Big stories

വാക്‌സിന്‍: കേന്ദ്രത്തെ കാത്തുനില്‍ക്കില്ലെന്ന് മുഖ്യമന്ത്രി

വാക്‌സിന്‍ കമ്പനികളുമായി ഉള്‍പ്പെടെ ചര്‍ച്ച നടത്തുകയാണ്. ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവര്‍ ആലോചിച്ച് വാക്‌സിന് ഓര്‍ഡര്‍ കൊടുക്കാന്‍ നടപടി എടുക്കും. മുഖ്യമന്ത്രി അറിയിച്ചു.

വാക്‌സിന്‍: കേന്ദ്രത്തെ കാത്തുനില്‍ക്കില്ലെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: വാക്‌സിന്‍ കേന്ദ്രത്തില്‍നിന്ന് കിട്ടുന്നതിനു മാത്രമായി കാത്തുനില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ ലഭ്യമാക്കാന്‍ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ പെട്ടെന്നു തന്നെ തീരുമാനം സംസ്ഥാനം പ്രതീക്ഷിക്കുകയാണ്. പക്ഷെ കേന്ദ്രത്തില്‍നിന്ന് കിട്ടുന്നതിനു മാത്രമായി കാത്തുനില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല.

കേന്ദ്രത്തിന്റെ നേരത്തെയുള്ള വാക്‌സിന്‍ നയത്തിന്റെ അടിസ്ഥാനത്തില്‍ വാക്‌സിന്‍ വാങ്ങുക മാത്രമേ നമുക്ക് നിര്‍വാഹമുള്ളൂ. അതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. വാക്‌സിന്‍ കമ്പനികളുമായി ഉള്‍പ്പെടെ ചര്‍ച്ച നടത്തുകയാണ്. ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവര്‍ ആലോചിച്ച് വാക്‌സിന് ഓര്‍ഡര്‍ കൊടുക്കാന്‍ നടപടി എടുക്കും. മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെയുള്ളതില്‍ ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് ഇന്ന്. 1,35,177 പേരെ ടെസ്റ്റ് ചെയ്തതതില്‍ 26,995 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 28 ആണ്. 1,56,226 പേരാണ് സംസ്ഥാനത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഓരോ ദിവസവും രോഗബാധിതരുടെ എണ്ണം വലിയതോതില്‍ വര്‍ധിക്കുകയാണ്.

വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ചിലയിടത്ത് ആള്‍ക്കൂട്ടമുണ്ടാകുന്നുണ്ട്. വാക്‌സിനേഷനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പത്തിന്റെ സാഹചര്യമില്ല. ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ മാത്രമേ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പോയി വാക്‌സിനെടുക്കാന്‍ കഴിയൂ. നിലവില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ പൊതുധാരണ ആയിട്ടുണ്ട്.

രണ്ടാമത്തെ ഡോസ് എടുക്കാനെത്തുന്നവര്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. വാക്‌സിന്റെ ലഭ്യത അടിസ്ഥാനമാക്കി വാക്‌സിനേഷന്‍ സെഷനുകള്‍ ക്രമീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

18 വയസ്സ് മുതല്‍ 45 വയസ്സ് വരെയുള്ളവര്‍ക്ക് ഒന്നാം തീയതി മുതല്‍ വാക്‌സിന്‍ കൊടുക്കും എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്. ഈ ഗണത്തില്‍ 1.65 കോടി പേര്‍ സംസ്ഥാനത്ത് വരും. അതിനാല്‍ത്തന്നെ വാക്‌സിന്‍ നല്‍കുന്നതില്‍ ക്രമീകരണം കൊണ്ടുവരേണ്ടിവരും. അനാവശ്യ ആശയക്കുഴപ്പം ഒഴിവാക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കും. രണ്ടോ മൂന്നോ ഘട്ടമായി വാക്‌സിന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അസുഖമുള്ളവരാണെങ്കില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കും. ഇക്കാര്യം പഠിച്ച് ഉടന്‍തന്നെ മാനദണ്ഡം ഉണ്ടാക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി.

