Big stories

ഡല്‍ഹി കലാപത്തിലെ ഇരകളെ സഹായിക്കാന്‍ പിരിച്ച തുകയില്‍ സിപിഎം ലക്ഷങ്ങള്‍ മുക്കിയെന്ന് ആരോപണം

പിരിച്ചെടുത്ത തുകയുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന കമ്മിറ്റിയും വിവിധ ജില്ലാ കമ്മിറ്റികളും സാമൂഹിക മാധ്യമങ്ങളിലൂടെ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളിലെ വൈരുധ്യമാണ് സിപിഎമ്മിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്നത്.

ഡല്‍ഹി കലാപത്തിലെ ഇരകളെ സഹായിക്കാന്‍ പിരിച്ച തുകയില്‍ സിപിഎം ലക്ഷങ്ങള്‍ മുക്കിയെന്ന് ആരോപണം
X

കോഴിക്കോട്: ഡല്‍ഹി കലാപത്തിലെ ഇരകളെ സഹായിക്കാന്‍ സംസ്ഥാന വ്യാപകമായി പിരിച്ച തുകയില്‍ സിപിഎം ലക്ഷങ്ങള്‍ മുക്കിയതായി സാമൂഹിക മാധ്യമങ്ങളില്‍ ആരോപണം. പിരിച്ചെടുത്ത തുകയുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന കമ്മിറ്റിയും വിവിധ ജില്ലാ കമ്മിറ്റികളും സാമൂഹിക മാധ്യമങ്ങളിലൂടെ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളിലെ വൈരുധ്യമാണ് സിപിഎമ്മിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്നത്.

തങ്ങള്‍ക്ക് കീഴിലുള്ള വിവിധ ഏരിയകളില്‍ നിന്ന് സമാഹരിച്ച തുകയുടെ കണക്ക് സിപിഎം തിരുവനന്തപുരം, പത്തനംതിട്ട ജില്ലാ കമ്മിറ്റികള്‍ ഔദ്യോഗികമായി സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടിരുന്നു. എന്നാല്‍, ജില്ലാ കമ്മിറ്റികള്‍ പുറത്തുവിട്ട തുകയേക്കാള്‍ വന്‍ കുറവാണ് സംസ്ഥാന കമ്മിറ്റി പുറത്തുവിട്ട കണക്കുകളിലുള്ളത്. വിവിധ ഏരിയകളില്‍നിന്ന് 50,86,518 രൂപ ജില്ലാ കമ്മിറ്റി പിരിച്ചെന്നാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്. എന്നാല്‍, സംസ്ഥാന കമ്മിറ്റി ഔദ്യോഗികമായി പുറത്ത് വിട്ട കണക്കില്‍ ഇതു 49,21,458 രൂപ മാത്രമാണ്.ജില്ലാ കമ്മിറ്റിയില്‍ നിന്നും സംസ്ഥാന കമ്മിറ്റിയിലെത്തിയപ്പോള്‍ 1,65,060 രൂപയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. വിവിധ ഏരിയകളില്‍നിന്നു പിരിച്ച കണക്കുകളും തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചേര്‍ത്തിരുന്നു.

അതേപോലെ, 11 ഏരിയകള്‍ സമാഹരിച്ച തുകയുടെ കൃതൃമായ കണക്കുകള്‍ ഉള്‍പ്പെടുത്തി ജില്ലയില്‍നിന്ന് 20,61,893 രൂപ സമാഹരിച്ചതായി പത്തനംതിട്ട ജില്ലാ കമ്മിറ്റി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംസ്ഥാന കമ്മിറ്റി ഇറക്കിയ ഔദ്യോഗിക പോസ്റ്റില്‍ പത്തനംതിട്ട ജില്ലയില്‍ നിന്ന് ലഭിച്ച തുകയായി കാണിച്ചിട്ടുള്ളത് 20 ലക്ഷം മാത്രമാണ്. 61,893 രൂപ കുറവാണ് സംസ്ഥാന കമ്മിറ്റി പുറത്തുവിട്ട കണക്കുകളിലുള്ളത്. ഇത്തരത്തില്‍ മറ്റു ജില്ലകളിലും തീവെട്ടികൊള്ള നടന്നുവെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്.

ഡല്‍ഹി കലാപ ബാധിതര്‍ക്കായി സംസ്ഥാനത്ത് നിന്നു 5,20,74,779 രൂപ പിരിച്ചെന്നാണ് സംസ്ഥാന കമ്മിറ്റി അറിയിച്ചത്. കാസര്‍കോഡ്-22,72,963, കണ്ണൂര്‍-63,26,146, വയനാട്-8,71,833, കോഴിക്കോട്-63,74,471, മലപ്പുറം-54,70,752, പാലക്കാട്-36,65,066, തൃശൂര്‍-44,47,961, എറണാകുളം-47,85,794, ആലപ്പുഴ-36,77,505, ഇടുക്കി-22,82,800, കോട്ടയം-20,92,860, പത്തനംതിട്ട-20,00,000, കൊല്ലം-38,04,470, തിരുവനന്തപുരം-49,21,458, ദേശാഭിമാനി വിവിധ യൂനിറ്റുകള്‍-80,700 എന്നിങ്ങനെ ആകെ 5,30,74,779 രൂപ പിരിച്ചെന്നാണ് സംസ്ഥാന കമ്മിറ്റി അറിയിച്ചത്.

പ്രളയ ഫണ്ടിലും സമാന തരത്തില്‍ തിരിമറി നടന്നതായി ആരോപണം ഉയരുകയും ഇക്കാര്യം പോലിസ് അന്വേഷിച്ചുവരികയുമാണ്.അതിനിടെയാണ് പാര്‍ട്ടി നേതൃത്വത്തെ പ്രതികൂട്ടിലാക്കി വീണ്ടും സമാന ആരോപണം ഉയരുന്നത്.

Next Story

RELATED STORIES

Share it