Big stories

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം; യുപിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 18 ആയി, 705 പേര്‍ അറസ്റ്റില്‍, 5000 പേര്‍ കസ്റ്റഡിയില്‍

വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് എട്ട് വയസുള്ള ബാലന്‍ ഉള്‍പ്പെടെ 18 പേര്‍ക്കാണ് ജീവഹാനി നേരിട്ടത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം; യുപിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 18 ആയി, 705 പേര്‍ അറസ്റ്റില്‍, 5000 പേര്‍ കസ്റ്റഡിയില്‍
X

ലക്‌നോ: വിവാദമായ പൗരത്വ (ഭേദഗതി) നിയമത്തെ ചൊല്ലി ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങള്‍ കത്തിയെരിയുമ്പോള്‍ സംസ്ഥാനത്ത് പോലിസ് നടപടിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 18 ആയി. വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് എട്ട് വയസുള്ള ബാലന്‍ ഉള്‍പ്പെടെ 18 പേര്‍ക്കാണ് ജീവഹാനി നേരിട്ടത്.

ആകെ 5,400 പേരെ ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 705 പേരെ അറസ്റ്റ് ചെയ്യുകയും ജയിലിലേക്കയക്കുകയും ചെയ്തു. 250 പ്രക്ഷോഭകര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്താനാണ് സര്‍ക്കാര്‍ നീക്കം. ശനിയാഴ്ച പ്രതിഷേധങ്ങള്‍ക്കിടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട കാണ്‍പൂരില്‍ യതിംഖാന പോലിസ് പോസ്റ്റ് കത്തിക്കുകയും കല്ലേറ് ഉണ്ടാവുകയും ചെയ്തു. സംഭവത്തില്‍ പോലിസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

യുപിയില്‍ 269 ഓളം പോലിസുകാര്‍ക്ക് പരിക്കേറ്റതായും 57 പേര്‍ക്ക് വെടിയേറ്റതായും പോലിസ് വൃത്തങ്ങള്‍ അവകാശപ്പെട്ടു.405 നാടന്‍ റിവോള്‍വറുകളും പിസ്റ്റളുകളും പിടിച്ചെടുത്തതായും പോലിസ് അവകാശപ്പെട്ടു.

സമരക്കാര്‍ക്കു നേരെ പോലിസ് നരനായാട്ട്

പ്രതിഷേധത്തെ യുപി പോലിസ് ശക്തമായി അടിച്ചമര്‍ത്തുകയാണ്. സാമൂഹിക പ്രവര്‍ത്തകരായ ദീപക് കബീര്‍ എന്ന ദീപക് മിശ്ര, എസ് ആര്‍ ദര്‍പുരി തുടങ്ങിയവര്‍ അറസ്റ്റിലായ പ്രമുഖരില്‍ ചിലര്‍ മാത്രമാണ്. കലാപ ശ്രമം ഉല്‍പ്പെടെ വിവിധ കുറ്റങ്ങള്‍ ചുമത്തി 60 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയ കടുത്ത നിരീക്ഷണത്തില്‍

ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ കടുത്ത നിരീക്ഷണത്തിലാണ് അധികൃതര്‍ പറഞ്ഞു. 13,000 ത്തിലധികം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പോലിസ് കര്‍ശന നിരീക്ഷണം നടത്തി വരികയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അക്രമത്തിന് പ്രേരിപ്പിച്ചതിന് നൂറിലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലിസ് അറിയിച്ചു. സ്‌കൂളുകളും കോളജുകളും അടഞ്ഞുകിടക്കുകയാണ്. സംസ്ഥാനത്തെ 21 ജില്ലകളില്‍ തിങ്കളാഴ്ച വരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള വിലക്ക് തുടരും.

സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ടീമുകളെ സജ്ജമാക്കുന്നു

സംഘര്‍ഷം പടരുന്നതിനിടെ, അക്രമികളെന്ന് കണ്ടെത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിന് നാലംഗങ്ങള്‍ വീതമുള്ള സംഘങ്ങള്‍ രൂപീകരിക്കാന്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്ത് പ്രതിഷേധത്തിനിടെ ഉണ്ടായ പൊതു, സ്വകാര്യ സ്വത്തുക്കളുടെ നാശനഷ്ടം സമിതി പരിശോധിക്കും. പ്രതിഷേധത്തില്‍ പങ്കെടുത്ത കലാപകാരികളുടെ സ്വത്തുക്കള്‍ കണ്ടെത്തി മുദ്രവയ്ക്കുന്ന പ്രക്രിയ ആരംഭിച്ചതായി യുപി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അലിഗഢ് വീണ്ടും പ്രക്ഷോഭ ചൂടിലേക്ക്

നാലു ദിവസത്തെ ഇടവേളയ്ക്കു ശേഷം അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി കാമ്പസ് വീണ്ടും പ്രക്ഷോഭ ചൂടിലേക്ക്. പൗരത്വ ഭേദഗതി ബില്ലിനും കാംപസിലെ പോലിസ് അതിക്രമത്തിനും എതിരേ പ്രതിഷേധിക്കുന്ന അധ്യാപക അസോസിയേഷനുമായി നൂറു കണക്കിന് അധ്യാപകേതര ജീവനക്കാരും കൈ കോര്‍ത്തിരിക്കുകയാണ്. ഡിസംബര്‍ 15, 16 തീയതികളില്‍ കാമ്പസില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്താന്‍ എഎംയു ഏകാംഗ ജുഡീഷ്യല്‍ പാനല്‍ രൂപീകരിച്ചിട്ടുണ്ട്.

പ്രതിഷേധക്കാര്‍ മരിച്ചത് നാടന്‍ തോക്കില്‍നിന്നുള്ള വെടിയേറ്റെന്ന് പോലിസ്

പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടത് നാടന്‍ തോക്കില്‍നിന്നുള്ള വെടിയാറ്റാണെന്ന് യുപി പോലിസ് അവകാശപ്പെട്ടു. സ്ത്രീകളെയും കുട്ടികളെയും പ്രതിഷേധക്കാര്‍ കവചമായി ഉപയോഗിച്ചെന്നും ഡയറക്ടര്‍ ജനറല്‍ ഒ പി സിംഗ് അവകാശപ്പെട്ടു. പോലീസ് വെടിവയ്പ്പ് നടത്തിയിട്ടില്ലെന്നും പ്രതിഷേധക്കാര്‍ തമ്മിലുള്ള വെടിവയ്പിലാണ് ആളുകള്‍ കൊല്ലപ്പെട്ടതെന്നും ഇദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, കാണ്‍പൂരില്‍ പോലിസുകാരന്‍ പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ഭാദോഹി, ബഹ്‌റൈച്ച്, അമ്രോഹ, ഫാറൂഖാബാദ്, ഗാസിയാബാദ്, വാരണാസി, മുസാഫര്‍നഗര്‍, സഹാറന്‍പൂര്‍, ഹാപൂര്‍, ഹാത്രാസ്, ബുലന്ദഷാര്‍, ഹാമിര്‍പൂര്‍, മഹോബ ജില്ലകളിലാണ് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം പോലിസുമായി ഏറ്റുമുട്ടലുണ്ടായത്.

Next Story

RELATED STORIES

Share it