രോഗം സ്ഥിരീകരിക്കുന്നവരുമായുള്ള സമ്പര്‍ക്ക പട്ടിക കൃത്യമായി രേഖപ്പെടുത്തുകയും അതില്‍ ഉള്‍പ്പെടുന്നവരെ ഐസൊലേറ്റ് ചെയ്യുകയും വേണം എന്ന് ആവര്‍ത്തിച്ച് നിര്‍ദേശിച്ചിട്ടുണ്ട്. പിഎച്ച്‌സികളുടെ നേതൃത്തില്‍ തദ്ദേശ സ്ഥാപന വാര്‍ഡ് തലത്തില്‍ ഇതിനായി ദ്രുതകര്‍മ സംഘം പ്രവര്‍ത്തിക്കുണ്ട്. അടിയന്തര സാഹചര്യം പരിഗണിച്ച് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ സഹായിക്കാന്‍ അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന് തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഒരു വാര്‍ഡില്‍ അഞ്ച് അധ്യാപകരെ വീതം ഈ ജോലിക്കായി നിയോഗിച്ചു. മുനിസിപ്പല്‍ ഡിവിഷനുകളില്‍ രണ്ടും പഞ്ചായത്ത് വാര്‍ഡില്‍ ഒന്നും അധ്യാപകര്‍ വീതം ഈ ജോലിയില്‍ ഏര്‍പ്പെടും.

രോഗികള്‍ ക്രമാതീതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയെ രണ്ടു സെക്ടറുകളായി തിരിച്ച് ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സുകള്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കോട്ടയം ജില്ലയില്‍ സമീപ ദിവസങ്ങളില്‍ ഏറെപ്പേര്‍ക്കും കുടുംബത്തില്‍ നിന്നുതന്നെയോ ചടങ്ങുകളില്‍ പങ്കെടുത്തതിനെത്തുടര്‍ന്നോ ആണ് വൈറസ് ബാധിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവിലുള്ള എട്ടു ക്ലസ്റ്ററുകളില്‍ നാലിലും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തര്‍ക്കോ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കോ ആണ് രോഗം ബാധിച്ചത്.

പ്രതിദിന രോഗസ്ഥിരീകരണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും എറണാകുളത്ത് കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഏര്‍പ്പെടുത്തിയ അധിക നിയന്ത്രണങ്ങള്‍ ഫലപ്രദമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തും. ജില്ലയില്‍ നിലവില്‍ 551 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. നാല് പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും കണ്ടെയ്ന്‍മെന്റ് സോണുകളാണ്.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പുറത്തുനിന്ന് ജോലിക്കെത്തുന്നവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജോലി ചെയ്യുന്നുവെന്ന് തൊഴിലുടമ ഉറപ്പാക്കണം. വ്യവസായ സ്ഥാപനങ്ങളില്‍ തന്നെ തൊഴിലാളികള്‍ക്ക് ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കണം. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ കച്ചവടം നടത്തുന്ന വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കും. ഇതിനായി പൊലീസിന്റെ പരിശോധന കര്‍ശനമാക്കും.

അതിഥി തൊഴിലാളികള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്നതിന് ചിലര്‍ വ്യാജ പ്രചാരണം നടത്തുന്നുണ്ട്. ഇതിനെതിരേയും കര്‍ശന നടപടിയുണ്ടാകും. അതിഥി തൊഴിലാളികളുടെ സംശയങ്ങള്‍ ദുരീകരിക്കുന്നതിനായി വിവിധ ഭാഷകള്‍ സംസാരിക്കുന്ന സംഘത്തെ ഉള്‍പ്പെടുത്തി ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം എറണാകുളം ജില്ലയില്‍ തുറക്കും.

തൃശൂര്‍ പൂരം മാതൃകാപരമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൊതുജനങ്ങളെ പങ്കെടുപ്പിക്കാതെ നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പൂരം ചടങ്ങുകളില്‍ പങ്കെടുക്കുന്ന സംഘാടകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമായി സര്‍ക്കാര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയിരുന്നു. ശക്തമായ പോലിസ് സുരക്ഷയിലായിരിക്കും തൃശൂര്‍ പൂരം. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവവും പാവറട്ടി പള്ളി പെരുന്നാളും റദ്ദാക്കി. കൂട്ടംകൂടാതെ നോമ്പ്തുറ നടത്താനുള്ള നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.

ചികിത്സാ സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പിഎംഎസ്എസവൈ ബ്ലോക്ക് കോവിഡ് ആശുപത്രിയാക്കി. എട്ട് വാര്‍ഡുകളിലായി 160 കിടക്കകളാണ് ഇവിടെയുള്ളത്. ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളില്‍ വന്ന 12 ഗ്രാമപഞ്ചായത്തുകളില്‍ 144 പ്രഖ്യാപിച്ച് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്.

