Big stories

പരിശോധനാ കിറ്റ് വിൽപ്പനയിൽ ഇടനിലക്കാർ കൊള്ളലാഭം കൊയ്യുന്നു; സ്വന്തം കിറ്റിന് ഐസിഎംആറിന്റെ അനുമതി കാത്ത് കേരളം

ശ്രീചിത്രയുടെ ആര്‍ടി ലാമ്പ് കിറ്റും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കിറ്റും അന്തിമ അനുമതി കാത്തിരിക്കുകയാണ്.

പരിശോധനാ കിറ്റ് വിൽപ്പനയിൽ ഇടനിലക്കാർ കൊള്ളലാഭം കൊയ്യുന്നു; സ്വന്തം കിറ്റിന് ഐസിഎംആറിന്റെ അനുമതി കാത്ത് കേരളം
X

ന്യൂഡല്‍ഹി: കൊവിഡ് 19 കണ്ടെത്താനുള്ള റാപിഡ് പരിശോധനാ കിറ്റ് വിൽപ്പനയിൽ ഇടനിലക്കാർ കൊള്ളലാഭം കൊയ്യുമ്പോഴും പരിശോധന കിറ്റിന് ഐസിഎംആറിന്റെ അനുമതി കാത്ത് കേരളം. ഇറക്കുമതിക്കാരിൽ നിന്ന് 245 രൂപയ്ക്കു വാങ്ങുന്ന കിറ്റ് 600 രൂപയ്ക്കാണ് ഇടനിലക്കാർ ഐസിഎംആറിനു നൽകുന്നത്.

ശ്രീചിത്രയുടെ ആര്‍ടി ലാമ്പ് കിറ്റും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കിറ്റും അന്തിമ അനുമതി കാത്തിരിക്കുകയാണ്. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ആര്‍ടിലാമ്പ് കിറ്റ്, രാജീവ് ഗാന്ധി ഇന്‍സ്റ്റ്റ്റിയൂട്ട് വികസിപ്പിച്ച റാപ്പിഡ് ടെസ്റ്റ് കിറ്റ് എന്നിവ വേഗത്തിലും ചിലവു കുറഞ്ഞും കൃത്യതയിലും ഫലം നൽകുന്നവയാണ്. അനുമതിക്കായി അപേക്ഷ നല്‍കിയിട്ട് ആഴ്ച്ചകളായെങ്കിലും ഐസിഎംആറിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

അതേസമയം കിറ്റ് നിര്‍മ്മാണത്തിന് പൂര്‍ണ സജ്ജരാണ് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്. നിലവില്‍ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത കിറ്റ് ഇടനിലക്കാരിൽ നിന്നാണ് ഐസിഎംആർ വാങ്ങുന്നത്. ഇടനിലക്കാർ 600 രൂപ ഈടാക്കുമ്പോൾ 336 രൂപയ്ക്ക് കിറ്റ് നൽകാനാകുമെന്നാണ് ഹിന്ദുസ്ഥാൻ ലറ്റക്സ് പറയുന്നത്. രോഗപ്രതിരോധ ശേഷി നേടിയവരിലെ ഐജിജി ആന്റിബോഡി രൂപപ്പെട്ടവരെയും ഈ ടെസ്റ്റിലൂടെ കണ്ടെത്താം. കിറ്റിന് നേരത്തെ അംഗീകാരം ലഭിച്ചെങ്കിലും വിതരണത്തിനും ഉപയോഗത്തിനും ഐസിഎംആര്‍ അനുമതി നൽകിയിട്ടില്ല.

കൊവിഡ് പരിശോധനാക്കിറ്റിന്റെ വിതരണത്തിൽ കൊള്ളലാഭം ഈടാക്കുന്നത് ഡൽഹി ഹൈക്കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. സ്വകാര്യ നേട്ടത്തെക്കാൾ പൊതുതാത്പര്യത്തിനാണ് ഇപ്പോൾ പ്രാധാന്യം നൽകേണ്ടതെന്നു പറഞ്ഞ ഹൈക്കോടതി, കിറ്റുകൾ ഇനി 400 രൂപയ്ക്ക് സർക്കാരിനു നേരിട്ടുനൽകാൻ ഇറക്കുമതിക്കാരോടാവശ്യപ്പെട്ടു. അഞ്ചുലക്ഷം കിറ്റിനായി ഐസിഎംആർ ചിലവാക്കുന്ന 30 കോടി രൂപയിൽ ഏറിയ പങ്കും കൊണ്ടുപോകുന്നത് ഇടനിലക്കാരായ റെയർ മെറ്റബൊളിക്സാണ്.

രാജ്യത്ത് ഇറക്കുമതി ചെയ്ത ചൈനീസ് കിറ്റുകള്‍ക്ക് നിലവാരമില്ലെന്നതും കൂടിയ വിലയും വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ഐസിഎംആര്‍ തന്നെ അംഗീകരിച്ച കിറ്റ് കേരളത്തിന് ഉപയോ​ഗിക്കാൻ കഴിയാതിരിക്കുന്നത്. ദിവസങ്ങള്‍ക്കകം വന്‍തോതില്‍ കിറ്റുകള്‍ ആവശ്യമായി വരുമെന്നിരിക്കെയാണ് ഐസിഎംആറിന്റെ നടപടി ദുരൂഹമായിരിക്കുന്നത്. പരിശോധനാ കിറ്റുകള്‍ക്ക് ക്ഷാമമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു.

Next Story

RELATED STORIES

Share it