Big stories

സ്വകാര്യ മുതല്‍ നശിപ്പിച്ചാലും കടുത്ത നടപടി; ഓര്‍ഡിനന്‍സ് പരിഗണനയില്‍

സ്വകാര്യ മുതലുകള്‍ നശിപ്പിച്ചാല്‍ ജാമ്യം ലഭിക്കാന്‍ കോടതിയില്‍ നഷ്ടക്കണക്കിനു തുല്യമായ തുക കെട്ടിവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ശുപാര്‍ശ ചെയ്യുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണു സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്.

സ്വകാര്യ മുതല്‍ നശിപ്പിച്ചാലും കടുത്ത നടപടി; ഓര്‍ഡിനന്‍സ് പരിഗണനയില്‍
X

തിരുവനന്തപുരം: ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങളില്‍ പൊതുമുതലിനു പുറമെ സ്വകാര്യ മുതലുകള്‍ നശിപ്പിച്ചാലും കടുത്ത ശിക്ഷ വരുന്നു. ജാമ്യം ലഭിക്കാന്‍ കോടതിയില്‍ നഷ്ടക്കണക്കിനു തുല്യമായ തുക കെട്ടിവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ശുപാര്‍ശ ചെയ്യുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണു സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. നേരത്തേ പൊതുമുതല്‍ നശീകരണം തുടര്‍ച്ചയായ നഷ്ടങ്ങളുണ്ടാക്കിയപ്പോഴാണ് കടുത്ത നടപടികളോടെ സര്‍ക്കാര്‍ രംഗത്തെത്തിയത്. ഇതോടെ, കെഎസ്ആര്‍ടിസി ബസ്സുകള്‍ ഉള്‍പ്പെടെയുള്ളവ ആക്രമിക്കപ്പെട്ടാല്‍ വന്‍ തുക കെട്ടിവയ്ക്കാതെ ജാമ്യം ലഭിക്കാത്ത അവസ്ഥയുണ്ടായി. ഇതോടെ, പൊതുമുതല്‍ നശീകരണത്തില്‍ ഗണ്യമായ കുറവുണ്ടായതായാണു കണക്കുകൂട്ടല്‍. കഴിഞ്ഞ ദിവസം ശബരിമല കര്‍മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ ആക്രമണമുണ്ടായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളേക്കാള്‍ സ്വകാര്യ മുതലുകളാണ് കൂടുതലായും ആക്രമിക്കപ്പെട്ടത്. വ്യാപാരികള്‍ക്കു വ്യാപാര നഷ്ടത്തിനൊപ്പം ആക്രമണത്തിനിരയായി കനത്ത നഷ്ടമുണ്ടായത്. ഇനിയൊരു ഹര്‍ത്താലിലും കടകള്‍ അടക്കില്ലെന്നു വ്യാപാരികള്‍ ഒറ്റക്കെട്ടായി പറയുന്നിടത്ത് വരെയെത്തി കാര്യങ്ങള്‍. നേരത്തേ ബന്ദില്‍ ജനങ്ങള്‍ ബന്ദികളാക്കപ്പെട്ടതോടെ കോടതിയെ സമീപിച്ച് നിരോധിക്കുകയായിരുന്നു. ഇത്തരത്തിലാണെങ്കില്‍ ഹര്‍ത്താലിനും ഇതേ ഗതി വരുമെന്നുറപ്പാണ്. ജനാധിപത്യ പ്രതിഷേധത്തിനുള്ള വഴിയെന്ന നിലയില്‍ പൊതുജനം തന്നെ അംഗീകരിച്ചുകൊടുക്കുന്ന ഹര്‍ത്താലുകള്‍ വര്‍ഷം കഴിയുന്തോറും ക്രമാതീതമായി കൂടുകയും അക്രമസംഭവങ്ങള്‍ ഭീമമായി വര്‍ധിക്കുകയും ചെയ്തതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ തന്നെ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ നീക്കം നടത്തുന്നത്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച നീക്കമുണ്ടാവുമെന്നാണു വിവരം.




Next Story

RELATED STORIES

Share it