വയനാട് ജില്ലയിലെ അതിര്‍ത്തികളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് സേവനം ഉറപ്പാക്കാന്‍ ചെക്‌പോസ്റ്റുകളോട് ചേര്‍ന്ന് ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുറന്നു. ഇവിടങ്ങളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നതിനാവശ്യമായ കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ ക്വാറന്റീന്‍ നിരീക്ഷിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ റവന്യു, പൊലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സ്‌പെഷ്യല്‍ ടീമുകള്‍ രൂപീകരിച്ചു. ക്വാറന്റീന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിന് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും പ്രവര്‍ത്തിക്കുന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനം ആരംഭിക്കാനും നടപടി ആയി.

പത്തനംതിട്ട ജില്ലയില്‍ നഗര പ്രദേശങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും ഒരുപോലെ വലിയതോതില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തിരുവല്ല മുന്‍സിപ്പാലിറ്റി, പത്തനംതിട്ട മുനിസിപ്പാലിറ്റി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതരമായ കോവിഡ് രോഗികളെ ചികില്‍സിക്കാന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ഐസിയു ഉള്‍പ്പെടെ സജ്ജമാക്കിയിട്ടുണ്ട്.

പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും റാന്നി മേനാംതോട്ടം ആശുപത്രി ഹോസ്റ്റലിലും രണ്ട് സിഎഫ്എല്‍ടിസി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. രോഗവ്യാപനം കൂടുതലുള്ള ഗ്രാമപഞ്ചായത്തുകളില്‍ ഡൊമിസിലിയറി കെയര്‍ സെന്റര്‍ തുടങ്ങും.

കൊവിഡ് ഇതര രോഗങ്ങളുടെ ചികിത്സയും ശസ്ത്രക്രിയകളും ക്രമപ്പെടുത്തി വരുന്ന ഘട്ടമായിരുന്നു ഇത്. രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ മിക്ക ആശുപത്രികളും വീണ്ടും കോവിഡ് ആശുപത്രികളായി മാറുകയാണ്. കോവിഡ് പ്രാധാന്യം കുറക്കാതെ മറ്റ് രോഗികളെയും ശ്രദ്ധിക്കാനാകണം. മറ്റു ചികിത്സാ സൗകര്യങ്ങള്‍ ഇല്ലാതാക്കരുത്. മാറ്റിവെച്ച ശസ്ത്രക്രിയ ഉള്‍പ്പെടെ ഇപ്പോള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നവരാണ് പലരും. അത്തരം ചികിത്സ കൂടി തുടരാന്‍ ഉള്ള ക്രമീകരണം കൂടി ഏര്‍പ്പെടുത്തും. ജില്ലാ കലക്ടര്‍മാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇത് നടത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് അതാത് ഇടങ്ങളിലെ സൗകര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്.

സ്വകാര്യ ആശുപത്രികള്‍ വ്യത്യസ്ത നിരക്കുകള്‍ കോവിഡ് ചികിത്സയ്ക്ക് ഈടാക്കുന്നതായി പരാതി ലഭിക്കുന്നുണ്ട്. വലിയ അന്തരമാണ് കാണുന്നത്. 2300 രൂപ മുതല്‍ മുതല്‍ 20,000 രൂപ വരെ പലയിടത്തും ഒരു ദിവസത്തെ ചികിത്സയ്ക്ക് മാത്രം ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ക്രമീകരിക്കാന്‍ ജില്ലാഭരണാധികാരികള്‍ ഇടപെടണം.

കോവിഡ് അവസരമായി കണ്ട് അമിതചാര്‍ജ് അപൂര്‍വ്വം ചിലരെങ്കിലും ഈടാക്കുന്നു എന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്. സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ചികിത്സ നടത്തണം. എന്നാല്‍, ന്യായമായ നിരക്കായിരിക്കണം ഈടാക്കുന്നത്. സംസ്ഥാനതലത്തില്‍ ഈടാക്കേണ്ട തുകയെക്കുറിച്ച് ധാരണ ഉണ്ടാക്കും. സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം ശനിയാഴ്ച വിളിച്ചു ചേര്‍ക്കുന്നുണ്ട്. ഈ വിഷയവും അവിടെ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ആശുപത്രികളില്‍ ജീവനക്കാരുടെ കുറവ് ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

വാക്‌സിന്‍

ആദ്യത്തെ ഡോസ് വാക്‌സിനെടുത്തവര്‍ രണ്ടാമത്തെ ഡോസ് വല്ലാതെ വൈകിപ്പോകുമോ, അല്ലെങ്കില്‍ ലഭിക്കാതെ പോകുമോ, എന്ന് ആശങ്കപ്പെടുന്നുണ്ട്. വാക്‌സിനേഷന്‍ സെന്ററുകളിലെ തിരക്കിന് അത് കാരണമാകുന്നു. അത്തരത്തിലുള്ള ആശങ്ക ഉണ്ടാകേണ്ടതില്ല.

