Big stories

കര്‍ണാടകയില്‍ ബിജെപി ചാക്കിട്ടു പിടിച്ചവരെ തിരിച്ചെത്തിക്കാനുള്ള ശ്രമവുമായി കോണ്‍ഗ്രസ്

രാജിവച്ച എംഎല്‍എമാരുമായി കോണ്‍ഗ്രസ്‌ജെഡിഎസ് നേതാക്കള്‍ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. രാജിവച്ച എല്ലാവരേയും തിരിച്ചെത്താക്കാമെന്ന് പ്രതീക്ഷയില്ലെങ്കിലും സര്‍ക്കാര്‍ വീഴുന്നത് തടയാന്‍ ആവശ്യമായ ഭൂരിപക്ഷം ഉറപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.

കര്‍ണാടകയില്‍ ബിജെപി ചാക്കിട്ടു പിടിച്ചവരെ തിരിച്ചെത്തിക്കാനുള്ള ശ്രമവുമായി കോണ്‍ഗ്രസ്
X

ബംഗളൂരു: ബിജെപിയുടെ അട്ടിമറി നീക്കം തടഞ്ഞ് ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പതനം ഒഴിവാക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി നേതാക്കള്‍. രാജിവച്ച എംഎല്‍എമാരുമായി കോണ്‍ഗ്രസ്‌ജെഡിഎസ് നേതാക്കള്‍ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. രാജിവച്ച എല്ലാവരേയും തിരിച്ചെത്താക്കാമെന്ന് പ്രതീക്ഷയില്ലെങ്കിലും സര്‍ക്കാര്‍ വീഴുന്നത് തടയാന്‍ ആവശ്യമായ ഭൂരിപക്ഷം ഉറപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.

രാജി പ്രഖ്യാപിച്ച 14 പേരില്‍ നാലോ അഞ്ചോ പേരെയെങ്കിലും തിരിച്ചെത്തിക്കുക എന്ന സാധ്യതയാണ് കോണ്‍ഗ്രസ് മുഖ്യമായും പരിശോധിക്കുന്നത്. വിമത എംഎല്‍എമാരിലെ മുതിര്‍ന്ന നേതാവായ രാമലിംഗ റെഡ്ഡിയെ തിരിച്ചു ചാടിക്കാനാണ് പ്രധാനമായും നീക്കം നടക്കുന്നത്. തനിക്ക് മന്ത്രിസ്ഥാനം വേണം എന്നാണ് രാമലിംഗ റെഡ്ഡിയുടെ ആവശ്യം. ബംഗളൂരു നഗരവികസന വകുപ്പ് തന്നെ കിട്ടണമെന്നും രാമലിംഗ റെഡ്ഡി വ്യക്തമാക്കിയിട്ടുണ്ട്.

റെഡ്ഡി വഴങ്ങിയാല്‍ അദ്ദേഹത്തിന്റെ മകളായ സൗമ്യ റെഡ്ഡിയേയും അനുയായികളായ രണ്ടോ മൂന്നോ എംഎല്‍എമാരേയും കൂടി തിരികെ എത്തിക്കാം എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

അതേസമയം, താന്‍ ബിജെപിയില്‍ ചേരുമെന്നും ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും രാജിവച്ച കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ ഗൗഡ പാട്ടീല്‍ പറഞ്ഞു. ജെഡിഎസിലെ കുടുംബാധിപത്യത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് വിമത ജെഡിഎസ് എംഎല്‍എ നാരായണ്‍ ഗൗഡയും വ്യക്തമാക്കി.

