടി നിലപാടെന്ന് പ്രകാശ് ബാബു പറഞ്ഞു.

സിൽവർ ലൈൻ പ്രതിഷേധങ്ങളെ അടിച്ചമർത്തരുത്: സിപിഐ
X

കോഴിക്കോട്: കെ റെയിലിൽ സർക്കാർ വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെ സിൽവർ ലൈൻ പ്രതിഷേധങ്ങളെ അടിച്ചമർത്തരുതെന്ന ആവശ്യവുമായി സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. ജനങ്ങളുടെ പ്രതിഷേധത്തെ പോലിസിനെ ഉപയോ​ഗിച്ച് അടിച്ചമർത്തിക്കൊണ്ട് പദ്ധതി നടപ്പിലാക്കേണ്ടതില്ലെന്ന് അദ്ദേഹം പറ‍ഞ്ഞു. പോലിസ് അതിക്രമത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മൗനം നടിക്കുന്നതിനിടെയാണ് പ്രകാശ് ബാബു രം​ഗത്തുവന്നിരിക്കുന്നത്.

സിൽവർ ലൈൻ പദ്ധതിക്ക് പാർട്ടി എതിരല്ല. എന്നാൽ ആ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പരിസ്ഥിതി ആഘാത പഠനവും സാമൂഹ്യ ആഘാത പഠനവുമെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്തി ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണം. അത് ബോധ്യപ്പെടുത്തിക്കൊണ്ടേ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാവു എന്നാണ് പാർട്ടി നിലപാടെന്ന് പ്രകാശ് ബാബു പറഞ്ഞു.

ജനങ്ങളുടെ പ്രതിഷേധത്തെ അവ​ഗണിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കേണ്ട ആവശ്യമില്ല. ജനങ്ങളെയാണ് ബോധ്യപ്പെടുത്തേണ്ടതെന്നും പ്രകാശ് ബാബു ചൂണ്ടിക്കാട്ടി. എൽഡിഎഫ് ഒറ്റക്കെട്ടായി പ്രതിഷേധങ്ങളെ പ്രതിരോധിക്കണം എന്ന് മുന്നണി വ്യക്തമാക്കിയതിന് പിന്നാലെയാണ് വേറിട്ട നിലപാടുമായി സിപിഐ രം​ഗത്തെത്തിയത്.

അതേസമയം കോഴിക്കോട് വെസ്റ്റ് കല്ലായിലും കോട്ടയം നട്ടാശേരിയിലും സിൽവർ ലൈനിനെതിരേ നാട്ടുകാർ സംഘടിച്ച് രം​ഗത്തെത്തി. രണ്ട് ദിവത്തെ ഇടവേളയ്ക്ക് ശേഷമാണ് കോഴിക്കോട് ജില്ലയിലെ കല്ലായിൽ സിൽവർ ലൈൻ സർവേയ്ക്കായി ഉദ്യോഗസ്ഥരെത്തിയത്. എന്നാൽ ശക്തമായ പ്രതിഷേധത്തെ തുടർന്ന് കല്ലിടാൻ കഴിയാതെ സർവേ നടപടി നിർത്തിവയ്ക്കുകയായിരുന്നു. കഴിഞ്ഞ തവണ ഇവിടെ സ്ഥാപിച്ച കല്ലുകൾ പ്രതിഷേധക്കാർ പിഴുതെറിഞ്ഞിരുന്നു.

സിൽവർ ലൈൻ പദ്ധതിയിൽ ഭൂ​ഗർഭ പാത കടന്നു പോകുന്ന പ്രദേശമാണ് കല്ലായി. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ സർവേ നടത്താൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രദേശവാസികൾ. മലപ്പുറം തിരുനാവായയിലെ സൗത്ത് പല്ലാറിലും സിൽവർ ലൈൻ സർവേ നടപടികൾ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു. ജനങ്ങൾ സംഘടിച്ച് പ്ലക്കാർഡുകളുമായെത്തിയതോടെയാണ് നടപടികൾ താൽക്കാലികമായി നിർത്തിവെച്ചത്.

Next Story

RELATED STORIES

Share it