Big stories

കസ്റ്റഡി മര്‍ദനം തടയല്‍ ബില്‍: വിവരങ്ങള്‍ നല്‍കാന്‍ വിമുഖത കാട്ടി കേരളം

കസ്റ്റഡി മര്‍ദനവും തടവുക്കാര്‍ക്കു നേരെയുള്ള ആക്രമണവും തടയുന്നതിനുള്ള നിയമനിര്‍മാണത്തിനുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കത്ത് നല്‍കി ഒരുവര്‍ഷം തികയാറായിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നാണ് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.

കസ്റ്റഡി മര്‍ദനം തടയല്‍ ബില്‍: വിവരങ്ങള്‍ നല്‍കാന്‍ വിമുഖത കാട്ടി കേരളം
X

ന്യൂഡല്‍ഹി: കസ്റ്റഡി മര്‍ദനം തടയാനുള്ള ബില്ലിന് വേണ്ട നിര്‍ദേശങ്ങളും അഭിപ്രായവും അറിയിക്കാന്‍ വിമുഖത കാട്ടി കേരള സര്‍ക്കാര്‍. കസ്റ്റഡി മര്‍ദനവും തടവുക്കാര്‍ക്കു നേരെയുള്ള ആക്രമണവും തടയുന്നതിനുള്ള നിയമനിര്‍മാണത്തിനുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കത്ത് നല്‍കി ഒരുവര്‍ഷം തികയാറായിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. ബില്ലിന്റെ കരട് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ചുകൊടുത്തെന്നും എട്ടു സംസ്ഥാനങ്ങള്‍ മാത്രമാണ് ഇതുവരെ മറുപടി നല്‍കിയതെന്നുമാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയില്‍ അറിയിച്ചത്.

ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, മേഘാലയ, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും അന്‍ഡോമാന്‍, നിക്കോബാര്‍, ഛണ്ഡീഖഡ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളും മാത്രമാണ് ബില്ലിന്‍മേല്‍ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിച്ചതെന്നാണ് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ അറിയിച്ചത്. 2018 ഫെബ്രുവരിയില്‍ ബില്ല് സംസ്ഥാനങ്ങള്‍ക്ക് അയച്ചുനല്‍കി. പിന്നീട് ജൂണിലും നവംബറിലും ഡിസംബറിലും യഥാക്രമം റിമൈന്‍ഡറുകളും നല്‍കിയിട്ടും കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇതുവരെയും മറുപടി നല്‍കിയിട്ടില്ലെന്നാണ് കെ കെ വേണുഗോപാല്‍ കോടതിയില്‍ വ്യക്തമാക്കിയത്. 2019 ജനുവരി 21ന് വരെ ഇക്കാര്യം സൂചിപ്പിച്ച് സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിരുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഇതോടെ, മൂന്നാഴ്ചയ്ക്കം മറുപടി നല്‍കാന്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സുപ്രിംകോടതി നിര്‍ദേശം നല്‍കി.

പ്രിവന്‍ഷന്‍ ഓഫ് ടോര്‍ച്ചര്‍ ബില്ല് 2017നുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, എല്‍ നാഗേശ്വര റാവു, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. കസ്റ്റഡി മര്‍ദനങ്ങളും തടവുകാര്‍ക്കെതിരായ അക്രമവും തടയുന്നതിന് നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് മുന്‍ കേന്ദ്ര മന്ത്രി അശ്വിനി കുമാര്‍ നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതിയുടെ നടപടി. സുപ്രിംകോടതിയുടെ ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ ഈ കേസില്‍ അടുത്ത വാദം കേള്‍ക്കുന്ന ഫെബ്രുവരി 13ന് കോടതിയില്‍ നേരിട്ട് ഹാജരാവേണ്ടിവരുമെന്നും ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it