പ്രതാപ ഗൗഡയും നാരായണ്‍ ഗൗഡയും ഉള്‍പ്പെടെ പത്ത് എംഎല്‍എമാര്‍ ഇപ്പോള്‍ മുംബൈയിലെ ഹോട്ടലിലാണ് ഉള്ളത്. ഇവര്‍ താമസിക്കുന്ന ഹോട്ടലില്‍ 12 മണിക്ക് എംഎല്‍എമാരുടെ യോഗം വിളിച്ചു കൂട്ടിയിട്ടുണ്ട്. വ്യാഴാഴ്ച വരെ ഹോട്ടലില്‍ എംഎല്‍എമാര്‍ക്ക് മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ചയാണ് കര്‍ണാടക നിയമസഭയുടെ സമ്മേളനം ആരംഭിക്കുന്നത്. രാജിവച്ച മറ്റു മൂന്ന് എംഎല്‍എമാര്‍ ബംഗളൂരുവില്‍ തുടരുകയാണ്. മഹാരാഷ്ട്ര ബിജെപി നേതാക്കളായ പ്രസാദ് ലാഡ്, മോഹിത് ഭാട്ടിയ എന്നിവര്‍ ഈ ഹോട്ടലിലെത്തിയിട്ടുണ്ട്. എന്നാല്‍, ഇവര്‍ രാജിവച്ച എംഎല്‍എമാരുമായി കൂടിക്കാഴ്ച്ച നടത്തിയോ എന്ന കാര്യം വ്യക്തമല്ല.

അതേസമയം, എംഎല്‍എമാരുമായി സംസാരിച്ചു വരികയാണെന്നും കാര്യങ്ങള്‍ കൈവിട്ടു പോയിട്ടില്ലെന്നും കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.

എംഎല്‍എമാരില്‍ ചിലര്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാല്‍ രാജി പിന്‍വലിക്കാം എന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗയെ മുഖ്യമന്ത്രിയാക്കണം എന്ന നിര്‍ദേശം വേറെ ചിലര്‍ എംഎല്‍എമാരും മുന്നോട്ടു വച്ചിട്ടുണ്ട്. എന്നാല്‍, സഖ്യം തകര്‍ക്കുന്നതിന് വേണ്ടി ബിജെപി വച്ച കെണിയാണ് ഈ ഉപാധികളെന്ന് കോണ്‍ഗ്രസ് സംശയിക്കുന്നുണ്ട്. ഇപ്പോള്‍ രാജിവച്ച എംഎല്‍എമാരില്‍ പലരും കോണ്‍ഗ്രസ് നേതൃത്വുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്.

രാജിവച്ചവര്‍ക്കെല്ലാം ബിജെപി മന്ത്രിസ്ഥാനം വാഗ്ദാനം നല്‍കിയതായാണ് വിവരം. അമേരിക്കന്‍ സന്ദര്‍ശനത്തിലായിരുന്ന കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഇന്ന് വൈകിട്ടോടെ ബംഗളൂരുവില്‍ തിരിച്ചെത്തും. നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ എന്ത് തരം നിലപാട് അദ്ദേഹമെടുക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എംഎല്‍എമാര്‍ നല്‍കിയ രാജിക്കത്ത് പരിശോധിച്ച് ചൊവ്വാഴ്ച തീരുമാനമറിയിക്കും എന്നാണ് സ്പീക്കറുടെ ഓഫീസ് അറിയിച്ചത്. സ്പീക്കര്‍ കാര്യങ്ങള്‍ വൈകിപ്പിക്കും എന്നത് മുന്‍കൂട്ടി കണ്ടാണ് രാജിവച്ച എംഎല്‍എമാരില്‍ ചിലര്‍ രാജിക്കത്തിന്റെ പകര്‍പ്പുമായി ഗവര്‍ണറെ കണ്ടത്. ഇതോടെ രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമായി.

ഇതിനിടെ സ്പീക്കറെ മുന്‍നിര്‍ത്തി വിമതഎംഎല്‍എമാരെ നേരിടാനുള്ള സാധ്യതകളും കോണ്‍ഗ്രസ് പരിശോധിക്കുന്നുണ്ട്. രാജിവച്ച എംഎല്‍എമാര്‍ കൂറുമാറിയതായി സ്പീക്കര്‍ പ്രഖ്യപിച്ചാല്‍ ഇവര്‍ അയോഗ്യരാവും. ഇതോടെ അടുത്ത ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ സാധിക്കില്ല. ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയ എംഎല്‍എമാരെ പിന്തിരിപ്പിക്കാനുള്ള ശ്രമവും അറ്റകൈക്ക് കോണ്‍ഗ്രസ് നടത്തിയേക്കും.

Next Story

RELATED STORIES

Share it