കേരളത്തില്‍ ഭൂരിപക്ഷം ആളുകള്‍ക്കും നല്‍കിയിട്ടുള്ളത് കോവിഷീല്‍ഡ് വാക്‌സിനാണ്. ആ വാക്‌സിന്റെ രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകുന്നതില്‍ കുഴപ്പമില്ലെന്നും, അത്രയും വൈകി രണ്ടാമത്തെ ഡോസ് എടുക്കുന്നതാണ് ഗുണപ്രദമെന്നുമാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ആദ്യത്തെ ഡോസ് ലഭിച്ചവര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക്കൂട്ടേണ്ടതില്ല. മറിച്ചുള്ള ആശങ്കകള്‍ അടിസ്ഥാനരഹിതമാണ്.

'കൊവിഡ് വാക്‌സിന്‍ എടുത്തയാളുകള്‍ക്കും രോഗബാധ ഉണ്ടാകുന്നണ്ടല്ലോ, അതുകൊണ്ട് വാക്‌സിനേഷന്‍ എടുക്കേണ്ടതുണ്ടോ' എന്ന ഒരു സംശയം ചിലരില്‍ ഉണ്ടാകുന്നുണ്ട്. 'ബ്രെയ്ക് ത്രൂ ഇന്‍ഫെക്ഷന്‍' എന്ന ഈ പ്രതിഭാസം കോവിഡ് വാക്‌സിനുകളുടെ കാര്യത്തില്‍ മാത്രമുള്ളതല്ല. വാക്‌സിനെടുത്താലും അപൂര്‍വം ചിലര്‍ക്ക് രോഗം വരാം.

വാക്‌സിനുകള്‍ രോഗം വരാനുള്ള സാധ്യത 70 മുതല്‍ 80 ശതമാനം വരേയും, ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകാന്‍ ഉള്ള സാധ്യത 95 ശതമാനം വരെയും കുറയ്ക്കുന്നു. മരണമുണ്ടാകാനുള്ള സാധ്യത ഏറെക്കുറെ പൂര്‍ണമായി ഇല്ലാതാക്കുകയും ചെയ്യുന്നു. വാക്‌സിനെടുത്ത ഒരാള്‍ക്ക് കൊവിഡ് പിടിപെട്ടാല്‍, വാക്‌സിനെടുക്കാത്ത ആളെ അപേക്ഷിച്ച് മരണസാധ്യത വളരെയധികം കുറവായിരിക്കും.

ഇന്ത്യയില്‍ ഇതുവരെ നടന്ന കോവിഡ് വാക്‌സിനേഷന്‍ ഐസിഎംആര്‍ പഠനവിധേയമാക്കിയപ്പോള്‍ 10,000ല്‍ 4 പേര്‍ക്ക് എന്ന നിരക്കില്‍ മാത്രമാണ് ബ്രെയ്ക് ത്രൂ ഇന്‍ഫെക്ഷന്‍ ഉണ്ടായതായി കണ്ടെത്തിയത്. ഇതില്‍ നിന്നും വാക്‌സിന്‍ സുരക്ഷിതമാണ് എന്നു മനസ്സിലാക്കാം. ലഭ്യമാകുന്ന മുറയ്ക്ക് മടികൂടാതെ വാക്‌സിന്‍ സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാകണം.

അതേസമയം വാക്‌സിനെടുത്തെന്ന ആത്മവിശ്വാസത്തോടെ ശ്രദ്ധയില്ലാതെ നടന്നാല്‍ രോഗം പിടിപെട്ടേക്കാം. ഗുരുതരമായ രോഗാവസ്ഥയുണ്ടാകാനുള്ള സാധ്യത കുറവാണെങ്കിലും രോഗം പകര്‍ത്താന്‍ അവര്‍ക്കു സാധിക്കുകയും ചെയ്യും. സമൂഹത്തില്‍ ഭൂരിഭാഗം പേര്‍ക്കും വാക്‌സിന്‍ ലഭിക്കുന്ന ഘട്ടം വരെ നമ്മള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജീവിക്കാന്‍ നിര്‍ബന്ധിതരാണ്. ആ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടു മാത്രമേ മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളു.

മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 28,606 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. കൊല്ലം സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ എടുത്തത്; 4896 എണ്ണം. ഏറ്റവും കുറവ് കണ്ണൂര്‍ സിറ്റിയിലും കണ്ണൂര്‍ റൂറലിലുമാണ്; 201 വീതം. സാമൂഹിക അകലം പാലിക്കാത്തതിന് 9782 കേസുകള്‍ ഇന്ന് രജിസ്റ്റര്‍ ചെയ്തു.

വീടിനുപുറത്തിറങ്ങുന്ന എല്ലാവരും ശരിയായ വിധത്തില്‍ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കണം. കാറിലും മറ്റും യാത്രചെയ്യുന്നവരും കൃത്യമായി മാസ്‌ക് ധരിക്കേണ്ടതാണ്. ഒരാള്‍ മാത്രമാണ് കാറില്‍ യാത്ര ചെയ്യുന്നതെങ്കില്‍ പോലും മാസ്‌ക് ഒഴിവാക്കാന്‍ പാടില്ല. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ പോലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വാക്‌സിന്‍ വിതരണകേന്ദ്രങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നതും നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളില്‍ ആവശ്യത്തിന് പൊലീസിനെ നിയോഗിക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആരോഗ്യപ്രവര്‍ത്തകര്‍

കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരുടെ ആത്മാര്‍ഥതയും കഠിനാധ്വാനവുമാണ് ഈ സന്ദര്‍ഭത്തില്‍ നമ്മുടെ കരുത്തായി മാറുന്നത്. ഏകദേശം ഒന്നര ലക്ഷം കോവിഡ് രോഗികളേയാണ് ഇപ്പോള്‍ നമ്മള്‍ ചികിത്സിക്കുന്നത്. ഒരു ലക്ഷത്തില്‍ കൂടുതല്‍ ടെസ്റ്റുകള്‍ ഒരു ദിവസം ചെയ്യുന്നുണ്ട്. രണ്ടു ലക്ഷത്തില്‍ കൂടുതല്‍ വാക്‌സിനുകള്‍ ഒരു ദിവസം നല്‍കാനും ശ്രമിക്കുന്നു.

ഇങ്ങനെ നോക്കിയാല്‍ ഏകദേശം 5 ലക്ഷം ആളുകള്‍ക്ക് കോവിഡുമായി ബന്ധപ്പെട്ട് മാത്രം നമ്മുടെ ആരോഗ്യ സംവിധാനം സേവനം നല്‍കുകയാണ്. ഇത്തരത്തില്‍ അതിശക്തമായ സമ്മര്‍ദ്ദവും ജോലി ഭാരവുമാണ് ആരോഗ്യസംവിധാനത്തിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഉള്ളത്. സമൂഹം ഇതു മനസ്സിലാക്കുകയും അവരുടെ ഉത്തരവാദിത്വങ്ങളോട് ഏറ്റവും മികച്ച രീതിയില്‍ സഹകരിക്കാന്‍ തയ്യാറാകുകയും വേണം.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കാനും, ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും വേണ്ടിയാണ് നമ്മള്‍ കോവിഡ് ബ്രിഗേഡ് രൂപീകരിച്ചത്. അതു മുഖാന്തരം 13,000ലധികം ആളുകള്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇതുവരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ രോഗവ്യാപന ഘട്ടത്തില്‍ പ്രദര്‍ശിപ്പിച്ച സന്നദ്ധതയോടെ കൂടുതല്‍ ആളുകള്‍ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകണം എന്ന് അഭ്യര്‍ത്ഥിക്കുകയാണ്. നിലവില്‍ രോഗവ്യാപനം വീണ്ടും ശക്തമായ സാഹചര്യത്തില്‍ നാടിന്റെ സുരക്ഷയ്ക്കായി കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സര്‍വകക്ഷിയോഗം

കൊവിഡ് രണ്ടാം വരവിന്റെ പശ്ചാത്തലത്തില്‍ വരും നാളുകളില്‍ സ്വീകരിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഏപ്രില്‍ 26ന് തിങ്കളാഴ്ച രാവിലെ 11.30ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് യോഗം ചേരുന്നത്.

Next Story

RELATED STORIES

Share it