Big stories

സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കൊവിഡ്; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

ആക്ടീവ് കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗ വ്യാപനം വലിയ തോതില്‍ പിടിച്ചുനിര്‍ത്താനായി എന്നത് നമ്മുടെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കൊവിഡ്;  നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും
X

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചായായി ഏഴാം ദിവസം നൂറില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 123 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ വിദേശത്ത് നിന്ന് വന്നവരും 33 പേര്‍ ഇതര സംസ്ഥാനങ്ങലില്‍ നിന്ന് വന്നവരുമാണ്. ആറ് പേര്‍ക്ക് സമ്പര്‍ക്കം വഴി കൊവിഡ് ബാധിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. 53 പേര്‍ ഇന്ന് രോഗമുക്തരായി.

പാലക്കാട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 24 പേര്‍ക്കാണ് പാലക്കാട് കൊവിഡ് ബാധിച്ചത്. ആലപ്പുഴ ജില്ലയില്‍ 18 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

ജില്ലതിരിച്ചുള്ള കണക്ക്:

പാലക്കാട് 24, ആലപ്പുഴ 18, പത്തനംതിട്ട 13, കൊല്ലം 13, എറണാകുളം 10, തൃശൂര്‍ 10, കണ്ണൂര്‍ 9, കോഴിക്കോട് 7, മലപ്പുറം 6, കാസര്‍കോട് 4, ഇടുക്കി 3, തിരുവനന്തപുരം 2, കോട്ടയം 2, വയനാട്-2 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ആക്ടീവ് കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗ വ്യാപനം വലിയ തോതില്‍ പിടിച്ചുനിര്‍ത്താനായി എന്നത് നമ്മുടെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5240 സാമ്പിളുകള്‍ പരിശോധിച്ചു. 3726 പേര്‍ക്ക് രോഗം ഇതുവരെ സ്ഥിരീകരിച്ചു. 1761 പേര്‍ ചികിത്സയിലുണ്ട്. 159616 പേരാണ് നിരീക്ഷണത്തിലുള്ളത്. 2349 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 344 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 156401 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. 4182 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ടെസ്റ്റിന്റെ എണ്ണം വര്‍ധിപ്പിക്കുകയാണ്.

ജൂലൈയില്‍ ദിവസം 15000 ടെസ്റ്റ് നടത്താനാണ് ശ്രമം. ഇതുവരെ മുന്‍ഗണനാ വിഭാഗത്തിലെ 41944 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 40302 എണ്ണം നെഗറ്റീവായി. സംസ്ഥാനത്ത് ഇപ്പോള്‍ 113 ഹോട്‌സ്‌പോട്ടുകളുണ്ട്.

രോഗവ്യാപനത്തെ കുറിച്ച് വിദഗ്ധര്‍ നല്‍കുന്ന വിവരങ്ങള്‍ സുരക്ഷ ശക്തമാക്കണമെന്ന ആവശ്യത്തിലേക്ക് എത്തിച്ചു. പുറമെ നിന്ന് വന്ന കേസുകളില്‍ ഏഴ് ശതമാനം പേരില്‍ നിന്ന് മാത്രമേ രോഗം പടര്‍ന്നുള്ളൂ. 93 ശതമാനം പേരില്‍ നിന്നും രോഗം വ്യാപിക്കാതെ തടയാനായി. ഇത് ഹോം ക്വാറന്റൈന്‍ സംവിധാനത്തിന്റെ വിജയം തന്നെ. ആക്ടീവ് കേസുകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ക്വാറന്റൈന്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കണം. വിദേശത്ത് നിന്നും വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് അവിടെ തന്നെ ആന്റിബോഡി ടെസ്റ്റ് നടത്തും.

ഇത് അധിക സുരക്ഷാ നടപടിയാണ്. വൈറസ് ബാധയെ തുടര്‍ന്ന് രോഗലക്ഷണം കാണപ്പെടുന്ന ആന്റിബോഡികളാണ് ടെസ്റ്റ് നടത്തുന്നത്. പിസിആര്‍ ടെസ്റ്റ് ആവശ്യമെങ്കില്‍ നടത്തും. രോഗാണു ശരീരത്തിലുണ്ടെങ്കിലും രോഗലക്ഷണം വരുന്നത് വരെ ടെസ്റ്റ് നടത്തിയാല്‍ ഫലം നെഗറ്റീവാകും. അതുകൊണ്ട് ആന്റിബോഡി ടെസ്റ്റ് നെഗറ്റീവായവര്‍ തെറ്റായ സുരക്ഷാ ബോധത്തില്‍ കഴിയരുത്. അവര്‍ക്ക് പിന്നീട് കൊവിഡ് ഉണ്ടാകാം. അവരും കര്‍ശനമായ സമ്പര്‍ക്ക വിലക്കില്‍ ഏര്‍പ്പെടണം. ഇതിന് ബോധവത്കരണം നടത്തും.

രോഗവ്യാപനം തടയാന്‍ പ്രവാസികളുടെ സന്നദ്ധത മാത്രം പോരാ. ബ്രേക്ക് ദി ചെയ്ന്‍ ക്യാംപെയ്ന്‍ ആത്മാര്‍ത്ഥമായി മുന്നോട്ട് കൊണ്ടുപോകണം. ബ്രേക്ക് ദി ചെയ്ന്‍ ഡയറി എല്ലാവരും കരുതണം. കയറുന്ന വാഹനങ്ങളുടെ നമ്പറുകളും സന്ദര്‍ശിച്ച സ്ഥലങ്ങളും രേഖപ്പെടുത്തി വയ്ക്കണം. എല്ലാവരുടേയും സഹകരണം ഉണ്ടെങ്കില്‍ മാത്രമെ രോഗ വ്യാപനം നിയന്ത്രിക്കാന്‍ കഴിയൂ. മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it