Big stories

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ; കാസര്‍ക്കോട്ടെ സ്ഥിതി അതീവ ഗുരുതരം

സംസ്ഥാനത്ത് 44165 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 225 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷന്‍ വാര്‍ഡുകളില്‍ കഴിയുകയാണ്.

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ; കാസര്‍ക്കോട്ടെ സ്ഥിതി അതീവ ഗുരുതരം
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊച്ചിയില്‍ സ്ഥിരീകരിച്ച അഞ്ചു വിദേശ വിനോദ സഞ്ചാരികള്‍ക്കു പുറമെ കാസര്‍കോട് ആറു പേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 37 ആയി. സംസ്ഥാനത്ത് 44165 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 225 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷന്‍ വാര്‍ഡുകളില്‍ കഴിയുകയാണ്. ഇന്നുമാത്രം 56 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്ക് അയച്ച 3436 സാമ്പിളുകളില്‍ 2393 എണ്ണം നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാറില്‍ നിന്നും നെടുമ്പാശ്ശേരി വഴി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടിയ ബ്രിട്ടീഷ് പൗരന്‍മാരുടെ സംഘത്തില്‍പ്പെട്ട അഞ്ച് പേര്‍ക്കാണ് കൊച്ചിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശി നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയ ശേഷം രോഗലക്ഷങ്ങള്‍ കണ്ടെത്തിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഈ രണ്ട് സംഭവങ്ങളിലും നേരത്തെ തന്നെ രോഗികളെ കണ്ടെത്തി മാറ്റിപാര്‍പ്പിച്ചതിനാല്‍ കൂടുതല്‍ ആശങ്കയ്ക്ക് വകയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം കാസര്‍ഗോഡ് ജില്ലയില്‍ സ്ഥിഗതികള്‍ അതീവഗുരുതരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്തു നിന്നും വന്ന രണ്ട് പേര്‍ക്കും ഇവരുടെ ബന്ധുക്കളായ രണ്ട് പേര്‍ക്കുമാണ് കാസര്‍കോട് രോഗബാധ സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് കൊവിഡ് വൈറസ് വ്യാപിച്ചത് തീര്‍ത്തും വിചിത്രമായ സാഹചര്യങ്ങളിലാണ്. കാസര്‍ഗോഡ് രോഗം സ്ഥിരീകരിച്ച ഒരാള്‍ കരിപ്പൂരില്‍ ഇറങ്ങി അന്നേ ദിവസം അവിടെ തങ്ങിയ ശേഷം കോഴിക്കോട് എത്തി അവിടെ നിന്നും മാവേലി എക്‌സ്പ്രസിലാണ് ഇയാള്‍ കാസര്‍ഗോഡേക്ക് പോയത്.

നാട്ടില്‍ വന്ന ശേഷം കല്ല്യാണ പരിപാടികളിലും മറ്റു നിരവധി സ്വകാര്യ ചടങ്ങുകളിലും ഇയാള്‍ പങ്കെടുത്തു. പലസ്ഥലങ്ങളിലും കറങ്ങി നടന്നു. തത്ഫലമായി രണ്ട് എംഎല്‍എമാരടക്കം നിരവധി പേരെയാണ് ഇപ്പോള്‍ നിരീക്ഷണത്തിലാക്കേണ്ടി വന്നത്. ഈ സാഹചര്യത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ തന്നെ വേണ്ടി വരും. ഇതിനുള്ള ഉത്തരവ് ഉടനെ ഇറക്കും. ആരാധാനലായങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടുത്ത രണ്ടാഴ്ച അടച്ചിടേണ്ടി വരും. കാസര്‍ഗോഡ് രോഗം സ്ഥിരീകരിക്കപ്പെട്ട മറ്റു രണ്ട് പേരുടെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കാസര്‍കോട്ടെ കാര്യം വിചിത്രമാണ്. കോവിഡ് ബാധിച്ചയാള്‍ കരിപ്പൂര്‍ ഇറങ്ങി. ഇദ്ദേഹം പലയിടത്തും സന്ദര്‍ശനം നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. പൊതുപരിപാടികളില്‍ എല്ലാം പങ്കെടുത്തു. ഇഷ്ടം പോലെ സഞ്ചരിച്ചിരിക്കുകയാണ്. കോവിഡ് ജാഗ്രതാനിര്‍ദേശങ്ങള്‍ പൊതുവേ സമൂഹം പാലിച്ചുവരികയാണ്. എന്നാല്‍ ചിലര്‍ ചെയ്യുന്ന കാര്യങ്ങള്‍ നാടിന് തന്നെ വിനയായിരിക്കുകയാണ്. ഇതുമൂലം ഒരാഴ്ച ഒരാഴ്ച സര്‍ക്കാര്‍ ഓഫിസുകള്‍ അടച്ചിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് 19 ന്റെ സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ ഗൌരവമായി എടുത്തതിന് തെളിവാണ് പ്രധാനമന്ത്രി യുടെ വാക്കുകളെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും അനുസരിക്കും. ജനതാ കര്‍ഫ്യൂവിനോട് സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കും. അന്നേദിവസം കെഎസ്ആര്‍ടി മെട്രോ സര്‍വ്വീസുകള്‍ ഉണ്ടാവില്ല.

ഇപ്പോള്‍ കാസര്‍കോട് ജില്ലയില്‍ എല്ലാ പരീക്ഷകളും റദ്ദാക്കേണ്ട സാഹചര്യം വന്നു. അപ്പോള്‍ മറ്റിടത്ത് പരീക്ഷകള്‍ നടത്താനാവില്ല.അതിനാലാണ് എല്ലായിടത്തും റദ്ദാക്കിയത്. കാസര്‍ഗോഡ് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ച അടച്ചിടും. എല്ലാ വ്യാപാരസ്ഥാപനങ്ങളും രാവിലെ 11 മണി മുതല്‍ അഞ്ച് വരെ മാത്രമേ തുറക്കാവൂ.കാസർകോട് ബാറുകൾക്കും ബീവറേജ് കൾക്കും സമയനിയന്ത്രണം ബാധകം. എല്ലാ ക്ലബുകളും രണ്ടാഴ്ച അടച്ചിടണം. ഒരുമിച്ചുള്ള ജുമാ നമസ്‌കാരം ഒഴിവാക്കണം.

കൊവിഡ് പ്രതിരോധ നടപടികളോട് സഹകരിക്കണമെന്ന് ഇതുവരെ എല്ലാവരോടും അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും ഇനിയങ്ങോട്ട് കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. കൊവിഡിനെതിരായ പോരാട്ടത്തില്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ട സമയമായിട്ടുണ്ട്. എല്ലാവരും കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it