Latest News

സിയാല്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍; ഹരജി തള്ളി സുപ്രിംകോടതി

സിയാല്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍; ഹരജി തള്ളി സുപ്രിംകോടതി
X

ന്യൂഡല്‍ഹി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്ന പബ്ലിക് അതോറിറ്റിയാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരേ സിയാല്‍ സമര്‍പ്പിച്ച ഹരജി ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് തള്ളി. സിയാല്‍ ബോര്‍ഡ് യോഗത്തിന്റെ മിനിറ്റ്‌സ് നല്‍കണമെന്ന 2019ലെ വിവരാവകാശ കമ്മീഷന്‍ ഉത്തരവിനെതിരേയാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. തങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍പ്പെടുന്നില്ലെന്നായിരുന്നു സിയാലിന്റെ വാദം. എന്നാല്‍ സിംഗിള്‍ ബെഞ്ചും പിന്നീട് ഡിവിഷന്‍ ബെഞ്ചും ഈ വാദം തള്ളിയിരുന്നു.

സിയാലിനും അതിനു മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സൊസൈറ്റി (കെഐഎഎസ്)ക്കും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നും, സിയാല്‍ ഡയറക്ടര്‍ ബോര്‍ഡിലെ 11 അംഗങ്ങളില്‍ ആറുപേര്‍ എക്‌സ്ഓഫീഷ്യാ സര്‍ക്കാര്‍ പ്രതിനിധികളാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിയാല്‍ പബ്ലിക് അതോറിറ്റിയാണെന്നും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരണമെന്നും കോടതി വ്യക്തമാക്കിയത്. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെ നിയമിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് സിയാല്‍ സുപ്രിംകോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ സുപ്രിംകോടതി ഹരജി തള്ളുകയായിരുന്നു.

Next Story

RELATED STORIES

Share it