Big stories

മൂന്നാം ഘട്ട വ്യാപനം തടയുന്നതിന് പിന്തുണ അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയ പ്രാഥമിക സൗകര്യങ്ങളൊരുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും ഇടപെടല്‍ ഉണ്ടാകണം

മൂന്നാം ഘട്ട വ്യാപനം തടയുന്നതിന് പിന്തുണ അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി
X

തിരുവനന്തപുരം: കൊവിഡ് 19 മൂന്നാം ഘട്ട വ്യാപനം തടയുന്നതിന് എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി. ജനപ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിലാണ് മുഖ്യമന്ത്രി പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഓര്‍മിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയ പ്രാഥമിക കാര്യങ്ങള്‍ക്കടക്കം സൗകര്യങ്ങളൊരുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും ഇടപെടല്‍ ഉണ്ടാകണമെന്നും നിരീക്ഷണത്തിലുള്ളവരുടെ സാധാരണ ജീവിതം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയന്ത്രണങ്ങള്‍ ചെറിയ പ്രയാസങ്ങള്‍ ഉണ്ടാക്കിയേക്കാം. വിവാഹവും ഉല്‍സവവും മറ്റു പരിപാടികളും ആളുകളുടെ പങ്കാളിത്തം ചുരുക്കി നടത്താന്‍ തീരുമാനിച്ചതിന്റെ ഭാഗമായി വിവാഹങ്ങളും പൊതുപരിപാടികളും മാറ്റിവച്ചിട്ടുണ്ട്. വിവാഹ മണ്ഡപങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ചു നല്‍കാതിരിക്കുന്നത് ന്യായീകരിക്കാനാവില്ല. സാഹചര്യത്തിന്റെ പ്രത്യേകത മനസ്സിലാക്കി പണം തിരികെ നല്‍കുന്ന കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലും ആവശ്യമാണ്.

ഭക്ഷ്യ സാധനങ്ങളുടെ ലഭ്യതയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍ തെറ്റായ പ്രവണതകള്‍ ഇല്ലാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. മരുന്നുകളുടെയും പ്രതിരോധ സാമഗ്രികളുടെയും ലഭ്യതയും സര്‍ക്കാര്‍ ഉറപ്പുവരുത്തും.

അതിഥി തൊഴിലാളികള്‍ക്ക് തൊഴിലില്ലാത്ത അവസ്ഥയാണ്. ഇതോടെ കവലകളില്‍ കൂട്ടംകൂടുന്ന സാഹചര്യമുണ്ട്. രോഗവ്യാപനം തടയാന്‍ അവരെ ബോധവത്കരിക്കണം. അതിനായി തദ്ദേശ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണം. അതിഥി തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവരിലെല്ലാം പ്രത്യേക ശ്രദ്ധയും ബോധവത്കരണവും വേണം. വയോജനങ്ങളുടെ സംരക്ഷണത്തിലും സാന്ത്വന ചികിത്സയിലുള്ളവരുടെ സംരക്ഷണത്തിലും വലിയ കരുതല്‍ വേണം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍ പ്രത്യേക ബോധവത്കരണം വേണം. വൈറസ് വ്യാപനം ചെറുക്കാന്‍ ബ്രേക് ദ ചെയിന്‍ എന്ന പരിപാടി നടപ്പാക്കുന്നുണ്ട്.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ ചിലര്‍ക്ക് കൗണ്‍സലിങ് ആവശ്യമായി വരും. അവര്‍ക്ക് ഡോക്ടര്‍മാരെ ബന്ധപ്പെടാന്‍ സൗകര്യമൊരുക്കുന്നുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ വിലയിരുത്തി ഇടപെടുക എന്നത് ഏറ്റവും പ്രധാനമാണ്. അരോഗ്യ വകുപ്പ് സംഘം ഇവരുമായി ബന്ധപ്പെടണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. വിദേശ ടൂറിസ്റ്റുകളോട് മോശമായി പെരുമാറുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ ആരോഗ്യകരമായ സമീപനം സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it